Follow Us On

23

March

2025

Sunday

ഗാസ വീണ്ടും അശാന്തമാകുമ്പോള്‍; ദൗത്യം തുടര്‍ന്ന് കത്തോലിക്ക ഇടവക

ഗാസ വീണ്ടും അശാന്തമാകുമ്പോള്‍; ദൗത്യം തുടര്‍ന്ന് കത്തോലിക്ക ഇടവക

ഗാസ: ‘സാഹചര്യം വളരെ മോശമാണ്, ഞങ്ങളുടെ പ്രദേശം ഇപ്രാവശ്യം തകര്‍ന്നില്ലെങ്കിലും ബോംബാക്രമണത്തിന്റെ ശബ്ദം കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്,’ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവകയിലെ വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി സ്വകാര്യ ന്യൂസ് ഏജന്‍സിക്ക് അയച്ച ശബ്ദ സന്ദേശമാണിത്.  ഇടവക ദൈവാലയത്തിന് പ്രശ്നമൊന്നുമില്ലെന്നും  അവിടെ അഭയം തേടിയിരിക്കുന്ന ഇടവകാംഗങ്ങളും മറ്റ് സഭാംഗങ്ങളും മുസ്ലീം കുട്ടികളുമുള്‍പ്പടെ എല്ലാവര്‍ക്കും സേവനം തുടരുന്നതായും ഫാ. റൊമാനെല്ലി വ്യക്തമാക്കി.  ഇവിടെയുള്ള ഇടവകാംഗങ്ങളെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നും ഫാ. റൊമാനെല്ലി പറഞ്ഞു.

500റോളം ആളുകള്‍ താമസിക്കുന്ന ഒരു അഭയകേന്ദ്രം കൂടിയായി പ്രവര്‍ത്തിക്കുന്ന ദൈവാലയത്തില്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍, പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍, കത്തോലിക്കര്‍, വൈകല്യമുള്ള 50-ലധികം മുസ്ലീം കുട്ടികളും അവരുടെ കുടുംബങ്ങള്‍ എന്നിവരും താമസിക്കുന്നുണ്ട്. ‘ഇവിടെ ഞങ്ങള്‍  എല്ലാവരും നന്മ ചെയ്യാന്‍ ശ്രമിക്കുന്നു. സേവിക്കാന്‍ ശ്രമിക്കുന്നു, ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പ്രായമായവരെയും കുട്ടികളെയും സഹായിക്കുന്നു. സമാധാനം സാധ്യമാണെന്ന് എല്ലാവരേയും ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കും. സമാധാനത്തിനും നീതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം. എല്ലാവര്‍ക്കും, പാലസ്തീന്‍ വംശജര്‍ക്കും ഇസ്രായേലിനും സമാധാനത്തിന്റെ ഒരു കാലഘട്ടം കര്‍ത്താവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഫാ. റൊമാനെല്ലി പറഞ്ഞു.

ഇസ്രായേലും ഹമാസും തമ്മില്‍ രണ്ട് മാസം നീണ്ടുനിന്ന വെടിനിര്‍ത്തലിന് ശേഷം  ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സൈനികാക്രമണത്തില്‍ 300-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റരാത്രികൊണ്ട്, ഇസ്രായേലി വിമാനങ്ങള്‍ നിരവധി സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തതായും ഹമാസ് നേതാക്കളെ വധിച്ചതായും വാര്‍ത്തകളുണ്ട്. വെടിനിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ചകളില്‍ പുരോഗതി ഇല്ലാത്തതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. അതേസമയം 59 ഇസ്രായേലി ബന്ധികള്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലാണ്. ഗാസയിലെ ആക്രമണം തടയുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ഈജിപ്ത് ഒരു ഹമാസ് പ്രതിനിധി സംഘത്തെ കെയ്‌റോയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഖത്തറി പത്രമായ അല്‍-അറബി അല്‍-ജദീദ് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?