Follow Us On

11

February

2025

Tuesday

വെളിച്ചത്തിന് എന്തൊരു വെളിച്ചം!

വെളിച്ചത്തിന്  എന്തൊരു വെളിച്ചം!

അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര
സി.എം.ഐ

ക്രിസ്മസ് കാലത്ത് വിശുദ്ധ ചാവറപ്പിതാവിന്റെ മനസ് ഒരു കലാകാരന്റെ ഭാവനയ്‌ക്കൊത്ത് സഞ്ചരിച്ചപ്പോഴാണ് മലയാളത്തില്‍ ഇടയനാടകങ്ങള്‍ (എക്‌ലോഗ്) എന്ന കലാസൃഷ്ടി രൂപംകൊണ്ടത്. സെമിനാരിക്കാര്‍ക്കുവേണ്ടി ക്രിസ്മസ് കഴിഞ്ഞ് ദനഹത്തിരുനാള്‍ വരെ അവതരിപ്പിക്കാന്‍ പത്തു നാടകരൂപത്തിലുള്ള കലാപരിപാടി സജ്ജമാക്കി. ‘ഇടയനാടകങ്ങള്‍’ എന്ന പേരില്‍ അവ അറിയപ്പെടുന്നത്. പത്തു ദിവസവും പുല്‍ക്കൂടിനു മുമ്പിലാണ് മുപ്പതു മിനിട്ട് നീണ്ടുനില്ക്കുന്ന ഈ കലാപരിപാടി അവതരിപ്പിക്കുക. കേരളസാഹിത്യ അക്കാദമി, ജോണ്‍ പോളിന്റെ ആമുഖക്കുറിപ്പോടുകൂടി അഞ്ച് എക്‌ലോഗുകള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന അഞ്ചെണ്ണം ചാവറപ്പിതാവിന്റെ സ്വന്തം കൈപ്പടയില്‍ അല്ലാത്തതുകൊണ്ട് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ച അഞ്ച് ഇടയനാടകങ്ങളുടെയും സാഹിത്യപാഠങ്ങള്‍ വ്യത്യസ്തങ്ങളാണ്; വ്യത്യസ്ത പശ്ചാത്തലങ്ങളും.

ഇടയനാടകങ്ങളിലെ വ്യത്യസ്ത

രണ്ടാമത്തെ ഇടയനാടകം അവിശ്വാസികളുടെ വീക്ഷണത്തിലുള്ള യേശുജനനമാണ്. ഇതും കാവ്യരൂപത്തിലാണ് രചന. ഈ പുല്‍ക്കൂട് ദര്‍ശനം മഹാകാഴ്ചയൊന്നുമല്ലെന്ന് അവിശ്വാസിക്കൂട്ടം യുക്തിഭദ്രമായി അവതരിപ്പിക്കുന്നു. മൂന്നാമത്തെ ഇടയനാടകം ഇടയന്മാരുടെ സല്ലാപമാണ്. നാലാമത്തെ ഇടയനാടകത്തിന്റെ പശ്ചാത്തലം കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊലയാണ്. ഉണ്ണിമിശിഹായെ യൗസേപ്പിതാവും മാതാവുംകൂടി രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതാണ് കഥാംശം. ഹേറോദേസിന്റെ കൊടുംക്രൂരതയാണ് കഥാവസ്തു. അഞ്ചാമത്തെ ഇടയനാടകം വിശ്വാസവും ശരണവും ഉപവിയും തമ്മിലുള്ള സുഭാഷിതമാണ്.

