ബിഷപ് ഡോ. അലക്‌സ് വടക്കുംതല
കുരിശിന്റെ വഴിയുടെ വശ്യതയും സ്വാധീനവും ഹൃദയഹാരിയായ വിധത്തില്‍ അടുത്തിടെ എന്നോട് പങ്കുവച്ചത് ഒരു വനിതാ ഡോക്ടറാണ്. പന്ത്രണ്ടു വര്‍ഷംമുമ്പ് ഹൈന്ദവ സമുദായത്തില്‍നിന്നും ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവരാന്‍ ഒരു കാരണം കുരിശിന്റെ വഴി ആണെന്ന് അവര്‍ തികഞ്ഞ ബോധ്യത്തോടെ പറഞ്ഞു. പീഢാനുഭവ വഴിയിലെ പതിനാലു മുഹൂര്‍ത്തങ്ങള്‍ നിശബ്ദതയില്‍ നിറമിഴികളോടെ ധ്യാനിക്കാന്‍ അവരെ പ്രേരിപ്പിച്ചു. അത് ജീവിത വഴിത്താരയില്‍ നിര്‍ണ്ണായകമായി. ക്രിസ്തുവിന്റെ സ്വന്തമായി മാറി ആ യുവഡോക്ടര്‍.
യേശു അന്യായമായി വിധിക്കപ്പെടുന്നതും അവഹേളനാപാത്രമായി കുരിശും പേറി നടത്തപ്പെടുന്നതും യഥാര്‍ത്ഥത്തില്‍ നമ്മുടെയും ജീവിതാനുഭവങ്ങളാണ്. മൂന്നുപ്രാവശ്യമുള്ള വീഴ്ച നമ്മുടെയും വീഴ്ചകളാണ്. എഴുന്നേല്ക്കാനാവാതെ തളരുമ്പോള്‍, തകര്‍ന്നടിഞ്ഞ അനുഭവത്തിലും പിടിച്ചെഴുന്നേല്‍ക്കാന്‍ പ്രചോദനമാവുന്നത് കാല്‍വരിയിലേക്കുള്ള ആ യാത്രയാണ്. മറ്റുള്ളവരുടെ മുമ്പിലും വാട്‌സ് ആപ്പിലും, സോഷ്യല്‍ മീഡിയയിലും പലരുടെയും വസ്ത്രവും തൊലിയും അഭിമാനവും വലിച്ചൂരി വിവസ്ത്രരാക്കപ്പെടുന്നുണ്ട്. അവരുടെ പീഢാനുഭവ യാത്രയില്‍ ഒരു സഹയാത്രികന്‍ പങ്കുചേരുന്നുണ്ട് എന്ന ഓര്‍മ്മ തെല്ലൊരു ആശ്വാസക്കുളിരാണ്. നെഞ്ചിലെ നെരിപ്പോട് കത്തിയെരിയുമ്പോഴും സഹനത്തീയില്‍ വെന്തുരുകുമ്പോഴും, കാത്തുനില്ക്കുന്ന ഒരു അമ്മയുടെ കണ്ണീര്‍ നിറഞ്ഞ മിഴികളും, വെറോനിക്കയുടെ മുഖത്തൂവാലയും ശിമയോന്റെ കരുതലും വഴിയോരത്തെ കരുണാകടാക്ഷങ്ങളും കുരിശുയാത്രയിലെ സാന്ത്വനത്തുള്ളികളാണ്.
മുറിവും സൗഖ്യവും
യേശുവിന്റെ ഈ സഹനയാത്ര നടക്കുന്നതിന് ഏഴുനൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച ഏശയ്യാ എഴുതിയത് ഇതാണ്: നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി, ക്ഷതമേല്പ്പിക്കപ്പെട്ടു. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു(ഏശയ്യാ 53:1-4).
