Follow Us On

15

January

2025

Wednesday

പൊളിച്ചെഴുതേണ്ട മാധ്യമ സംസ്‌കാരം

പൊളിച്ചെഴുതേണ്ട  മാധ്യമ സംസ്‌കാരം

 ഫാ. ജെയ്‌സണ്‍ ഇഞ്ചത്താനത്ത് സിഎസ്ടി

പത്തുപേര്‍ കൂട്ടംകൂടി പറയുന്ന കള്ളത്തെ പതിനൊന്നാമന്‍ സത്യമെന്നു വിശ്വസിക്കേണ്ട അവസ്ഥയിലേക്ക് ഇന്ന് അഭിനവ മാധ്യമ സംസ്‌കാരം മാറിയിരിക്കുന്നു. സത്യത്തെയും ധര്‍മത്തെയും ചിറകുകളാക്കി പൊതുജനത്തിന് തണലേകേണ്ട, സത്യം വിളിച്ചു പറയേണ്ട മാധ്യമങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെയും സത്യമാണെന്നു ജനത്തിന്മേല്‍ അടിച്ചേല്‍പിക്കുകയല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പറയേണ്ടതും അറിയിക്കേണ്ടതും സത്യമാണെന്നറിഞ്ഞിട്ടും തങ്ങള്‍ക്കിഷ്ടമുള്ള വര്‍ണക്കടലാസില്‍ പൊതിഞ്ഞു ജനത്തിനുമുന്നില്‍ എത്തിക്കാനാണ് മാധ്യമങ്ങള്‍ പലപ്പോഴും ശ്രമിക്കുന്നത്.
രാജാവ് നഗ്നനാണ് എന്ന് പറയാന്‍ ധൈര്യവും ആര്‍ജവും ഉള്ള എത്ര ചാനലുകള്‍ കേരളത്തിലുണ്ട്? എവിടെയെങ്കിലും പിച്ചിച്ചീന്തപ്പെടുന്ന ജീവിതങ്ങളെപ്പറ്റി വാതോരാതെ പറയാനും, തങ്ങളുടെ പാര്‍ട്ടിക്കൊടിയുടെ തണലില്‍ ഇരുന്ന് എന്തും വിളിച്ചുപറയാനും ഇന്നത്തെ നേതാക്കന്മാര്‍ക്ക് മടിയില്ല. അന്തിച്ചര്‍ച്ചകളില്‍ വന്നിരുന്നു പറയുന്നതെല്ലാം വാസ്തവമാണെന്ന് എത്രപേര്‍ക്ക് നെഞ്ചില്‍ കൈവെച്ചു പറയാനാകും?

സ്വയംപ്രഖ്യാപിത സത്യാന്വേഷികള്‍
കോവിഡ്കാലത്ത് ഉടലെടുത്ത ഒരുപാട് സ്വയംപ്രഖ്യാപിത സത്യാന്വേഷികളുടെ വക പടച്ചുവിടുന്ന വാര്‍ത്തകള്‍ കേട്ട് ഉണരുന്ന ഇന്നത്തെ ഒരു സാധാരണ മലയാളി കഴിക്കേണ്ടിവരുന്ന രക്തസമ്മര്‍ദത്തിന്റെ ഗുളികയുടെ ബില്ലടക്കേണ്ടത് ചില വന്‍കിട മാധ്യമ മുതലാളിമാരാണ് എന്നുവരെ പറയേണ്ടിവരും. അറിയേണ്ടത് മാത്രം അറിഞ്ഞാല്‍ മതി എന്നൊരു ചിന്ത മലയാളികള്‍ക്ക് ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിന്ന് അതങ്ങനെയല്ല, എല്ലാം അറിയണം. എല്ലാവരുടെയും വിശേഷവും അറിയണം. അതില്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹവും ആകാംക്ഷയും മറ്റുള്ളവരുടെ കഷ്ടപ്പാടും ഇല്ലായ്മയും ലോകത്തിലെ ദുരന്ത വാര്‍ത്തകളും.
വലിയ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വീട്ടിലേക്ക് ഇടിച്ചുകയറി പടംപിടിക്കാ നും ഒരു ദയയും ഇ ല്ലാതെ ചോദ്യം ചോദിക്കാനും മത്സരിച്ച് ആദ്യം ഓടിയെത്തുന്ന ചാനല്‍ പ്രതിനിധികളുടെ കാമറക്കണ്ണുകള്‍ക്ക് പണ്ട് കെവിന്‍ കാ ര്‍ട്ടര്‍ 1993 ല്‍ ആഫ്രിക്കയില്‍ നിന്നും പ കര്‍ത്തിയ ചിത്രത്തിലെ കഴുകന്റെ കണ്ണിലെ അതേ തി ളക്കമാണ്. പട്ടിണികൊണ്ട് എല്ലും തോലുമായ മനുഷ്യക്കുഞ്ഞിനെ കൊത്തിവലിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന കഴുകന്റെയും വിശന്നു വലഞ്ഞു പട്ടിണിക്കോലമായ കുട്ടിയുടെയും ചിത്രമായിരുന്നു അത്.

