Follow Us On

20

April

2025

Sunday

മദ്യ നിര്‍മാണ യൂണിറ്റ് സമൂഹത്തിന് ആപത്ത്: മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

മദ്യ നിര്‍മാണ യൂണിറ്റ് സമൂഹത്തിന് ആപത്ത്: മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

പാലക്കാട്: എലപ്പുള്ളിയില്‍ ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയതായി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന മദ്യനിര്‍മാണ യൂണിറ്റ് സമൂഹത്തിന് വലിയ വിപത്തായി തീരുമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍.  മദ്യവിരുദ്ധസമിതി, എകെസിസി, വിന്‍സന്റ് ഡി പോള്‍, കെസിവൈഎം. എന്നീ സംഘടനകളുടെ ഭാരവാഹികള്‍ ചേര്‍ന്ന് പാലക്കാട് പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികാരി ജനറാള്‍ മോണ്‍.ജിജോ ചാലക്കല്‍, സ്വാഗതവും, ഫാ. ജോബി കാച്ചപ്പള്ളി നന്ദിയും പറഞ്ഞു.

ജലക്ഷാമം രൂക്ഷമായ ഇലപ്പള്ളി മേഖലയില്‍ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിച്ച് മദ്യനിര്‍മാണം ആരംഭിച്ചാല്‍ അത് പ്രദേശത്തെ നിലവിലുള്ള കുടിവെള്ളക്ഷാമം  രൂക്ഷമാക്കും. കൂടാതെ കാര്‍ഷിക ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതയും വലിയ തോതില്‍ കുറയും. കഴിഞ്ഞ വര്‍ഷങ്ങളില്‍ മലമ്പുഴ ഡാമിലെ വെള്ളം കൃഷിയാവശ്യത്തിന് വേണ്ടത്ര വിട്ടുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വന്നിരുന്നു. ഇത്ര വലിയ ഒരു വ്യവസായത്തിലേക്ക് കൂടി ഭീമമായ അളവില്‍ വെള്ളം കൊണ്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ അത്  നാടിനെ വരള്‍ച്ചയിലേക്ക് തള്ളിവിടുകയായിരിക്കും ചെയ്യുന്നത്. ഘട്ടം ഘട്ടമായി ലഹരി ഉപയോഗം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം കാറ്റില്‍ പറത്തി വളരെ വേഗത്തില്‍ കേരളത്തിലെ മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്ന  സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ദുരൂഹവും പ്രതിഷേധവുമാണ്.

കാര്‍ഷിക വിളകളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കുന്നത് വഴി കര്‍ഷകരെ സഹായിക്കാം എന്ന വാഗ്ദാനം എതിര്‍പ്പ് ഒഴിവാക്കാനുള്ള ഗൂഢ തന്ത്രമാണ്. മദ്യശാല നിര്‍മ്മാണത്തിന്റെ നാലാം ഘട്ടത്തില്‍ മാത്രമാണ് ധാന്യങ്ങളും വിളകളും പഴവര്‍ഗങ്ങളും ഇതിനായി ഉപയോഗിച്ചു തുടങ്ങുക എന്ന കമ്പനിയുടെ പ്രസ്താവനയില്‍ നിന്നും അതിനുമുമ്പ് തന്നെ രാസ മദ്യനിര്‍മാണമാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം. വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്ന് പറയുമ്പോഴും ലഹരിക്ക് അടിമപ്പെട്ടു ഓരോ വര്‍ഷവും നമ്മുടെ സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ആപത്കരമായി വര്‍ധിച്ചുവരുന്നു എന്നതുകൂടെ ചിന്തിക്കേണ്ടിയിരിക്കുന്നു. മദ്യ വിപണ യൂണിറ്റ് ഇലപ്പുള്ളിയില്‍ സ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നത് വരെ ജനപങ്കാളിത്തത്തോടെ ശക്തമായി എതിര്‍ക്കും എന്ന് സമ്മേളനം വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?