അലോഷ്യസ് കുളങ്ങര അച്ചന്റെ, ‘ആഴങ്ങളിലാണ് കൊമ്പന്മാര്‍”എന്ന പുസ്തകത്തില്‍ ഉണങ്ങാത്ത മുറിവുള്ളൊരാള്‍’എന്ന ലേഖനം ഉപസംഹരിക്കുന്നത് ഈ വാക്കുകളോടെയാണ്: യേശു കാല്‍വരിയില്‍ ശരീരമാസകലം മുറിവേറ്റത് സകല മനുഷ്യരെയും സുഖപ്പെടുത്തുന്നതിനു വേണ്ടിയാണ്. ഇന്നും ഉണങ്ങാത്ത മുറിവുകളുമായി അവന്‍ കാല്‍വരിയിലുണ്ട്. ഒന്നു കണ്ണുപൂട്ടി, വിശ്വാസത്താല്‍, ആ കാല്‍വരി കുരിശിന്റെ താഴെ നില്ക്കുകയാണെങ്കില്‍ ആ മുറിവില്‍ നിന്നും നിങ്ങളുടെ രോഗാതുരമായ അവസ്ഥയിലേക്ക്, ആ രക്തമൊഴുകുന്നത് കാണാന്‍ കഴിയും!'(ഫാ. കുളങ്ങര, ആഴങ്ങളിലെ കൊമ്പന്മാര്‍, പാരക്ലിറ്റ ബുക്‌സ്, പേജ് 23). കാല്‍വരിയിലേക്കുള്ള പീഢാനുഭവയാത്ര, നമ്മുടെ സങ്കടങ്ങളില്‍ നിന്നും മുറിവുകളില്‍ നിന്നും സൗഖ്യത്തിലേക്കും, പരാജയങ്ങളില്‍ നിന്നും വിജയത്തിലേക്കും അസ്വസ്തതകളില്‍ നിന്ന് ആശ്വാസത്തിന്റെ ശാന്തതയിലേക്കുമുള്ള യാത്രകൂടിയാണ്. കുരിശുയാത്രയുടെ ആഴത്തിലുള്ള ധ്യാനം നമുക്ക് സമ്മാനിക്കുന്നത് അതാണ്. കുരിശുയാത്രയില്‍ സൗഖ്യവും സ്‌നേഹവും സമാധാനവും സ്വന്തമാക്കാനാവുന്നത് നമ്മെത്തന്നെ ആശ്രയിച്ചിരിക്കുന്നു.
വിശുദ്ധ ഫൗസ്തീന തന്റെ ഡയറിക്കുറിപ്പില്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: സഹിക്കുന്ന ആത്മാവേ, ദൈവം നിന്നെ എത്രയധികമായി , സ്‌നേഹിക്കുന്നുവെന്ന് നീ അറിയുകയാണെങ്കില്‍ നീ സന്തോഷത്താല്‍ മരിക്കും!’തപം എന്ന പുസ്തകത്തില്‍ ഫാ. ജോസഫ് കുമ്പുക്കല്‍ കുറിച്ചിരിക്കുന്നത് ഇത്തരുണത്തില്‍ പ്രസക്തമാണ്: അവര്‍ ക്രിസ്തുവിന്റെ തോളില്‍ വച്ചുകൊടുത്ത നിമിഷം മുതലാണ് കുരിശ് അഭൗമികമായ ഒരു പരിവേഷത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. അന്നുവരെ അത് കേവലം രണ്ടു തടിക്കഷണങ്ങള്‍ ചേര്‍ത്തു നിര്‍മ്മിച്ച ക്രൂരമായ ദണ്ഡനോപകരണം മാത്രമായിരുന്നു. മറ്റെന്തു വസ്തു ചുമലിലേറ്റിയാലും എല്ലാവര്‍ക്കും സമാന ഭാരമാണ് അനുഭവപ്പെടുക. എന്നാല്‍, കുരിശിന്റെ ഭാരം നിര്‍ണയിക്കേണ്ടത് അത് വഹിക്കുന്ന ആളാണ്. അവനവന്‍ വഹിക്കേണ്ട കുരിശിനോടുള്ള മനോഭാവമനുസരിച്ചാണ് ഭാരം കൂടുകയോ കുറയുകയോ ചെയ്യുക. സന്തോഷത്തോടെയാണ് അത് സ്വീകരിക്കുന്നതെങ്കില്‍ തെല്ലും ഭാരം അനുഭവപ്പെടുകയില്ലെന്നു മാത്രമല്ല, മുന്നോട്ടുള്ള ചുവടുവയ്പ്പുകള്‍ അനായാസമാകുകയും ചെയ്യും. ആഞ്ഞു പുല്‍കിയ കുരിശുകള്‍ ഇന്നോളം എത്രയോ ജീവിതങ്ങളെയാണ് വിശുദ്ധിയുടെ പടവുകളിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്!’എങ്ങനെയാണ് അത്ര അനായാസം ക്രിസ്തുവിന് അത് താങ്ങാനായത്? വ്യത്യാസം അവന്റെ മിഴികളിലായിരുന്നു. അന്നോളം കുരിശു ചുമത്തപ്പെടുന്ന സകലരും കുരിശിന്റെ ഭാരത്തിലേക്കും അത് ചുമലില്‍ വച്ചു കൊടുക്കുന്നവരുടെ ക്രൂരമാര്‍ന്ന മുഖത്തിലേക്കുമൊക്കെയായിരുന്നു കണ്ണ് പതിപ്പിച്ചിരുന്നത്. എന്നാല്‍, പിതാവിലേക്കായിരുന്നു അവന്റെ നോട്ടം മുഴുവന്‍ (ഫാ. ജോസഫ് കുമ്പുക്കല്‍, തപം, ആത്മ ബുക്‌സ്).