പുല്‍ക്കൂട് ഇടയനാടകങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായ ശൈലിയാണ് പുലര്‍ത്തുന്നത്. മാനുഷികമൂല്യങ്ങളായ വിശ്വാസവും ശരണവും ഉപവിയും കഥാപാത്രങ്ങളായി രംഗപ്രവേശം ചെയ്യുന്നു. താന്താങ്ങളുടെ മഹിമകളെ വേദാന്തന്യായങ്ങളിലൂടെ സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നു. അവസാനം മൂവരുടെയും സഹാസ്തിത്വത്തിന്റെ പ്രസക്തി ബോധ്യമാക്കുന്നു. ‘നീയില്ലാതെ ഞാനില്ല, ഞാനും നീയും ഉണ്ടെങ്കിലേ നാമുള്ളൂ’ എന്ന തത്വമാണ് മൂവരെയും സഹാസ്തിത്വത്തിലേക്ക് നയിക്കുന്നത്. ഒരു ഗോവണിയായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ മൂന്നു ദൈവികപുണ്യങ്ങളുടെയും കേദാരമായ യേശുവിലേക്ക് എത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. വിശ്വാസം അവര്‍ക്കു വഴിതെളിച്ചുകൊണ്ട് മുമ്പേ നടക്കുന്നു.

ഉറ്റചങ്ങാതി

സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആനുകാലിക സാങ്കേതികത്വമായ ആശയങ്ങളെ കഥാപാത്രങ്ങളാക്കുക എന്ന രീതി. മധ്യകാലഘട്ടത്തില്‍ രൂപവത്കരിക്കപ്പെട്ട മൊറാലിറ്റി പ്ലേയുടെ രൂപഭാവങ്ങള്‍ ഈ എഴുത്തില്‍ സജീവമായി നിലനില്‍ക്കുന്നു. ഈ എഴുത്തുകളെല്ലാം തികച്ചും മൗലികമായിരുന്നുവെന്ന് നാടകാചര്യനായ കാവാലം നാരായണപ്പണിക്കര്‍ പറഞ്ഞുവയ്ക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍, ‘ചാവറയച്ചന്റെ ഈ എഴുത്തുകള്‍ കേരളത്തിലെ ഒരു നാടകശൈലിയെയും അനുകരിച്ചതായോ ഏതെങ്കിലും നാടകരൂപത്തെ സ്വാധീനിച്ചതായോ കാണാന്‍ കഴിയില്ല. ചാവറയച്ചന്റെ ഈ എഴുത്തുകളെ തികച്ചും തനതു നാടക കലാരൂപമായിട്ടേ കാണാന്‍ കഴിയൂ.’

ചാവറയച്ചന് പാശ്ചാത്യ കലാരൂപമായ എക്‌ലോഗുമായി ബന്ധമുണ്ടായിരുന്നു. ഇറ്റലിയില്‍ ജനിച്ചുവളര്‍ന്ന് അവിടെത്തന്നെ വിദ്യാഭ്യാസം നേടി കേരളത്തില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി എത്തിയ ലെയോപോള്‍ദ് എന്ന കര്‍മലീത്ത സന്യാസസഭക്കാരനായ വൈദികന്‍ ചാവറയച്ചന്റെ ഉറ്റചങ്ങാതിയും സഹകാരിയും ആലോചനക്കാരനുമായിരുന്നു. കൂനമ്മാവില്‍ വൈദികപരിശീലനം ആരംഭിച്ചപ്പോള്‍ ക്രിസ്മസ് കഴിഞ്ഞുവരുന്ന അവധിക്കാലം സമ്പന്നമാക്കാനുള്ള വഴികളെക്കുറിച്ച് സായാഹ്നങ്ങളില്‍ വീണുകിട്ടുന്ന സമയങ്ങളില്‍ ഇരുവരും ആലോചിച്ചിരുന്നു. തല്‍ഫലമായി രൂപംകൊണ്ട കലാംശമാണ് ഇടയനാടകങ്ങള്‍. ഇതിന് ഇറ്റലിയില്‍ പ്രചാരം സിദ്ധിച്ച വീര്‍ജിലിന്റെ നാലാമത്തെ ഇടയനാടകവുമായി ബന്ധമുണ്ട്. എക്‌ലോഗിന്റെ ചരിത്രം ഇന്നും ഇറ്റലിയില്‍ സ്‌കൂള്‍ തലത്തിലുള്ള വിദ്യാഭ്യാസ കരിക്കുലത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഇടയഗീതത്തിന്റെ പ്രത്യേകതകള്‍

