രഞ്ജിത് ലോറന്‍സ്
നിക്കരാഗ്വയിലെ ഭരണകൂടം വേട്ടയാടിയതിനെ തുടര്‍ന്ന് മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പോലുമുള്ള ധൈര്യമില്ലാതെ കരഞ്ഞുതളര്‍ന്ന് ഡിപ്രഷന്റെ വക്കോളമെത്തിയ ഒരു പെണ്‍കുട്ടി – അതായിരുന്നു മാര്‍ത്ത പട്രീഷ്യ മോളിന. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ഏറെ വ്യത്യസ്തമാണ്. ഒര്‍ട്ടേഗ ഭരണകൂടം ഏറ്റവുമധികം ഭയപ്പെടുന്ന പേരുകളില്‍ ഒന്നായി മാര്‍ത്ത പട്രീഷ മോളിനയും മാര്‍ത്തയുടെ ‘പിഡിഎഫും’ മാറിയിരിക്കുന്നു. നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇന്ന് പുറംലോകമറിയുന്നത് അഭിഭാഷകയായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ തൂലികയിലൂടെയാണ്.
അഭിഭാഷകയായും റേഡിയോ ജോക്കിയായുമൊക്കെ പ്രശോഭിച്ച് നല്ല നിലയില്‍ കുടുംബത്തോടും കുട്ടികളോടുമൊപ്പം ജീവിച്ചിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് ഒരുദിവസം എല്ലാ നഷ്ടപ്പെട്ടാലുള്ള അവസ്ഥ എങ്ങനെയാകും? അക്ഷരാര്‍ത്ഥത്തില്‍ അതാണ് മാര്‍ത്ത പട്രീഷ്യ മോളിനക്ക് സംഭവിച്ചത്. ‘എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം’ – അങ്ങനെയാണ് പട്രീഷ്യ ആ ദിവസത്തെ വിശേഷിപ്പിക്കുന്നത്. നിക്കരാഗ്വയില്‍ നിന്ന് യുഎസിലെ ടെക്‌സാസിലേക്ക് ചില മെഡിക്കല്‍ ചെക്കപ്പുകള്‍ക്ക് വേണ്ടി വന്നതായിരുന്നു പട്രീഷ്യ. ആ സമയത്താണ് പട്രീഷ്യയുടെ വീട്ടില്‍ നിക്കരാഗ്വന്‍ പോലീസ് പരിശോധനയ്‌ക്കെത്തിയത്. വയോധികയായ അമ്മയെയും പട്രീഷ്യയുടെ രണ്ടു കുട്ടികളെയും അവര്‍ ഭീഷണിപ്പെടുത്തി.
നിക്കരാഗ്വന്‍ ഗവണ്‍മെന്റ്കത്തോലിക്ക സഭയ്ക്ക് എതിരെ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കും മറ്റ് അനീതികള്‍ക്കുമെതിരെ പട്രീഷ്യ നടത്തിയ പ്രതികരണങ്ങളായിരുന്നു ആ ഭീഷണിക്ക് പിന്നിലെ കാരണം. താന്‍ അന്യനാട്ടിലായിരിക്കുന്ന സമയത്ത് മക്കളും അമ്മയും നേരിട്ട ഈ പ്രതിസന്ധി പട്രീഷ്യയെ ഏറെ വേദനിപ്പിച്ചു. എന്നാല്‍ തിരിച്ചു നാട്ടിലേക്ക് ചെന്നാല്‍ തന്നെ അവര്‍ അറസ്റ്റ് ചെയ്യുകയോ അധികാരമുപയോഗിച്ച് വേട്ടയാടുകയോ ചെയ്യുമെന്ന തിരിച്ചറിവ് പട്രീഷ്യയെ കൂടുതല്‍ നിസഹായയാക്കി. ആ രാത്രിയില്‍ മുറിയടച്ചിരുന്ന് കരയാനല്ലാതെ മറ്റൊന്നിനും പട്രീഷ്യക്ക് സാധിക്കുമായിരുന്നില്ല. ഭരണകൂടത്തിന്റെ കണ്ണിലെ നോട്ടപ്പുള്ളിയായി മാറിയ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ച് ആലോചിക്കുകപോലും വേണ്ട എന്നാണ് അമ്മ അന്ന് പട്രീഷ്യയോട് പറഞ്ഞത്. മുറിക്കുള്ളില്‍നിന്ന് പുറത്തിറങ്ങാതെയായ പട്രീഷ്യ താന്‍ ഡിപ്രഷനിലേക്ക് വഴുതിവീണുകൊണ്ടിരിക്കുകയാണെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു.
