Follow Us On

16

January

2025

Thursday

ജീവിതം മുഴുവന്‍ മിഷനുവേണ്ടി

ജീവിതം മുഴുവന്‍ മിഷനുവേണ്ടി

ജയ്‌മോന്‍ കുമരകം

ആറുപതിറ്റാണ്ട് മുമ്പാണ് ജയിംസ് കുരിശേരി അച്ചന്‍ ഛാന്ദയില്‍ ആദ്യമായി എത്തുന്നത്. ഇന്നത്തെപ്പോലെ യാതൊരു സൗകര്യങ്ങളുമില്ലാത്ത കാലം. സാംസ്‌കാരികമായി ഒട്ടും വളരാത്തൊരു സമൂഹം. അവര്‍ ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടുപോലുമില്ല. അവരുടെയിടയില്‍ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടശേഷം 1968 മുതല്‍ അദേഹം തന്റെ മിഷന്‍ പ്രവര്‍ത്തനം ഛാന്ദായില്‍ തന്നെ തുടരുകയായിരുന്നു. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം സേവനം ചെയ്തു. വീടുകളില്ലാതെ കഷ്ടപ്പെടുന്നവരും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളുമൊക്കെയായിരുന്നു ആ നാളുകളില്‍ അച്ചനെ ഏറ്റവുമധികം വിഷമിപ്പിച്ചത്. ഇവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം അതുമാത്രമായിരുന്നു അച്ചന്റെ ആ നാളുകളിലെ പ്രാര്‍ത്ഥന.

പക്ഷേ എങ്ങനെ പണം കണ്ടെത്തും? ആര് സഹായിക്കും? അച്ചന്‍ മുട്ടില്‍നിന്ന് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 1998 ല്‍ ആണ് ബല്ലാര്‍ഷായിലെ ഭാമിനി എന്ന ചെറിയൊരു ഗ്രാമത്തിലേക്ക് അച്ചന് നിയമനം ലഭിക്കുന്നത്. ഇവിടെ ആബേലച്ചന്റെ മാതൃകയില്‍ അദ്ദേഹം ഗ്രാമീണരായ കുട്ടികള്‍ക്ക് വേണ്ടി ”കലാനികേതന്‍” എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. അതോടൊപ്പം വില്ലേജിനെ ദത്തെടുത്ത് അവിടെ 15 വര്‍ഷം കൊണ്ട് ഇരുനൂറിലധികം വീടുകളും പണികഴിപ്പിച്ചു. ഒരു കമ്യൂണിറ്റി റിക്രിയേഷന്‍ ഹാളും നിര്‍മ്മിച്ചു. പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഒരു തുക ബാങ്കില്‍ സ്ഥിരമായി നിക്ഷേപിക്കുകയും ചെയ്തു. അതുകൊണ്ട് ആ കുട്ടികള്‍ പഠിച്ചു, ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിച്ചു. നാഷണല്‍ ഡേയിസ്, കോമണ്‍ ഫെസ്റ്റിവല്‍സ് തുടങ്ങിയ നാളുകളില്‍ എല്ലാവരും ഒരുമിച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഒത്തുകൂടി ആഘോഷിക്കുകയാണ് പതിവ്. ഇക്കൊല്ലത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസഫ് തച്ചാപറമ്പത്താണ് പങ്കെടുത്തവര്‍ക്കെല്ലാം ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

ഗ്രാമീണ ജീവിതശൈലിയിലും, ലാളിത്യത്തിലുമെല്ലാം യേശുവിനെ സമൂഹത്തിന് നല്‍കാന്‍ അച്ചന്‍ അങ്ങേയറ്റം പരിശ്രമിക്കുന്നു. അതുകൊണ്ടൊക്കെയാകാം, അവരിലേറെപ്പേരും യേശുവിനെ ഹൃദയത്തിലേറ്റിയിരിക്കുന്നു. ഛാന്ദ രൂപതയുടെ മുന്‍ ബിഷപ് വിജയാനന്ദിന്റെ ബാച്ചുകാരന്‍ കൂടിയാണ് ജെയിംസ് അച്ചന്‍.
ദൈവത്തോട് ചേര്‍ന്നുനില്‍ക്കുക, അവിടുന്ന് നമ്മോടും ചേര്‍ന്നു നില്‍ക്കും. ആറുപതിറ്റാണ്ട് നീണ്ട എന്റെ ജീവിതം എന്നെ പഠിപ്പിച്ചത് ഇതാണ്. അച്ചന്‍ പുഞ്ചിരിയോടെ തന്റെ കര്‍മ്മമണ്ഡലത്തിലേക്ക് തിരിയുന്നു.