ഇറ്റാലിയന്‍ ഭാഷ സ്വായത്തമായിരുന്ന ചാവറ പിതാവിന് വിര്‍ജലിന്റെ നാലാമത്തെ എക്‌ലോഗ് ലെയോപോള്‍ദ് മിഷനറി പരിചയപ്പെടുത്തുകയോ വായിക്കാന്‍ കൊടുക്കുകയോ ചെയ്തിട്ടുണ്ടാവണം. വീര്‍ജിലിന്റെ എക്‌ലോഗ് എന്ന സാഹിത്യരചനയുടെ പ്രാഗ്‌രൂപം ഗ്രീക്കുകവിയും ചിന്തകനുമായ തിയോ ക്രിസ്റ്റസില്‍ എത്തിനില്‍ക്കുന്നു. ഈ എഴുത്തു ശൈലി പാസ്റ്ററല്‍ സംഗീതമായിട്ടാണ് പരിഗണിച്ചിരുന്നത്. ഇടയഗീതം വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ഇത് പദ്യശകലങ്ങളായും സംസാരരീതിയിലും എഴുതപ്പെട്ടവയായിരുന്നു. ഇടയഗാന രൂപത്തിലുള്ള ഈ എഴുത്ത്, ഇടയപശ്ചാത്തലത്തിലെ പ്രണയങ്ങളായിട്ടാണ് എഴുതപ്പെട്ടിരുന്നത്. ഈ കാവ്യങ്ങളിലെ വിഷയം അത്രയും പ്രകൃതിഭംഗിയില്‍ കുളിച്ചുനില്‍ക്കുന്നതായിരുന്നു. ഗ്രീക്ക് ഭാഷയില്‍ എഴുതപ്പെട്ട ഇടയഗീതകങ്ങള്‍ യൂറോപ്പിലെങ്ങും കാലക്രമേണ പടര്‍ന്നുപന്തലിച്ചു. ഗ്രീക്ക് ഭാഷയുടെ സ്വാധീനവും സാധാരണത്വവുമാണ് അതിനു പ്രധാന കാരണമായിത്തീര്‍ന്നത്. പിന്നീട് റോമന്‍ കവിയായിരുന്ന വിര്‍ജീലിയൂസ് ഈ കാവ്യശാഖയുടെ പ്രചാരകനായിതീര്‍ന്നു. വിര്‍ജീലിയൂസ് പന്ത്രണ്ടിലധികം എക്‌ലോഗ് രചനകള്‍ നടത്തിയിട്ടുണ്ട്.

പരിണാമവഴികളിലൂടെ

പതിനഞ്ചു രാജ്യങ്ങളിലായി ഏതാണ്ട് മുപ്പത്തിരണ്ട് എഴുത്തുകാര്‍ ഈ സാഹിത്യ ശൈലിക്ക് സംഭാവനകള്‍ നടത്തിയിട്ടുണ്ട്. 280 ബി.സിയിലെ എഴുത്തുകാരനായ സ്മിര്‍നയിലെ ബിയോണ്‍ മുതല്‍ ബോസറ്റണില്‍നിന്നുള്ള ഇന്നും ജീവിച്ചിരിക്കുന്ന എഴുത്തുകാരി മെലിസാഗ്രീന്‍ വരെയുള്ള എഴുത്തുകാര്‍ ഈ സാഹിത്യശാഖയെ അനുധാവനം ചെയ്തവരായിരുന്നു. വളരെയധികം പരിണാമവഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യ ശാഖയാണ് ഇടയനാടകങ്ങള്‍. പശ്ചാത്യദേശങ്ങളിലും അനുബന്ധ രാജ്യങ്ങളിലും ഉണ്ടായ നവോത്ഥാന ജ്ഞാനോദയചിന്തകള്‍ ഈ സാഹിത്യശാഖയിലേക്ക് കടന്നുകയറുകയും വളരെയധികം പരിണാമപ്രക്രിയകള്‍ക്ക് വിധേയമാകുകയും ചെയ്തു. പാസ്റ്ററല്‍ സംഗീതമായി തുടങ്ങിയ ഈ സാഹിത്യശാഖയുടെ പേരുകളിലും സാഹിത്യാംശത്തിലും വന്ന വ്യതിയാനങ്ങള്‍ വളരെയാണ്. ബുക്കോലിക്ക, ഇഡിലിക്, പാസ്റ്ററല്‍ പ്ലേ, ആര്‍ക്കാഡിയ എന്നിവയൊക്കെ അതിനുദ്ദാഹരണങ്ങളാണ്. മാനവചരിത്രത്തില്‍ നടന്ന മനുഷ്യഹത്യകളും പ്രകൃതിയോടു ചെയ്യുന്ന ക്രൂരതകളും കാലാന്തരത്തില്‍ എക്‌ലോഗില്‍ വിഷയമാക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടില്‍ വിര്‍ജീലെഴുതിയ എക്‌ലോഗിന്റെ കൈയെഴുത്തുപ്രതി വര്‍ത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ലോക സാഹിത്യശില്പി