ആശ്വാസമായി റെസ്റ്റോറന്റിലെ ജോലി
ജോലിയും കുടുംബവുമൊന്നുമില്ലാത്ത അവസ്ഥയില്‍ അന്യദേശത്ത് അപ്രതീക്ഷിതമായി കുടുങ്ങിപ്പോയ പട്രീഷ്യക്ക് ഒരു മെക്‌സിക്കന്‍ റെസ്റ്റോറന്റില്‍ ലഭിച്ച ജോലി പിടിച്ചുനില്‍ക്കാനുള്ള കരുത്ത് നല്‍കി. റെസ്റ്റോറന്റില്‍ ജോലി ചെയ്യുമ്പോഴും തന്റെ രണ്ട് മക്കളും അമ്മയും സ്വദേശമായ നിക്കരാഗ്വയില്‍ ഒറ്റയ്ക്കാണെന്നും തന്നോടുള്ള പ്രതികാരം അധികാരികള്‍ അവരോട് തീര്‍ക്കുമോയെന്നുമുള്ള ആശങ്ക പട്രീഷ്യയെ ഭയപ്പെടുത്തിയിരുന്നു.
ജോലി കഴിഞ്ഞ് മുറിയിലെത്തി ടെലിവിഷന്‍ ഓണ്‍ ചെയ്താല്‍ നിക്കരാഗ്വന്‍ സര്‍ക്കാര്‍ നടത്തിവരുന്ന അടിച്ചമര്‍ത്തലുകളുടെ വാര്‍ത്തകളാണ് പട്രീഷ്യ എപ്പോഴും ശ്രദ്ധിച്ചത്. പ്രാദേശികമായി വന്നിരുന്ന ഈ വാര്‍ത്തകള്‍ അന്താരാഷ്ട്ര തലത്തില്‍ ഒരിക്കലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മിക്കപ്പോഴും കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായിരുന്നു ഭരണകൂടത്തിന്റെ ഭീകരതക്ക് ഇരയായിരുന്നത്. അന്യദേശത്ത് റെസ്റ്റോറന്റ് ജീവനക്കാരിയായി ജോലി ചെയ്യുകയാണെങ്കിലും പട്രീഷ്യയിലെ ഉറങ്ങിക്കിടന്ന മാധ്യമപ്രവര്‍ത്തകയ്ക്കും അഭിഭാഷകയ്ക്കും ഇതു കണ്ട് കയ്യുംകെട്ടി അധികകാലം ഇരിക്കാനാകുമായിരുന്നില്ല. അങ്ങനെയാണ് നിക്കരാഗ്വയില്‍ ഡാനിയേല്‍ ഒര്‍ട്ടേഗയും അദ്ദേഹത്തിന്റെ ഭാര്യ റൊസാരിയ മുറില്ലോയും നേതൃത്വം നല്‍കുന്ന ഭരണകൂടം നടത്തിയ എല്ലാ അടിച്ചമര്‍ത്തലുകളും പ്രത്യേകിച്ച്, കത്തോലിക്ക സഭയ്‌ക്കെതിരെ സ്വീകരിച്ച എല്ലാ നടപടികളും കൃത്യമായി രേഖപ്പെടുത്താന്‍ പട്രീഷ്യ ആരംഭിച്ചത്.