കാന്‍സറിന് മുന്നിലും പതറാതെ
നിക്കോളോ പെരിന്‍ എന്നായിരുന്നു അവന്റെ പേര്. ക്രൈസ്തവവിശ്വാസത്തിന് ധീരോചിത സാക്ഷ്യം നല്‍കിയ ചിയാര ലൂസ് ബഡാനോയോടും പരിശുദ്ധിയുടെ പരിമളം പരത്തി കടന്നുപോയ കാര്‍ലോ അക്യൂട്ടിസിനോടും അവനെ താരതമ്യം ചെയ്യാം. സാധാരണക്കാരില്‍ സാധാരക്കാരന്‍. അതൊടൊപ്പം ഒരു അത്‌ലറ്റും. മീന്‍പിടുത്തവും ഔട്ട്‌ഡോര്‍ ആക്റ്റിവിറ്റികളുമൊക്കെയായി അടിച്ചുപൊളിച്ചു നടന്ന പയ്യന്‍. ജീവിച്ചിരുന്നപ്പോള്‍ അവനെ അധികമാര്‍ക്കും അറിയില്ലായിരുന്നുവെങ്കിലും അകാലത്തില്‍ പൊലിഞ്ഞ ഈ പുണ്യസൂനം ഇപ്പോള്‍ അനേകരെ തന്റെ കബറിടത്തിലേക്കും ചൈതന്യത്തിലേക്കും ആകര്‍ഷിക്കുന്നു. 1998 ഫെബ്രുവരി രണ്ടിനായിരുന്നു ജനനം. അഡ്രിയാനയും റോബര്‍ട്ടോ പെരിനുമായിരുന്നു മാതാപിതാക്കള്‍. ആറുവയസുള്ളപ്പോള്‍ അവന്‍ റഗ്ബി കളിക്കാന്‍ തുടങ്ങി. വൈകാതെ ഇറ്റലിയിലെ റോവിഗോയിലെ ജൂനിയര്‍ ടീമില്‍ അംഗമായി. കളികളില്‍ മാത്രമല്ല ക്ലാസ് റൂമിലും ‘പുലി’ യായിരുന്നു അവന്‍. പഠനത്തില്‍ മികച്ചുനിന്നതോടൊപ്പം കുട്ടൂകാരുടെയും ടീച്ചര്‍മാരുടെയും വാത്സല്യഭാജനമായി മാറി നിക്കോള.

ഹൈസ്‌കൂളിലെത്തിയപ്പോള്‍ എല്ലാവരും വിചാരിച്ചു അവന് ശോഭനമായ ഭാവിയുണ്ടെന്ന്. പക്ഷേ അവന്‍ മാതാപിതാക്കളോട് തനിക്ക് ഭയങ്കര ക്ഷീണമാണെന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ മാതാപിതാക്കള്‍ അവനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. നിരവധി പരിശോധനകള്‍ക്കുശേഷം 2013 ല്‍ അവന് ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞു. അപ്പോള്‍ അവന് 15 വയസ്. തനിക്ക് രക്താര്‍ബുദം ആണെന്ന് അറിഞ്ഞപ്പോള്‍ നിക്കോള കാണിച്ച ആത്മധൈര്യം അപാരമായിരുന്നു. രോഗാതുരനായപ്പോള്‍ നിരന്തരം ടെസ്റ്റുകള്‍ക്കും തെറാപ്പികള്‍ക്കും വിധേയനായിക്കൊണ്ടിരുന്നുവെങ്കിലും അതെല്ലാം അവന്‍ ശാന്തതയോടും സ്‌നേഹത്തോടും കൂടിയാണ് നേരിട്ടത്. അവന്റെ പെരുമാറ്റം എല്ലാവരെയും അതിശയിപ്പിച്ചു. എന്റെ മകന്‍ എപ്പോഴും സ്വര്‍ഗീയമായി പുഞ്ചിരിക്കുമായിരുന്നു. അവനായിരുന്നു ഞങ്ങളെയും കൂട്ടി ഡോക്ടറെ കാണാന്‍ പോകുന്നതും ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നതുമൊക്കെ. അവന്റെ അമ്മ പറയുന്നു. അതിഭീകരമായ വേദനയിലൂടെ കടന്നുപോയിട്ടും അവന്‍ ശാന്തതയോടും സമാധാനത്തോടും കൂടി അത് സഹിച്ചു. ഒരിക്കല്‍ പോലും പരാതി പറഞ്ഞില്ല. മാത്രമല്ല, ഒപ്പമുണ്ടായിരുന്ന രോഗികളെ അവന്‍ ആശ്വസിപ്പിക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തു. പ്രാര്‍ത്ഥനയില്‍ കൂടുതല്‍സമയം ചിലവഴിക്കാന്‍കഴിയാത്തതിന് അവന്‍ മാതാവിനോടും ഈശോയോടുമൊക്ക മാപ്പു ചോദിക്കുന്ന വാക്കുകള്‍ ഡയറിയില്‍ കാണാം.