കുരിശു വഴികളില്‍
പതിനെട്ടാം നൂറ്റാണ്ടുമുതല്‍ എല്ലാ ദുഃഖവെള്ളിയാഴ്ചകളിലും മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ആഘോഷമായി നടത്തപ്പെടുന്ന കുരിശിന്റെ വഴിയുടെ വേദി റോമിലെ കൊളോസിയമാണ്. അതിന് ഹൃദയസ്പര്‍ശിയായ ഒരു ചരിത്രമുണ്ട്. എ.ഡി 72-ല്‍ വെസ്പാനിയന്‍ ചക്രവര്‍ത്തി നിര്‍മാണം തുടങ്ങി അദ്ദേഹത്തിന്റെ പിന്‍ഗാമി ടൈറ്റസ് ചക്രവര്‍ത്തി 8 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ, പല ഭൂകമ്പങ്ങളെപോലും അതിജീവിച്ച, ലോകത്തിലെ ഏറ്റവും വലിയ ആംഫി തിയറ്റര്‍ ആയതിനാല്‍ മാത്രമല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി നിരവധി പേര്‍ തങ്ങളുടെ ചുടുചോര ചിന്തിയ വ്യത്യസ്ത ചരിത്രം അതിനുണ്ട്. ധീരരായ ആ രക്തസാക്ഷികളുടെ ഓര്‍മയ്ക്കായ് രണ്ടായിരാമാണ്ടില്‍ വിശുദ്ധ ജോണ്‍പോള്‍ പാപ്പ വലിയൊരു കുരിശ് അവിടെ നാട്ടി. നൂറ്റാണ്ടുകളായി, പ്രത്യേകിച്ച് വലിയ നോമ്പുകാലത്ത് ക്രിസ്തുവിന്റെ പീഡാസഹനങ്ങള്‍ അനുസ്മരിച്ച് അവിടെ കുരിശിന്റെ വഴി നടക്കുന്നു. 1964-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പുനരാരംഭിച്ച ഈ കീഴ്‌വഴക്കം ഇപ്പോഴും മുടങ്ങാതെ തുടരുന്നു.
പാര്‍ക്കിന്‍സന്‍സ് രോഗവും വാര്‍ധക്യസഹജമായ ശാരീരിക പ്രയാസങ്ങളും കാരണം 2005-ലെ ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയ്ക്ക് പങ്കെടുക്കാനായില്ല. വത്തിക്കാനിലെ തന്റെ വസതിയിലെ ചാപ്പലില്‍ ഇരുന്ന് കൊളോസിയത്തില്‍ നടന്ന കുരിശിന്റെ വഴിയുടെ തല്‍സമയ സംപ്രേഷണത്തില്‍ മുഴുനീളം പാപ്പ പങ്കെടുത്തു. കുരിശിന്റെ വഴിയുടെ സമാപനത്തില്‍ അവിടെ സഹായിയായി ഉണ്ടായിരുന്ന വൈദികന്‍ അള്‍ത്താരയില്‍നിന്നും ആ ക്രൂശിത രൂപം എടുത്ത് ചുണ്ടോട് അടുപ്പിച്ചുകൊടുത്തു. പാപ്പ സ്‌നേഹാദരവുകളോടെ കുരിശ് ചുംബിച്ചു. പിന്നെ മിഴികള്‍ പൂട്ടി. രോഗാവസ്ഥയിലും സഹനവേളയിലും ആരോടും പങ്കുവെക്കാനാവാത്ത നൊമ്പര നിമിഷങ്ങളിലും കുരിശ് ആശ്വാസമാകണം. കുരിശിന്റെ വഴി കരുത്തും കൃപാസ്രോതസുമാകണം. വിന്‍സെന്റ് വാരിയത്ത് അച്ചന്റെ മനോഹരങ്ങളായ പുസ്തകങ്ങളില്‍ ഒന്നാണ് ചില്ലുവാതില്‍. അതില്‍’ഡിപ്രഷന്‍ എന്ന കറുത്ത പട്ടി’എന്ന അധ്യായത്തില്‍ തളര്‍വാതം പിടിപെട്ട് കിടപ്പിലായ ഒരു യുവാവിനെപ്പറ്റി വിവരിക്കുന്നുണ്ട്. സ്വാഭാവികമായും കനത്ത ഡിപ്രഷനിലേക്ക് തെന്നിമാറാവുന്ന ദുരന്ത കാലമാണത്. പക്ഷേ, അയാള്‍ അപ്പോഴും പുഞ്ചിരിയോടെ എല്ലാം മാനേജ് ചെയ്യുന്നു. കൂട്ടുകാരന്‍ അദ്ഭുതത്തോടെ ചോദിച്ചു: നിനക്കെങ്ങനെ ഈ ഒരു അവസ്ഥയെ സ്വീകരിക്കാന്‍ പറ്റുന്നു? ഭിത്തിയിലെ ക്രൂശിത രൂപത്തിലേക്ക് നോക്കിയിട്ട് അയാള്‍ പറഞ്ഞു: അവനെ നോക്കി കിടക്കുവോളം എനിക്ക് എല്ലാം മാനേജ് ചെയ്യാന്‍ സാധിക്കും!
