Follow Us On

08

February

2025

Saturday

മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങള്‍

മലയാളിയുടെ മാറുന്ന  ഭക്ഷണശീലങ്ങള്‍

ഡോ. സിബി മാത്യൂസ്
(ലേഖകന്‍ മുന്‍ ഡിജിപിയാണ്)

”കാലം മാറിവരും, കാറ്റിന്‍ ഗതിമാറും
കടല്‍വറ്റി കരയാകും, കര പിന്നെ കടലാകും
കഥയിതു തുടര്‍ന്നു വരും…”

എന്നൊക്കെയുള്ള കവിഭാവന, മലയാളിയുടെ ഭക്ഷണരീതികളെക്കുറിച്ചും സത്യമാണ്. ഏതാണ്ട് 50-60 വര്‍ഷംമുമ്പ് അരിയാഹാരം (ചോറ്, കഞ്ഞി) തന്നെയായിരുന്നു ദിവസേന മൂന്നുനേരവും സാധാരണ ജനങ്ങള്‍ കഴിച്ചിരുന്നത്. ഒന്നോ രണ്ടോ കറികളുമുണ്ടാകും. ചിലപ്പോള്‍ ചമ്മന്തി മാത്രമായിരിക്കും. വന്‍കിട ഹോട്ടലുകള്‍ ചില നഗരങ്ങളില്‍മാത്രം. ഗ്രാമപ്രദേശങ്ങളിലാകട്ടെ, ജനങ്ങള്‍ സാധാരണ ചായക്കടയില്‍നിന്നും ആവി പറക്കുന്ന പുട്ടും കടലയും അല്ലെങ്കില്‍ ഇഡ്ഡലി, ദോശ, ചട്‌നി, സാമ്പാര്‍ മുതലായ നാടന്‍ വിഭവങ്ങള്‍ സംതൃപ്തിയോടെ കഴിച്ചു. ബേക്കറികള്‍ വിരളമായിരുന്നു, അവിടെ വിഭവങ്ങളും കുറവ്.

ഭക്ഷണമേശയിലെ
ഫാഷന്‍ തരംഗം
1965-ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധകാലത്ത് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി ”ദക്ഷിണേന്ത്യക്കാര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും” ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തത് പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചപ്പാത്തിയും പൊറോട്ടയും മറ്റും കേരളത്തിലെ ഭക്ഷണമേശകളിലും സ്ഥാനംപിടിച്ചു തുടങ്ങി. വിവാഹവിരുന്നുകളില്‍ ചോറും കറികളും എന്ന രീതി മാറി ബിരിയാണിയും പൊരിച്ച കോഴിയിറച്ചിയും മറ്റും പുതിയ ഫാഷന്‍ തരംഗമായി എത്തി. എങ്കിലും ഹിന്ദുമതവിശ്വാസികള്‍, തങ്ങളുടെ വിവാഹവിരുന്നുകളില്‍ ഇന്നും കേരളീയരീതിയിലുള്ള സദ്യതന്നെ വിളമ്പുന്നു.
മാംസാഹാരത്തോടുള്ള പ്രതിപത്തിയാണ് കഴിഞ്ഞ പത്തു മുപ്പതു വര്‍ഷങ്ങളില്‍ ഉണ്ടായ വലിയൊരു മാറ്റം. വിശേഷ ദിവസങ്ങളില്‍മാത്രം ലഭ്യമായിരുന്ന കോഴി/താറാവ് ഇറച്ചി വിഭവങ്ങള്‍ ഭക്ഷണമേശകളില്‍ ദിവസേന പ്രത്യക്ഷപ്പെട്ടുതുടങ്ങി. തമിഴ്‌നാട്ടില്‍നിന്നും ‘ബ്രോയിലര്‍’ കോഴികള്‍ വന്‍തോതില്‍ കേരളത്തിലേക്ക് എത്തിച്ചേരുവാന്‍ തുടങ്ങി. ഇപ്പോള്‍ ദിവസേന ഉദ്ദേശം ഒരു ലക്ഷം കോഴികളാണ് അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്ന് കേരളത്തിലേക്ക് എത്തുന്നത്. കന്നുകാലികളുടെ കടത്തും അങ്ങനെതന്നെ. 2009-നുശേഷം ‘ഇറച്ചി’ക്കുവേണ്ടിമാത്രം കേരളത്തിലേക്ക് എത്തിക്കുന്ന കന്നുകാലികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടത്രേ (ദി ന്യൂസ് മിനിറ്റ് ഓണ്‍ലൈന്‍ പത്രത്തിലെ വാര്‍ത്ത).

