ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീര്‍ നഗരത്തിലെ ക്രിസ്ത്യന്‍ ദൈവാലയത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനാ ശുശ്രൂഷക്കെത്തിയ വിശ്വാസികള്‍ക്ക് ക്രൂരമര്‍ദ്ദനം. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കുന്ന സമയം 200 പേരടങ്ങുന്ന അക്രമി സംഘം ദൈവാലയത്തിലേക്ക് അതിക്രമിച്ച് കയറി ഇരുമ്പ് വടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ട് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അക്രമത്തില്‍ 50ഓളം വിശ്വാസികള്‍ക്ക് പരിക്കേറ്റു. അതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ശുശ്രൂഷകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇതുവരെ ദൈവാലയത്തില്‍ കാണാത്ത ഒരാള്‍ ഉണ്ടായിരുന്നതായും മുഴുവന്‍ വിശ്വാസികളും ദൈവാലയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഇയാള്‍ ഫോണിലൂടെ അക്രമികള്‍ക്ക് സന്ദേശം നല്‍കിയ ശേഷം അവിടെനിന്നും സ്ഥലംവിട്ടുവെന്നും ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവസ്ഥലത്തേക്ക് പോലീസ് എത്തിയപ്പോള്‍ അക്രമികള്‍ തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുപകരം പോലീസ് പരിക്കേറ്റവരെ ചോദ്യം ചെയ്യുകയും മതപരിവര്‍ത്തനം ആരോപിക്കുകയുമായിരുന്നു.
മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പോലീസ് വിശ്വാസികള്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചെങ്കിലും തെളിവുകളുടെ അഭാവം മൂലം അതിന് സാധിച്ചില്ല.
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ട്. 2014 ല്‍ 127 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2024 ല്‍ അത് 834 ആയി ഉയര്‍ന്നു.
Leave a Comment
Your email address will not be published. Required fields are marked with *