ഫാ. തോമസ് ആന്റണി പറമ്പി
”അപ്പനെന്താ വിളിക്കാതെ വന്നേ… അറിയിച്ചിരുന്നെങ്കില്‍ ഞാനെന്റെ യാത്ര ഒഴിവാക്കിയേനേ.” തന്നെ സന്ദര്‍ശിക്കാന്‍ വന്ന അപ്പനെ കണ്ടപ്പോള്‍ മകന്റെ അധരങ്ങളില്‍നിന്നും ആദ്യം വന്ന വാക്കുകള്‍. വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരുങ്ങിയിരുന്നേനെ എന്നതാണ് അതിന്റെ അര്‍ത്ഥമെന്ന് ഇതു വായിക്കുന്ന ആര്‍ക്കും മനസിലാകും. അപ്പനും അപ്പോയ്‌മെന്റ് എടുത്ത് ഉറപ്പാക്കിക്കൊണ്ടാണ് വരേണ്ടതെന്ന് മക്കള്‍ ആഗ്രഹിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നോര്‍ക്കണം. കാലമിതായതിനാല്‍ കര്‍ത്താവിനോടും ഹൃദയത്തില്‍ ഇതേ ആഗ്രഹംവച്ച് ജീവിക്കാന്‍ സാധ്യതയുണ്ട്.
ഒരിക്കല്‍ ഈശോയോട് ശിഷ്യര്‍ പറഞ്ഞത്: ”ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്ക് പറഞ്ഞുതരണമേ” (മത്തായി 24:3).
ഗുണത്തിലധികം അപകടം
വീട്ടുമുറ്റത്തെത്തിയ വികാരിയച്ചനെ കണ്ട് ധൃതിപ്പെട്ട് ചില വീടുകളില്‍ നടത്തിയ കാര്യങ്ങള്‍ കുറിക്കാം. വരാന്തയിലും മുറിയിലും കയറി കിടന്ന പൂച്ചയെയും പട്ടിക്കുഞ്ഞിനെയും ഓടിച്ചിറക്കുന്നു. കട്ടിലില്‍ കുന്നുകൂടിക്കിടന്ന വസ്ത്രങ്ങള്‍ക്കുമേല്‍ തുണി വിരിച്ചിടുന്നു. അടുക്കളയിലെ കറിക്കലങ്ങള്‍ മൂടിവയ്ക്കുന്നു. കൊച്ചിനെ വസ്ത്രം ധരിപ്പിക്കുന്നു. ഇതുപോലെ മറ്റുപല കാര്യങ്ങള്‍ ചെയ്തവരും അവ നിരീക്ഷിച്ചവരും വായനക്കാരില്‍ കാണും. അപ്പോഴെല്ലാം വീട്ടുകാര്‍ പറയാതെ പറയുന്ന പരാതി, ‘അപ്പോയ്‌മെന്റ് എടുക്കാതെ വന്നല്ലോ’ എന്നായിരിക്കും.
അപ്പോയ്‌മെന്റ് എടുക്കുമ്പോഴുള്ള മര്യാദയുടെ അംശവും അതുവഴി മാത്രം സന്ദര്‍ശനം നടത്തുമ്പോഴുള്ള മെച്ചവും നാമാരും നിഷേധിക്കേണ്ടതില്ല. മുറിയിലിരുന്ന് പരീക്ഷയ്ക്കു പഠിക്കുന്ന കുഞ്ഞുങ്ങളുടെ അടുത്തുവരാന്‍ മാതാപിതാക്കള്‍ അപ്പോയ്‌മെന്റ് എടുക്കണമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ഗുണത്തിലേറെ അപകടമായിരിക്കും വരുത്തുക. സ്‌നേഹവും സ്വാതന്ത്ര്യവും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍പോലെ നമ്മില്‍ നിലനിന്നാല്‍ ഭയത്തിനും ലജ്ജയ്ക്കും നാം അടിമകളാകില്ലെന്ന ശരിയും നമുക്കറിയാം.