സത്യത്തെ ജനത്തിന്റെ മുന്‍പില്‍ എത്തിക്കുന്നതിലും സന്തോഷം കിട്ടുന്നതും റേറ്റിംഗ് കൂടുതല്‍ കിട്ടുന്നതും ആരെങ്കിലും കൊത്തിവലിച്ച് സ്വീകരണ മുറികളില്‍ എത്തിക്കുമ്പോഴാണ് എന്ന അസഹനീയ മനഃശാസ്ത്രം നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. വാര്‍ത്തകളിലൂടെ ജനം സത്യം അറിയണമെന്നതില്‍നിന്നും തങ്ങള്‍ പറയുന്നതെന്തും സത്യമാണെന്നു ജനം വിശ്വസിക്കണം എന്ന തലത്തിലേക്ക് ‘പോസ്റ്റ് ട്രൂത്ത്’ മാധ്യമസംസ്‌കാരം എത്തിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു തരത്തില്‍ ചാനലുകളെ ഇത്തരത്തില്‍ ആക്കിത്തീര്‍ത്തത് ജനങ്ങള്‍തന്നെയാണ്. സ്വീകരണമുറിയില്‍ ഇരുന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഭവങ്ങള്‍ സത്യസന്ധമായി അറിയണം എന്നതില്‍നിന്നും അപരന്റെ സ്വകാര്യതയെ കൂടുതല്‍ അറിയണം എന്ന ചിന്തയില്‍നിന്നാണ് ഇതെല്ലാം ഉടലെടുത്തത് എന്ന് സമ്മതിച്ചേ പറ്റൂ. കൈവിട്ടുപോകുംമുമ്പ് ചില നീക്കുപോക്കുകള്‍കൊണ്ട് ഇതിനൊക്കെ ഒരു മാറ്റം വരുത്താവുന്നതേയുള്ളൂ.
എല്ലാ വാര്‍ത്തകളും പ്രധാനപ്പെട്ടവയല്ല, അതുപോലെ എല്ലാ വാര്‍ത്തകളും ഉപേക്ഷിക്കപ്പെടേണ്ടവയും അല്ല. വാര്‍ത്തകള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാനുള്ള മാധ്യമധര്‍മം നിര്‍വഹിക്കാന്‍ കഴിയാത്തവിധം നമ്മുടെ മാധ്യമങ്ങള്‍ പൂര്‍ണമായും അധഃപതിച്ചിട്ടില്ല. വാര്‍ത്തകളിലെ വളവും കുനിവും നിവര്‍ത്തിയും നികത്തിയും നേരോടെ സത്യം പറയാന്‍ ആര്‍ജവത്തോടെ ഇനിയും പരിശ്രമിക്കണം എന്നുമാത്രം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?