മരണക്കിടക്കയിലും അവന്റെ ചിന്ത മറ്റുള്ളവരെക്കുറിച്ചായിരുന്നു. തന്റെ രോഗം എങ്ങനെയാണ് ജീവിതത്തിലെ ഓരോ നിമിഷത്തിനും നന്ദിപറയേണ്ടതെന്ന് പഠിപ്പിച്ചുവെന്നും ഓരോ ദിവസവും ദൈവം നല്‍കുന്ന സമ്മാനമാണെന്നും അവന്‍ കുറിച്ചു. തന്നെപ്രതി തന്റെ മാതാപിതാക്കള്‍ക്കുണ്ടായ സഹനങ്ങള്‍ക്ക് അവന്‍ മാപ്പുചോദിച്ചു. കാന്‍സര്‍ വാര്‍ഡില്‍ മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ച് അവന്‍ എല്ലാവരേയും സന്തോഷിപ്പിച്ചു. ഒരു ദിവസം അവന് മാതാപിതാക്കള്‍ ഐ പാഡ് സമ്മാനിച്ചപ്പോള്‍, അവന്‍ പറഞ്ഞു, എനിക്കിതുവേണമെന്നില്ല, നമുക്കിത് വിറ്റ് മറ്റു കുട്ടികളെയും അവരുടെ കുടുംബത്തെയും സഹായിക്കാം.
രണ്ടുപ്രാവശ്യം മജ്ജ മാറ്റിവെച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അവന് അതിന്റെ ഗൗരവത്തെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു. പക്ഷേ, ഒരിക്കലും അവന്‍ പ്രതീക്ഷ വെടിഞ്ഞില്ല. കാന്‍സര്‍ വാര്‍ഡില്‍ കിടന്നുകൊണ്ടുതന്നെ, സ്‌കൈപ് വഴി അവന്‍ സ്‌കൂള്‍ പഠനം തുടര്‍ന്നു.

ആദ്യത്തെ ട്രാന്‍സ്പ്ലാന്റിനുശേഷം എഴുതിയ പരീക്ഷയില്‍ അവന്‍ സ്‌കോളര്‍ഷിപ്പും നേടി. കാന്‍സര്‍ അവനെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. ഒടുവില്‍ ആരോഗ്യം ക്ഷയിച്ചു. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. മരണത്തിന് രണ്ടുദിവസം മുമ്പ് അവന്‍ പിതാവിനോട് കുരിശുവരയ്ക്കാന്‍ ഒന്നു സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. പിതാവ് അവനെ സഹായിച്ചു. അതായിരുന്നു അവന്റെ അവസാനത്തെ അടയാളം. 2015 ഡിസംബര്‍ 24 ന് 17 വയസായിരിക്കെ അവന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അവന്റെ സഹനം അവന്‍ സന്തോഷത്തോടെ അതിന്റെ അവസാനം വരെ സ്വീകരിച്ചു. അവന്റെ അമ്മ പറയുന്നു.
അവന്റെ വിയോഗത്തിനുശേഷം രണ്ടുവര്‍ഷമാകുമ്പോഴേക്കും അവന്റെ വിശുദ്ധിയുടെ പരിമളം പരന്നു തുടങ്ങി. ഇന്ന് അവന്റെ കബറിടത്തില്‍ അനേകരാണ് പ്രാര്‍ത്ഥിച്ചുമടങ്ങുന്നത്. പലര്‍ക്കും അത്ഭുതങ്ങള്‍ ലഭിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?