നമ്മുടെ കാതുകള്‍ ഈശോയുടെ ഒരു ചോദ്യത്തിലേക്ക് തിരിക്കാം. ”തന്റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്?” (മത്തായി 24:45). ഭവനത്തില്‍ ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെ കാണുമെന്നതിനാല്‍ ഭക്ഷണം പല സമയത്തും പല രീതിയിലും മാത്രമല്ല, വിഭവങ്ങളും അളവുകളും വ്യത്യസ്തമായിരിക്കും. ഇവിടെ പറഞ്ഞിരിക്കുന്ന ”ഭക്ഷണം കൊടുക്കല്‍” എന്ന നിയോഗത്തിന് ഒരു ആത്മീയ വിശദീകരണം മനസില്‍ തോന്നുന്നത് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതും അവിടുത്തെ വചനം കൊടുക്കുന്നതുമാണ്. ഈശോ തന്റെ പരസ്യജീവിതകാലത്ത് അതിന് കൃത്യമായി മാതൃക നല്‍കി. സമരിയാക്കാരിക്കും അവളുടെ നാട്ടിലെ ജനങ്ങള്‍ക്കും വിശ്വാസത്തിന്റെ തൃപ്തിവരുവോളം വിശ്വസ്തനും വിവേകിയുമായ ഭൃത്യനെപ്പോലെ വ്യാപരിച്ച ഈശോയെ യോഹന്നാന്‍ വിവരിക്കുന്നിടത്ത് നാം വായിക്കുന്നു, ”എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം” (യോഹന്നാന്‍ 4:34).
സ്വന്തം അനുഭവം
മറ്റുള്ളവരുടെ ഉദാഹരണങ്ങളോടൊപ്പം സ്വന്തമായ ഒരനുഭവവും ചേര്‍ത്തുവയ്ക്കാനാഗ്രഹിക്കുന്നു. പാലക്കാട് രൂപതയുടെ പ്രഥമ ബിഷപ് ദിവംഗതനായ മാര്‍ ജോസഫ് ഇരിമ്പന്‍ പിതാവ് 1993 ലെ മഴക്കാലത്ത് ഒരു ഞായറാഴ്ച ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അട്ടപ്പാടിയിലെ ത്രിത്വമല പള്ളിമുറ്റത്ത് എത്തിയതാണ് കാര്യം. ”ഞാന്‍ വാഷ്‌റൂമില്‍ കയറിയിട്ടുവരാം, അച്ചന്‍ കുര്‍ബാനയ്ക്ക് ഒരുക്കിവച്ചോളൂ” എന്ന് പിതാവ് പറഞ്ഞപ്പോള്‍, മഴക്കാലമായതിനാല്‍ ബാത്ത്‌റൂമിന്റെ വാതില്‍ ശരിക്കും അടയില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നതിനുമുമ്പ് ‘സാരമില്ല, ഓഫീസ് മുറിയുടെ വാതില്‍ ചാരിയിട്ടാല്‍ മതി’ എന്ന് നടക്കുന്നതിനിടയില്‍ പിതാവ് പറഞ്ഞത് ഇന്നെന്നപോലെ ഓര്‍ക്കുന്നു. കൂടുതല്‍ പള്ളികള്‍ നോക്കിയിരുന്ന വികാരിമാരെ ഞായറാഴ്ചകളില്‍ ഇങ്ങനെ എവിടെയും സഹായിക്കാന്‍ വരുന്ന ഒരു പ്രത്യേക ശൈലി പിതാവിനുണ്ടായിരുന്നെന്ന് എല്ലാ വൈദികരും ഓര്‍ക്കുന്ന കാര്യമാണ്.