ദൈവാലയങ്ങള്‍ക്ക് നേരെ നടത്തിയ അക്രമങ്ങള്‍, പ്രദക്ഷിണങ്ങള്‍ തടഞ്ഞതും അനുമതി നിഷേധിച്ചതുമായ സംഭവങ്ങള്‍, വൈദികരെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്ത സംഭവങ്ങള്‍, ദൈവാലയത്തിന്റെ സ്വത്തുവകകള്‍ പിടിച്ചെടുത്ത സംഭവങ്ങള്‍, സഭയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവങ്ങള്‍, സഭാസംവിധാനങ്ങള്‍ക്കും സന്യാസ സമൂഹങ്ങള്‍ക്കുമുള്ള അംഗീകാരം റദ്ദാക്കിയ സംഭവങ്ങള്‍ തുടങ്ങിയവയെല്ലാം കൃത്യമായി പട്രീഷ്യ രേഖപ്പെടുത്തി. ഇങ്ങനെ തയാറാക്കിയ ഡോക്കുമെന്റിന് പട്രീഷ്യ ഒരു പേര് നല്‍കി – പിഡിഎഫ്. താന്‍ എന്തിനാണ് ഇത് രേഖപ്പെടുത്തുന്നത് എന്നോ ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്നോ ഒന്നും പട്രീഷ്യക്ക് അന്ന് അറിയില്ലായിരുന്നു. ഒറ്റക്ക് ഇരിക്കുമ്പോള്‍ മനസില്‍ ഉരുണ്ടുകയറുന്ന ദുഃഖങ്ങളുടെയും ആകുലതകളുടെയും കാര്‍മേഘങ്ങളെ അകറ്റാനാണ് പട്രീഷ്യ തന്റെ ഗവേഷണത്തിലൂടെയും എഴുത്തിലൂടെയും ശ്രമിച്ചത്. നാട്ടില്‍ ചെയ്തുകൊണ്ടിരുന്ന ജോലി തുടരുന്നതിലൂടെ തന്റെ വ്യക്തിത്വവും ആത്മവിശ്വാസവും പട്രീഷ്യ ക്രമേണ വീണ്ടെടുക്കുകയായിരുന്നു. റെസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് എത്ര തളര്‍ന്നാണ് വരുന്നതെങ്കിലും അനീതിക്കെതിരായ ആ പോരാട്ടത്തില്‍ നിന്ന് പട്രീഷ്യ പിന്‍വാങ്ങിയില്ല.
ജപമാലയിലൂടെ ലഭിച്ച പേര്
‘പിഡിഎഫി’ലെ വിവരങ്ങള്‍ വര്‍ധിച്ചുവന്നതോടെ ഇവ സ്വകാര്യരേഖയായി സൂക്ഷിക്കാതെ ലോകത്തിന് മുന്നില്‍ പ്രസിദ്ധപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പട്രീഷ്യ തിരിച്ചറിഞ്ഞു. അതിനുവേണ്ട ചര്‍ച്ചകള്‍ പ്രസാധകരുമായി നടത്തുമ്പോഴും ഒരു ഭയം പട്രീഷ്യയെ അലട്ടി. ഈ രേഖകള്‍ പ്രസിദ്ധീകരിച്ചാല്‍ ഇപ്പോഴും നിക്കരാഗ്വയില്‍ തുടരുന്ന തന്റെ മക്കളുടെയും അമ്മയുടെയും ജീവന് ഭീഷണി ഉണ്ടാകുമോ എന്നതായിരുന്നു ആ ഭയം.
‘തിന്മയോടുള്ള നിസഹകരണം പോലെ തന്നെ പ്രധാനപ്പെട്ട കടമയാണ് നന്മയോടുള്ള സഹകരണവും’ പഠനകാലത്ത് കേട്ട മഹാത്മഗാന്ധിയുടെ ഈ വാക്കുകളാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലേക്കെത്തുവാന്‍ പട്രീഷ്യയെ സഹായിച്ചത്. ഹൂസ്റ്റണില്‍ സ്ഥിരമായി പോയിരുന്ന ദൈവാലയത്തിലിരുന്ന് ജപമാല ചൊല്ലുന്ന സമയത്താണ് താന്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തിന്റെ പേര് പട്രീഷ്യക്ക് ഒരു വെളിപാടുപോലെ ലഭിച്ചത്. ‘നിക്കരാഗ്വ, ഒരു പീഡിത സഭ’ എന്നായിരുന്നു അത്. പിന്നെയെല്ലാം പെട്ടന്നായിരുന്നു.
ഉടന്‍തന്നെ എഡിറ്ററെ വിളിച്ച് ആ പേരിനെക്കുറിച്ച് പറഞ്ഞു. തന്റെ മക്കളെയും അമ്മയെയും ദൈവകരങ്ങളില്‍ ഭരമേല്‍പ്പിച്ചു. പിന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് തന്റെ പുസ്തകത്തെക്കുറിച്ചും നിക്കാരാഗ്വയിലെ ഭീകരാവസ്ഥകളെക്കുറിച്ചും വിവരിച്ചു. ഒരുപക്ഷേ അന്താരാഷ്ട്രതലത്തില്‍ നിക്കരാഗ്വയിലെ നിജസ്ഥിതി തുറന്നുകാണിച്ച ആദ്യത്തെ ഇന്റര്‍വ്യൂവായിരുന്നു അത്.