രണ്ടു ദിവസം
വെജിറ്റേറിയനായാലോ?
കേരളത്തിലെ ചെറുപട്ടണങ്ങളില്‍പോലും ‘നോണ്‍ വെജിറ്റേറിയന്‍’ ഹോട്ടലുകളും മാംസാഹാര വിഭവങ്ങള്‍ വിറ്റഴിക്കുന്ന ബേക്കറികളും കണക്കറ്റവിധം വര്‍ധിച്ചുകഴിഞ്ഞു. ഇന്ന് കേരളീയരുടെ ഇഷ്ടഭക്ഷണം പൊറോട്ട-ബീഫ് ഫ്രൈ, മട്ടണ്‍/ചിക്കന്‍ ബിരിയാണി, കുഴിമന്തി, ഷവര്‍മ്മ മുതലായവയൊക്കെയാണെന്നതില്‍ സംശയമില്ല. കേരള സമൂഹത്തില്‍ കഴിഞ്ഞ 30-40 വര്‍ഷങ്ങളായി, വിവിധ കാരണങ്ങളാല്‍ സാമ്പത്തികനിലവാരം വളരെയേറെ മെച്ചപ്പെട്ടു. ലളിതമായ ഭക്ഷണരീതി മാറി, മത്സ്യ-മാംസവിഭവങ്ങളും കൊഴുപ്പു കൂടുതല്‍ അടങ്ങിയ ഭക്ഷണക്രമത്തിലേക്കും മാറിക്കഴിഞ്ഞു. അതോടൊപ്പം വ്യായാമത്തോടുള്ള വിമുഖത, കായികാധ്വാനം ആവശ്യമില്ലാത്തതരം ജോലികള്‍, വര്‍ധിച്ചുവരുന്ന മദ്യാസക്തി എന്നിവയെല്ലാം ഒത്തുചേരുമ്പോള്‍ രോഗങ്ങളും കൂട്ടിനെത്തുന്നു. 2024-ലെ ക്രിസ്മസ്-നവവത്സര സീസണില്‍ കേരളത്തില്‍ 543 കോടി രൂപയ്ക്കുള്ള മദ്യവില്‍പന നടന്നതായി ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഈ ജീവിതരീതിയുടെ ഫലമായി കരള്‍-കിഡ്‌നി സംബന്ധമായ ഗുരുതര രോഗങ്ങളും കേരളത്തില്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്നതായി ആരോഗ്യപരിപാലനരംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. പുതിയ തലമുറയുടെ ‘ഫാസ്റ്റ് ഫുഡ്’ വിഭവങ്ങളോടുള്ള ഭ്രമം നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഭക്ഷണരീതിയില്‍ സമൂലമായ മാറ്റം അതിവേഗത്തില്‍ വരുത്തുവാന്‍ സാധ്യമാവുകയില്ല. എങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കില്‍ സസ്യാഹാരംമാത്രമേ കഴിക്കൂ എന്ന ശീലം ആര്‍ക്കും പിന്‍തുടരാവുന്നതാണ്. കീടനാശിനികളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും ജൈവവളങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൃഷി സര്‍ക്കാര്‍ തലത്തില്‍ പ്രോത്സാഹിപ്പിക്കുകയും വേണം.

മാറണം ജീവിതശൈലി
ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ‘സാമ്പിള്‍’ കൂടുതലായി പരിശോധനക്ക് വിധേയമാക്കുകയും ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുവാന്‍ സര്‍ക്കാര്‍തലത്തില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. 2006-ല്‍ സമഗ്രമായ നിയമം (Food Safety&Standards Act-2006) കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവന്നുവെങ്കിലും പ്രായോഗികതലത്തില്‍ അതിന്റെ ഗുണഫലങ്ങള്‍ കാണുന്നില്ല. മായംചേര്‍ത്ത ഭക്ഷണവും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും മറ്റും ഇടയ്‌ക്കൊക്കെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നുണ്ടെങ്കിലും നിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം കര്‍ശനമായ ശിക്ഷയും കനത്ത പിഴയും കുറ്റക്കാര്‍ക്കെതിരെ ചുമത്തുന്നുണ്ടോ എന്നത് പുനഃപരിശോധിക്കേണ്ടതാണ്. സര്‍ക്കാര്‍തലത്തിലെ നടപടികളോടൊപ്പം, ഓരോ വ്യക്തിയും അവര്‍തന്നെ ഭക്ഷണരീതികള്‍ നിയന്ത്രിച്ചും മിതമായ വ്യായാമം ശീലമാക്കിയും ജീവിതശൈലിയില്‍ മാറ്റംവരുത്തേണ്ടിയിരിക്കുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?