ക്രിസ്മസ് കാലത്ത് നക്ഷത്രം യേശുവിന്റെ സന്ദര്‍ശനത്തിന്റെയും നാം അവനെ സ്വീകരിക്കുന്നതിന്റെയും അടയാളമാണെന്ന് ജനം അറിയട്ടെയെന്ന് പറഞ്ഞ് ഒരു ഗ്രൂപ്പ് ആക്ടിവിറ്റിയായി കൊടുക്കുമ്പോള്‍ അതു കെട്ടാന്‍ ഏതു ഉയരത്തിലും കയറാന്‍ യുവാക്കന്മാര്‍ തയാറാകന്നു. ഉറക്കമോ ക്ഷീണമോ വകവയ്ക്കാതെ കരോളിന് രാത്രി മുഴുവനും റോഡിലിറങ്ങി നടക്കാന്‍ ആളുകളുണ്ട്. ചുവന്ന തൊപ്പിയും കുപ്പായവും അണിഞ്ഞ് പൊതുനിരത്തില്‍ കൂട്ടത്തോടെയിറങ്ങാന്‍ ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ നമുക്കറിയാം. ഇവയിലൂടെ ഈശോയെ കൊടുക്കുകയാണെന്ന ബോധ്യം തട്ടിയുണര്‍ത്തുന്നു. എങ്കില്‍ പഠിക്കുന്ന സ്‌കൂളില്‍ വ്യാപരിക്കുമ്പോഴും വീട്ടിലെ പഠനമുറിയില്‍ ഇരിക്കുമ്പോഴും ഷോപ്പിങ്ങിന് പോകുമ്പോഴും ജോലി ചെയ്യുന്നിടത്തും ഈശോയെ സ്വീകരിക്കേണ്ടതും അവനെ മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടതും നാം സൗകര്യപൂര്‍വം മാറ്റിവയ്ക്കുകയാണോ ചെയ്യുന്നത്? ആ ഇടങ്ങളിലെല്ലാം ഈശോ വരുമ്പോള്‍ കാണുന്ന കാര്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്താല്‍ അവയിലെ മിക്കതും ഡിലീറ്റ് ചെയ്യാനുള്ള വഴികള്‍ക്കും എഡിറ്റ് ചെയ്യാനുള്ള വിധങ്ങള്‍ക്കുമായിരിക്കും എല്ലാവരും ധൃതി കാണിക്കുക.
ഈശോയുടെ വരവിന്റെ അറിയിപ്പും അടയാളവും ബെത്‌ലഹേമില്‍ മുന്‍കൂട്ടി ലഭിച്ചിരുന്നെങ്കില്‍ എന്തായിരുന്നേനെ അവസ്ഥ? മറിയത്തെയും യൗസേപ്പിനെയും കൈകളില്‍ എടുത്തുകൊണ്ടുപോകാന്‍ ആളുകള്‍ ഓടിവന്നേനെ. അവരെ പാര്‍പ്പിക്കാന്‍വേണ്ടി സത്രത്തിലുള്ള മറ്റെല്ലാവരെയും മാറ്റാന്‍ ധൃതിയും മിടുക്കും കാണിച്ചേനെ.
ഈശോ നമ്മെ സമീപിക്കാത്ത ഏത് അവസരവും നിമിഷവുമാണ് ജീവിതത്തിലുള്ളത്? അതിനാല്‍ പുതിയ തീരുമാനങ്ങളോടെ പുതുവര്‍ഷത്തിലേക്കും പ്രവേശിക്കാം.
⋅ ജീവിതത്തില്‍ പ്രഹസനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അവയെല്ലാം ഒഴിവാക്കാം.
⋅ ജനങ്ങളുടെ മുമ്പാകെ അഭിനയമാണെങ്കില്‍ അതു നിര്‍ത്തലാക്കാം.
⋅ മനുഷ്യരുടെ ‘കണ്ണില്‍ പൊടിയിടല്‍’ പരിപാടികള്‍ അവസാനിപ്പിക്കാം.
⋅ നാമമാത്ര ക്രിസ്ത്യാനിയെന്ന ടൈറ്റിലാണെങ്കില്‍ അതു മാറ്റിയെടുക്കാം.
⋅ നാലാള്‍ കാണുമ്പോള്‍ നല്ലപിള്ള ചമയല്‍ നാടകം വേണ്ടെന്ന് വയ്ക്കാം.
പകരം അപ്പോയ്‌മെന്റ് ഇല്ലാതെ എവിടെയും ഏതു സമയത്തും ഈശോയ്ക്ക് സന്ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തുകൊണ്ടും അവനെ സ്വീകരിച്ചുകൊണ്ടുമുള്ള ജീവിതത്തിനുടമയാകാം. വിശ്വസ്തനും വിവേകിയുമായ ഭൃത്യനുമാകാം.
Leave a Comment
Your email address will not be published. Required fields are marked with *