ഒരോ മാധ്യമത്തിനും ഇന്റര്‍വ്യൂ നല്‍കുമ്പോഴും അമ്മ വിളിച്ച് ശകാരിക്കും, ‘സാന്‍ഡിനിസ്റ്റ ഗവണ്‍മെന്റ് എങ്ങനെയാണ് പ്രതികരിക്കുക എന്ന് വല്ല ഊഹവുമുണ്ടോ?’. ‘അമ്മ ശാന്തമായിട്ടിരിക്ക്. ദൈവം നമ്മുടെ കൂടെ ഉണ്ട്’ എന്ന മറുപടി മാത്രമായിരുന്നു പട്രീഷ്യക്ക് നല്‍കാനുണ്ടായിരുന്നത്. പക്ഷേ അവസാനം അവര്‍ ഭയപ്പെട്ടത് സംഭവിച്ചു. പോലീസ് നിക്കരാഗ്വയിലെ ഭവനത്തില്‍ വീണ്ടും റെയ്ഡ് നടത്തി. കേസുകള്‍ കെട്ടിച്ചമച്ചു. എന്നാല്‍ അവിടെയും ദൈവത്തിന്റെ കരം അപ്രതീക്ഷിതമായ വിധത്തില്‍ അവരുടെ തുണയ്‌ക്കെത്തി.
വിപ്ലവഗാനത്തോടെ അവസാനിച്ച പഠനം
ദൈവമായും കത്തോലിക്കസഭയുമായുള്ള പട്രീഷ്യയുടെ ബന്ധത്തെക്കുറിച്ച് കൂടെ പറയാതെ ഈ പോരാട്ടത്തിന്റെ കഥ പൂര്‍ണമാവില്ല. 1981 ഫെബ്രുവരി 13-ന് നിക്കരാഗ്വയിലെ മനാഗ്വയിലുള്ള ഒരു കത്തോലിക്ക കുടുംബത്തിലാണ് പട്രീഷ്യയുടെ ജനനം. ജനനസമയത്ത് ഉണ്ടായ സങ്കീര്‍ണതകള്‍ നിമിത്തം പട്രീഷ്യയുടെ ജീവന് ഭീഷണി നേരിട്ടിരുന്നു. വിശുദ്ധ പാദ്രെ പിയോയുടെ വലിയ ഭക്തയായിരുന്ന പട്രീഷ്യയുടെ വല്യമ്മയുടെ പ്രാര്‍ത്ഥനയാണ് അന്ന് പട്രീഷ്യയെ രക്ഷിച്ചത്. വല്യമ്മയുടെ പക്കല്‍ നിന്ന് വിശുദ്ധനെക്കുറിച്ചുള്ള കഥകള്‍ കേട്ടാണ് പട്രീഷ്യ വളര്‍ന്നുവന്നത്. വിശുദ്ധന്റെ അനുസരണവും മറ്റുള്ളവരോടുള്ള കരുതലുമായിരുന്നു പട്രീഷ്യയെ ഏറ്റവും ആകര്‍ഷിച്ചത്. നല്ല കുമ്പസാരം നടത്താന്‍ വിശുദ്ധ പാദ്രെ പിയോയുടെ മധ്യസ്ഥം താന്‍ എപ്പോഴും തേടിയിരുന്നതായി പട്രീഷ്യ പറയുന്നു.
സാന്‍ഡിനിസ്റ്റ വിപ്ലവത്തിന്റെ ആ കാലഘട്ടത്തില്‍ സ്‌കൂളുകളിലൂടെയും വിപ്ലവ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. കുട്ടികള്‍ സന്തോഷിക്കണമെന്നും കുട്ടികളാണ് വിപ്ലവത്തിന്റെ ഭാവിയെന്നുമാണ് പട്രീഷ്യ പോയിരുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നത്. ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് പഠിച്ച ഒരു വിപ്ലവഗാനം പട്രീഷ്യ വീട്ടില്‍ വന്ന് പാടുന്നത് പിതാവ് കേള്‍ക്കാനിടയായി. രാഷ്ട്രീയത്തില്‍ ഒരു വിഭാഗത്തിലും ചേര്‍ന്നിരുന്നില്ലെങ്കിലും വിപ്ലവചിന്താഗതികള്‍ ആ കുട്ടിയുടെ ഭാവിയില്‍ ദോഷം ചെയ്യുമെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു.