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പത്ത് ഇടയനാടകങ്ങളെഴുതി ഈ സാഹിത്യസരണിയില്‍ പങ്കുകാരനായി. അതുകൊണ്ട് കേരളസാഹിത്യശില്പി എന്നതിലുപരി ലോക സാഹിത്യശില്പി എന്ന പട്ടം ചാര്‍ത്തലായിരിക്കും ഉത്തമം. വിശുദ്ധരുടെ കൂട്ടത്തില്‍ ഇടയനാടക എഴുത്തുകാരനും ഇടയനാടക എഴുത്തുകാരില്‍ വിശുദ്ധനുമായ അസാധാരണത്വം വിശുദ്ധ കുര്യക്കോസ് ഏലിയാസ് ചാവറയ്ക്കു മാത്രം അര്‍ഹിക്കുന്നതാണ്. സാഹിത്യനഭസില്‍ പ്രഭ വിതറുന്ന നക്ഷത്രമാകാനുള്ള ഉദ്ദേശ്യം ചാവറ പിതാവില്‍ ഉണ്ടായിരുന്നുവോ എന്നു ചോദിച്ചാല്‍ ആ ഒരു ചിന്ത പരിസരത്തുകൂടിപ്പോലും കടന്നുപോയിട്ടില്ല എന്നു പറയേണ്ടിവരും. ചെറുപ്പക്കാരായ ശിഷ്യഗണങ്ങള്‍ക്ക് വിദ്യാദാനപ്രക്രിയയ്ക്ക് വ്യത്യസ്തമായ വഴി തേടിയപ്പോള്‍ നാടകം പുതിയൊരു ആവിഷ്‌കാരമായി അക്കാലത്ത്. ഗുരുക്കന്മാര്‍ ജ്ഞാനസൂചികൊണ്ട് ജ്ഞാനകുരുടന്മാരുടെ കണ്ണിലെ തിമിരം നീക്കേണ്ടിയിരിക്കുന്നു. ഗുരുവിനും ശിഷ്യനും ഒന്നുപോലെ ഗുരുത്വം നഷ്ടപ്പെടുത്തുന്ന കാലഘട്ടത്തില്‍ ഒരു തിരിഞ്ഞുനടപ്പ് ആവശ്യമായിരിക്കുന്നു.
അമ്മയ്ക്കു കുട്ടിയോടുള്ള സ്‌നേഹവായ്പ് വികാരപരമാണ്. അറിവ് വികാരമാകുമ്പോള്‍ ഭാവനയും ഭാവാത്മകതയും ഉള്ള വ്യക്തികള്‍ എവിടെയും കലാരൂപങ്ങള്‍ സൃഷ്ടിക്കും. ചാവറയച്ചന് യേശുവിന്റെ ജനനകഥ വെറും അറിവിലും അപ്പുറം നിത്യതയുള്ള വൈകാരികമായ ഓര്‍മകളായിരുന്നു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?