അസ്ഥികള്‍ക്ക് കാന്‍സര്‍ ബാധിച്ച ഒരമ്മയെക്കുറിച്ച് വായിക്കാനിടയായി. വത്സ എന്നായിരുന്നു അവരുടെ പേര്. മരിക്കുമ്പോള്‍ 51 വയസ് മാത്രം പ്രായം. സാധാരണ ഗതിയില്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ സ്വാഭാവികമായും മരുന്നും ചികിത്സയും ഫലിക്കാതാകും. അസഹനീയമായ വേദനയും വിഷമവും നിരാശയും കൊണ്ട് രോഗികള്‍ കരച്ചിലും പരാതിപ്പെടലും പരിഭവവുമൊക്കെയാകും. വത്സയോട് എഞ്ചിനീയറും ആധ്യാത്മികതയില്‍ തീക്ഷ്ണതയുമുള്ള മകന്‍ പറഞ്ഞു: ‘മമ്മീ, കഠിനവേദന ഉണ്ടെന്നറിയാം. പക്ഷേ, അതിനെപ്പറ്റി ആരോടെങ്കിലുമൊക്കെ പരാതിപ്പെടുകയാണെങ്കില്‍ ഈ സഹനം പാഴാക്കി കളയുകയല്ലേ? അത് ഈശോയ്ക്ക് സമര്‍പ്പിക്കുമെങ്കില്‍, കുരിശിനോട് ചേര്‍ത്തുവയ്ക്കുകയാണെങ്കില്‍, ഒത്തിരി പേരെ ഈശോയോട് അടുപ്പിക്കാനാവില്ലേ?’
വത്സ അത് സമ്മതിച്ചു: പിന്നെ, അവള്‍ക്ക് ആരോടും പരാതിയില്ലായിരുന്നു. അവസാന ഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ നഴ്‌സ് ചോദിച്ചു: ‘ചേച്ചീ, നല്ല വേദന സഹിക്കുന്നുണ്ടാവും അല്ലേ?’വത്സയുടെ ശാന്തമായ മറുപടി: അതു സാരമില്ല! ഈശോ എന്നോടൊപ്പം ഉണ്ടല്ലോ! ഐസിയുവില്‍ മകന്‍ വന്ന് മെല്ലെ കവിളില്‍ തലോടി ചോദിച്ചു: എങ്ങിനെയുണ്ട് മമ്മീ?’പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: സന്തോഷമാണ് മോനേ!’വത്സയുടെ പ്രാര്‍ത്ഥന ഇതായിരുന്നു: എനിക്ക് ഇനിയും സഹനം തരണേ. അതിലൂടെ കൂടുതല്‍ പേര്‍ അങ്ങയുടെ അടുത്തേക്ക് വരാന്‍ ഇടയാക്കണേ!’ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിത്യതയിലേക്ക് അവര്‍ യാത്രയായി. മൃതസംസ്‌ക്കാര വേളയില്‍ ഒരു സ്വര്‍ഗീയ സാന്ത്വനം ആ കുടുംബാംഗങ്ങളിലും കൂടെ ഉണ്ടായിരുന്നവരിലും നിറഞ്ഞുനിന്നിരുന്നു. (cfr. Joe Mannath SDB, It’s Him!, Don Bosco Centre, Bangalore, page 209)
Leave a Comment
Your email address will not be published. Required fields are marked with *