ഓരോ മാധ്യമത്തിനും ഇന്റര്‍വ്യൂ
നല്‍കുമ്പോഴും അമ്മ വിളിച്ച്
ശകാരിക്കും, ‘സാന്‍ഡിനിസ്റ്റ ഗവണ്‍മെന്റ് എങ്ങനെയാണ്
പ്രതികരിക്കുക എന്ന് വല്ല
ഊഹവുമുണ്ടോ?’.
‘അമ്മ ശാന്തമായിട്ടിരിക്ക്.
ദൈവം നമ്മുടെ കൂടെ ഉണ്ട് ‘
എന്ന മറുപടി മാത്രമായിരുന്നു
പട്രീഷ്യക്ക് നല്‍കാനുണ്ടായിരുന്നത്. പക്ഷേ അവസാനം
അവര്‍ ഭയപ്പെട്ടത് സംഭവിച്ചു.
തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് ക്രൈസ്തവ മൂല്യങ്ങളിലടിയുറച്ച മരിയ മാസറെല്ലോ സ്‌കൂളിലേക്ക് പട്രീഷ്യയെ മാറ്റി. വളര്‍ന്ന് അഭിഭാഷകയും നോട്ടറിയുമൊക്കെയായപ്പോഴേക്കും യേശുവുമായും കത്തോലിക്ക സഭയുമായും നല്ലൊരു ആത്മബന്ധം പട്രീഷ്യ സ്ഥാപിച്ചിരുന്നു. കൂടാതെ ജപമാല പ്രാര്‍ത്ഥനകളിലും കുരിശിന്റെ വഴി പ്രാര്‍ത്ഥനകളിലും അജപാലന പ്രവര്‍ത്തനങ്ങളിലും പട്രീഷ്യ സജീവമായി. ഇതിനിടെയാണ് മനാഗ്വ രൂപതയുടെ സമ്പര്‍ക്കമാധ്യമവിഭാഗത്തില്‍ അംഗമായതും റേഡിയോ മരിയയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതും. ഈ സമയമെല്ലാം ഗവണ്‍മെന്റിന്റെ അനീതികള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ മടിക്കാതിരുന്ന പട്രീഷ്യ മറ്റൊരു റേഡിയോ സ്റ്റേഷനില്‍ മനുഷ്യാവകാശങ്ങളും നിയമപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഒരു പരിപാടിയും ഹോസ്റ്റ് ചെയ്തിരുന്നു.
2018 ലാണ് പട്രീഷ്യയുടെയും നിക്കരാഗ്വയുടെയും ഗതിവിഗതികള്‍ മാറ്റിമറിച്ച പ്രക്ഷോഭത്തെ ഭീകരമായി ഗവണ്‍മെന്റ് അടിച്ചമര്‍ത്തിയത്. അന്ന് മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി കൊല്ലപ്പെട്ടു. ആയിരങ്ങളെ ജയിലില്‍ അടച്ചു. സെല്ലുകളില്‍ ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറി. ഭയത്തിന്റെയും കണ്ണീരിന്റെയും ദുഃഖത്തിന്റെ അമര്‍ഷത്തിന്റെയും കൊടുമുടിയില്‍ ഗവണ്‍മെന്റ് നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ പട്രീഷ്യ ധൈര്യസമേതം റേഡിയോയിലൂടെ പ്രതികരിച്ചുകൊണ്ടിരുന്നു. ഇതിനിടെയാണ് പട്രീഷ്യക്ക് അവിചാരിതമായി യുഎസിലേക്ക് പോകേണ്ടിവന്നതും അതിനിടെ സാന്‍ഡിനിസ്റ്റാ പോലീസ് പട്രീഷ്യയെ തേടി വീട്ടിലെത്തുന്നതും.
വിശുദ്ധ പാദ്രെ പിയോയുടെ സഹായം
അപ്രതീക്ഷിതമായി കുട്ടികളില്‍ നിന്ന് ഒറ്റപ്പെട്ട് അന്യനാട്ടില്‍ കഴിയേണ്ടി വന്ന സാഹചര്യം പട്രീഷ്യയുടെ വിശ്വാസത്തെ ഉലച്ചു. സഹനങ്ങളുടെ ഉത്തരം തേടിയുള്ള ഒരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു അത്. തന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ദൈവം നിശബ്ദനായതുപോലെ… എന്നാല്‍ കുറച്ചു കാലത്തിന് ശേഷം ഒരു സുഹൃത്തിന്റെ സഹായത്തോടെ ഹൂസ്റ്റണിലെ ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചതോടെ പട്രീഷ്യ ആത്മീയമായി വീണ്ടും കരുത്ത് പ്രാപിച്ചു. നിക്കരാഗ്വന്‍ സര്‍ക്കാരിന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരായ പോരാട്ടത്തിനൊപ്പം തന്റെ കുട്ടികളുടെ സുരക്ഷിതത്വവും പട്രീഷ്യയുടെ പ്രധാന പ്രാര്‍ത്ഥനാവിഷയമായി.
പട്രീഷ്യയുടെ പിഡിഎഫ് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി നല്‍കിയ മാധ്യമ ഇന്റര്‍വ്യൂകളെ തുടര്‍ന്ന് നിക്കരാഗ്വയിലെ പോലീസ് കേസുകള്‍ കെട്ടിച്ചമച്ച ഘട്ടത്തിലാണ് പട്രീഷ്യയുടെ പ്രാര്‍ത്ഥനകള്‍ക്ക് അത്ഭുതകരമായി ഉത്തരം ലഭിച്ചത്. ബൈഡന്‍ ഭരണകൂടം നിക്കരാഗ്വയിലെയും വെനസ്വേലയിലെയും ക്യൂബയിലെയും ജനങ്ങള്‍ക്ക് അനുവദിച്ച മനുഷ്യത്വ പരോളിന്റെ ഭാഗമായി കുട്ടികളായ സാമുവലിനും ഡാനിയേലക്കും യുഎസില്‍ തങ്ങളുടെ അമ്മയുടെ അടുത്തേക്ക് വരാന്‍ സാധിച്ചു. കുട്ടികള്‍ യുഎസിലെത്തുന്നതിനുമുമ്പുതന്നെ ‘നിക്കരാഗ്വ: ഒരു പീഡിത സഭ’യുടെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചിരുന്നു. തക്ക സമയത്ത് അവിടെ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ കുട്ടികളെ കാത്തിരിക്കുന്നത് എത്ര വലിയ ഭീകരതകളാണെന്ന് പട്രീഷ്യക്ക് മറ്റാരെക്കാളും ബോധ്യമുണ്ടായിരുന്നു. ദൈവം അത്ഭുതകരമായി അവിടെ ഇടപെട്ടു. കണ്ണീരോടെ മാര്‍ത്ത നടത്തിയ പ്രാര്‍ത്ഥനകള്‍ പഞ്ചക്ഷതമേറ്റ തന്റെ കരങ്ങളിലൂടെ വിശുദ്ധ പാദ്രെ പിയോ സ്വര്‍ഗത്തിലെത്തിക്കുകയായിരുന്നു.
ഇന്ന് യുഎസില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന പട്രീഷ്യ യുഎസ് കോടതികളില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.’നിക്കരാഗ്വ: ഒരു പീഡിത സഭ’യുടെ അഞ്ച് വാല്യങ്ങള്‍ പുറത്തിറങ്ങി കഴിഞ്ഞു. ഐക്യരാഷ്ട്രസഭ പോലും ഔദ്യോഗികമായി നിക്കരാഗ്വന്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഈ സ്വച്ഛാധിപത്യഭരണകൂടം ചെയ്തുകൂട്ടിയ ഭീകരതകളുടെ ആഴം ലോകത്തെ അറിയിച്ച രേഖയായി ‘പിഡിഎഫ്’ മാറി. സഭയ്‌ക്കെതിരായി ഒര്‍ട്ടേഗ ഗവണ്‍മെന്റ് സ്വീകരിക്കുന്ന ഒരോ നടപടികളും മാധ്യമങ്ങളിലൂടെ പുറംലോകത്ത് എത്തിക്കുന്നതില്‍ പട്രീഷ്യ ഇന്നും വലിയ പങ്ക് വഹിക്കുന്നുണ്ട്. കത്തോലിക്ക സഭയ്‌ക്കെതിരെ നിക്കരാഗ്വയില്‍ നടക്കുന്ന പീഡനങ്ങള്‍ കേവലം ഒറ്റപ്പെട്ടതോ യാദൃശ്ചികമോ ആയ സംഭവങ്ങളല്ല മറിച്ച് സഭയെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനും നിരീശ്വരവാദം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും 2018 മുതല്‍ ഡാനിയേല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് താന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരോ സംഭവങ്ങളിലൂടെയും പട്രീഷ്യ ലോകത്തോട് വിളിച്ചുപറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *