Follow Us On

06

April

2025

Sunday

കാശ്മീരിലും കനവിലും കരളിലും ക്രിസ്തു

കാശ്മീരിലും കനവിലും  കരളിലും ക്രിസ്തു

ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കുരിശില്‍ നിന്നിറങ്ങിയ ക്രിസ്തു കാശ്മീരിലെത്തി, ശിഷ്ടകാലം അവിടെ ജീവിച്ചു എന്ന ഒരു ഗവേഷണ പ്രബന്ധം ജര്‍മ്മന്‍ എഴുത്തുകാരന്‍ ഹോള്‍ഗര്‍ കെര്‍സ്റ്റന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘Jesus lived in India: His unknown life before and after the Crucifixion’ എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം. 1973-ലാണ് ഇപ്രകാരം ഒരു കൗതുകവാര്‍ത്ത ഹോള്‍ഗറിനു കിട്ടിയത്. തുടര്‍ന്ന്, അതിന്റെ പിറകിലായി തന്റെ അന്വേഷണവും പഠനവും യാത്രകളും.

റഷ്യന്‍ ചരിത്രകാരനായിരുന്ന നിക്കോളായ് നോട്ടോവിച്ച് 1887-ന്റെ അവസാനത്തോടെ കാശ്മീരില്‍ വന്നിരുന്നു. ഹിമാലയ സാനുക്കളിലെ സാഹസികമായ യാത്രക്കൊടുവില്‍ 3500 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയരമുള്ള ലഡാക്കിനടുത്തുള്ള സോജി-ല പ്രദേശത്തെ ‘ഹാപ്പി വാലിയില്‍ അദ്ദേഹം എത്തി. ആഴ്ചകള്‍ നീണ്ട അലച്ചിലുകള്‍ക്കൊടുവില്‍ ഒരു ബുദ്ധാശ്രമത്തില്‍ താമസിക്കാനിടയായി. അവിടത്തെ ആശ്രമശ്രേഷ്ഠന്‍ ആകസ്മികമായി ഒരു ക്രൈസ്തവ ദലൈലാമയെപ്പറ്റി സംസാരിച്ചത് അദ്ദേഹം ശ്രദ്ധിച്ചു. ദൈവത്തിന്റെ പുത്രനായ, ബുദ്ധഭിക്ഷു ഈശയെപ്പറ്റി വിവരിക്കുമ്പോള്‍ അയാള്‍ കൂടുതല്‍ വാചാലനായി. അത് നോട്ടോവിച്ചിനെ ആകാംക്ഷാഭരിതനാക്കി. ഈശ പ്രവാചകനെപ്പറ്റിയുള്ള വിവരണങ്ങളടങ്ങുന്ന പുരാതനഗ്രന്ഥം ലഡാക്കിന്റെ തലസ്ഥാനമായ ലേയിലെ പരിപൂര്‍ണ്ണനെ ധ്യാനിക്കുന്ന പുണ്യസ്‌നാനം’എന്നറിയപ്പെടുന്ന, വിഖ്യാതമായ ഹെമിസ് ആശ്രമത്തില്‍ ഉണ്ടെന്നറിഞ്ഞ് നോട്ടോവിച്ച് ഋഷിസ്ഥാനം’ലക്ഷ്യമാക്കി സഞ്ചാരം തുടര്‍ന്നു.

സഞ്ചാരിയുടെ കെട്ടുകഥകള്‍
നീണ്ട യാത്രക്കൊടുവില്‍ സദാ ഹിമം മൂടിക്കിടക്കുന്ന ‘ഹെമിസ് ആശ്രമത്തിലെത്തി. മഞ്ഞുവീണ ഒറ്റയടിപ്പാതയിലൂടെയുള്ള ദുര്‍ഘട യാത്രയില്‍, വീണ് കാലൊടിഞ്ഞ് കടുത്ത വേദനയുമായാണ് നോട്ടോവിച്ച് അവരെ സമീപിച്ചത്. അങ്ങനെ സന്യാസിമാരുടെ പരിചരണത്തിലായി അയാള്‍. ആശ്രമശ്രേഷ്ഠന്‍ ത ന്നെ ഒരു നാള്‍ രണ്ട് വാല്യമുള്ള പുരാതന ഗ്രന്ഥവുമായി നോട്ടോവിച്ചിന്റെ ചാരെയെത്തി. ഒറ്റവരി മാത്രമെഴുതിയിട്ടുള്ള താളിയോലയിലെ അനര്‍ഘലിഖിതം ആശ്രമശ്രേഷ്ഠന്‍ ഉറക്കെ വായിച്ച് വിവരിച്ചുകൊടുത്തു. നോട്ടോവിച്ച് അത് തന്റെ യാത്രാ ഡയറിയില്‍ കുറിച്ചെടുത്തു.

1887 ഒക്‌ടോബര്‍ 14-നും നവംബര്‍ 26-നും ഇടയ്ക്കാണ് കാശ്മീരും ലഡാക്കും നോട്ടോവിച്ച് സന്ദര്‍ശിച്ചത്. റഷ്യയിലെ ക്രിമിയേക്കയടുത്ത് കെര്‍ച്ചില്‍ 1858 ഓഗസ്റ്റ് 25-ന് ഒരു യഹൂദ റബിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ച നിക്കോളായ് അലക്‌സാണ്ട്രോവിച്ച് നോട്ടോവിച്ച്, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. 1895-ന്റെ അവസാനത്തില്‍, The Unknown Life of Jesus Christ’ എന്ന ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു. പിന്നീട് മതനിന്ദ ആരോപിച്ച് റഷ്യന്‍ ഗവണ്‍മെന്റ് സൈബീരിയയിലേക്ക് അദ്ദേഹത്തെ നാടുകടത്തി. അവിടെനിന്ന് ഈജിപ്തിലും, തുടര്‍ന്ന് പാരീസിലും എത്തി. 1910-ല്‍ The Life of Saint Isa’ എന്ന ക്രിസ്തുവിന്റെ ബുദ്ധിസ്റ്റ് ആഖ്യാനം പ്രകാശനം ചെയ്തിരുന്നു.

നോട്ടോവിച്ചിന്റെ കൃതികളാണ് ഹോള്‍ഗര്‍ കെര്‍സ്റ്റിന്‍ എന്ന ജര്‍മ്മനിയിലെ ഫ്രിബുര്‍ഗ് യൂണിവേഴ്‌സിറ്റി ചരിത്രഗവേഷകനെ ക്രൂശിതനായ ക്രിസ്തുവിന്റെ ജീവിതം ആഴത്തില്‍ പഠിക്കാനും കാശ്മീര്‍ കഥ അന്വേഷിച്ച് ഇറങ്ങാനും പ്രേരിപ്പിച്ചത്. അദ്ദേഹമാണ് Jesus Lived in India'(യേശു ഇന്ത്യയില്‍ ജീവിച്ചു) (Penguin Random House India, 2001) എന്ന പുസ്തകം രചിച്ചത്. അതിന്റെ 9-ാം അധ്യായം ‘ക്രൂശിക്കപ്പെട്ട ശേഷം’എന്നാണ് തലക്കെട്ട്. അവിടെയാണ്, യേശു കാശ്മീരില്‍’ എന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ കൊടുത്തിരിക്കുന്നതും.

ഏതായാലും ക്രൂശില്‍ നിന്നിറങ്ങിയ ക്രിസ്തുവിന്റെ കാശ്മീര്‍ സാന്നിധ്യം കെട്ടുകഥയായി ഇന്നും തുടരുന്നു. ഭാരതത്തെപ്പറ്റി വളറെയേറെ പഠിച്ച് എഴുതിയിട്ടുള്ള ജര്‍മ്മന്‍ ചിന്തകന്‍ മാക്‌സ് മുള്ളര്‍ (Max Müller) ഉള്‍പ്പെടെ പല പഠിതാക്കളും നോട്ടോവിച്ചിന്റെ അവകാശവാദം പാടെ പൊള്ളയാണെന്ന് തള്ളിക്കളഞ്ഞതായി ഹോള്‍ഗര്‍ തന്നെ പ്രസ്താവിക്കുന്നു (പേജ് 11). ഇത്രയും വിശദമായി കാശ്മീരിലെ ക്രിസ്തുവിനെപ്പറ്റിയുള്ള ഈ പ്രതിപാദ്യം കുറിക്കുവാന്‍ മൂന്നു കാരണങ്ങളുണ്ട്.

ഒന്ന്, ഇതുപോലുള്ള പല വിവാദ നിരീക്ഷണങ്ങളും പ്രത്യക്ഷപ്പെടുമ്പോള്‍ വസ്തുനിഷ്ഠമായി അപഗ്രഥിച്ച് മനസിലാക്കേണ്ടിയിരിക്കുന്നു എന്ന് തിരിച്ചറിയാന്‍. രണ്ട്, യേശുവിന്റെ ജീവിതവും മരണവും സാക്ഷ്യവും സ്വാധീനവും ഇപ്പോഴും അതിശയിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണെന്ന വസ്തുത; മൂന്ന്, ക്രിസ്തുവുമായുള്ള വ്യക്തിപരമായ അടുപ്പവും ബന്ധവും അനുദിനം ആഴപ്പെടുത്തേണ്ട ആവശ്യകതയുണ്ടെന്ന ഓര്‍മ്മ നമ്മില്‍ സൂക്ഷിക്കാന്‍.

കനവിലെ ക്രിസ്തു
മത്തായിയുടെ സുവിശേഷത്തിന്റെ 28-ാം അധ്യായം 11-15ല്‍, കുരിശില്‍ മരിച്ച്, കല്ലറയില്‍ സംസ്‌ക്കരിച്ച ക്രിസ്തുവിന് എന്തു സംഭവിച്ചു എന്നതിനെപ്പറ്റി രസാവഹമായ ഒരു കഥ അന്ന് പ്രചാരത്തിലുണ്ടായിരുന്നത് വിവരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്:’അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന് സംഭവിച്ചതെല്ലാം പ്രധാന പുരോഹിതന്മാരെ അറിയിച്ചു. അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്ക്, വേണ്ടത്ര പണം കൊടുത്തിട്ടു പറ ഞ്ഞു: ‘ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ ശിഷ്യന്മാര്‍ വന്ന്, അവനെ മോഷ്ടിച്ചു കൊണ്ടുപോയി എന്നു പറയുവിന്‍.

ദേശാധിപതി ഇതറിഞ്ഞാല്‍, ഞങ്ങള്‍ അവനെ സ്വാധീനിച്ച് നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കാതെ നോക്കിക്കോളാം. അവര്‍ പണം വാങ്ങി നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഇത് ഇന്നും യഹൂദരുടെയിടയില്‍ പ്രചാര ത്തിലിരിക്കുന്നു. ഉറങ്ങിപ്പോയവര്‍ രാത്രിയില്‍ കണ്ട’സാക്ഷ്യമാണത്! ‘കിനാവില്‍’കണ്ട കാര്യം പണം കൊടുത്തുള്ള നുണ പ്രചാരണത്തിന് ആയുധമായി മാറി. ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍’ശിഷ്യന്മാര്‍ വന്നു. മൃതശരീരം മോഷ്ടിച്ചു. ഞങ്ങള്‍ അത് കണ്ടു. കണ്ടത് കനവിലാണ്, സ്വപ്നത്തിലാണ് എന്നുമാത്രം!

കരളിലെ ക്രിസ്തു സാക്ഷ്യം
ചരിത്രത്തില്‍ കുറെയധികം മനുഷ്യരുണ്ട് ക്രിസ്തു സത്യമായും ഉയിര്‍ത്തെഴുന്നേറ്റുവെന്ന് അടിയുറച്ചു വിശ്വസിച്ചവര്‍. പകല്‍കാഴ്ചകള്‍ പോലെ ഒരു സന്ദേഹവും അവര്‍ക്ക് അതിനെപ്പറ്റി ഉണ്ടായില്ല. ജീവന്‍ അപായപ്പെടുത്തിപോലും അവര്‍ അത് ഏറ്റുപറഞ്ഞു. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. അധികം വിദ്യാഭ്യാസമില്ലാത്ത മീന്‍പിടുത്തക്കാരും ധീരയോദ്ധാക്കളും അതീവ പാണ്ഡിത്യമുള്ള ശാസ്ത്രജ്ഞന്മാരും അതില്‍പ്പെടുന്നു. കഴിഞ്ഞ രണ്ടായിരം വര്‍ഷത്തില്‍ വിവിധ നൂറ്റാണ്ടുകളില്‍ ജീവിച്ചവരും വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ കഴിഞ്ഞവരും ക്രിസ് തുവിനെ ആദ്യം എതിര്‍ത്തവരും വെറുത്തവരും അതിലുണ്ട്. എതോ ഒരു ദിവ്യാനുഭവം തങ്ങളെ ആഴത്തില്‍ സ് പര്‍ശിച്ചപ്പോള്‍ മടികൂടാതെ അവര്‍ ഏ റ്റുപറഞ്ഞു: അവര്‍ ക്രൂശിച്ച ക്രിസ്തു, ഉത്ഥാനം ചെയ്തിരിക്കുന്നു. അവനെ ഞാന്‍ കണ്ടു! എന്റെ കൈകള്‍ കൊണ്ട് അവനെ തൊട്ടു!! അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു!!!…’

യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്ന അനുഭവം ചരിത്രത്തില്‍ ഏറ്റവും ആദ്യം ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത് ഒരു സ്ത്രീക്കാണ്. യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പം നിന്ന മഗ്ദലനായിലെ മറിയം. കുരിശില്‍ യേശു മരിച്ചപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും വലിയ നിധി അവള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. കുരിശില്‍ നിന്ന് ശരീരം ഇറക്കി സംസ്‌ക്കരിച്ചതിനുശേഷമുള്ള സാ ബത്ത് തീരാന്‍ അവള്‍ കാത്തിരുന്നു. ഒരാള്‍ മരിച്ചശേഷം ആത്മാവ് ശരീരത്തെ വിട്ടുപോവുക മൂന്നു ദിവസത്തിനുശേഷമാണെന്ന ഒരു വിശ്വാസപാരമ്പര്യം യഹൂദരുടെ ഇടയിലുണ്ടായിരുന്നു. അതുകൊണ്ടാണ് പുലരിയാകാന്‍ കാത്തിരിക്കാതെ ഇരുട്ടായിരിക്കുമ്പോള്‍ തന്നെ’അവള്‍ യേശുവിനെ സംസ്‌ക്കരിച്ച തോട്ടത്തിലെ കല്ലറയിലേക്ക് ഓടിവന്നത്. അവളുടെ ആകെയുള്ള ആഗ്രഹം അല്പനേരം കര ഞ്ഞുതീര്‍ക്കുക, ആ അന്തരീക്ഷത്തി ല്‍ അല്പം ആശ്വാസം ഉള്ളിലുണ്ടാക്കിയെടുക്കുക എന്നതായിരുന്നു.

പക്ഷേ അവള്‍ അവിടെ ഓടിയെത്തിയപ്പോള്‍ ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചയാണ് കണ്ടത്. കല്ലറ തുറന്നു കിടക്കുന്നു! കവാടത്തിലെ വലിയ പാറക്കല്ല് ഉരുട്ടി മാറ്റപ്പെട്ടിരിക്കുന്നു! സ്‌നേഹം മാത്രം ഉള്ളില്‍ സൂക്ഷിച്ചെത്തിയ ആ സ്ത്രീ ആകെ പരിഭ്രമിച്ചുപോയി. പുലരിവെട്ടം വീഴുന്നതിനു മുന്‍പുതന്നെ അവള്‍ തിരികെ ഓടിപ്പോയി ശിഷ്യന്മാരോടു പറഞ്ഞു: ന മ്മുടെ കര്‍ത്താവിനെ ആരോ മോഷ്ടിച്ചിരിക്കുന്നു! (യോഹ 20:2).
ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത കേട്ട ശിഷ്യന്മാരിരുവരും, പത്രോസും യോ ഹന്നാനും കല്ലറയിങ്കലേക്ക് ഓടി. അവരോടൊപ്പം അവളും. കല്ലറയില്‍ വന്നു നോക്കിയപ്പോള്‍ ശരീരം പൊതിഞ്ഞ കച്ച മാറിക്കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല ചുരുട്ടിവച്ചിരിക്കുന്നതും കണ്ടു. മരണത്തിനുശേഷം മൂ ന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെ ന്ന് ക്രിസ്തു പറഞ്ഞിരുന്നതൊന്നും അ തുവരെ അവര്‍ മനസിലാക്കിയിരുന്നില്ല. അവര്‍ ഇരുവരും തിരികെ പോയി.

വിശ്വാസ വീരന്മാര്‍
എന്നാല്‍ അവള്‍ക്ക് അവിടെ നിന്നും പിരിഞ്ഞുപോകാന്‍ മനസ്സുവന്നില്ല. കാ രണം താന്‍ ഇത്രയധികം സ്‌നേഹിച്ച ഒരു പുരുഷന്‍ ലോകത്തിലുണ്ടായിരുന്നില്ല എന്നതു തന്നെ. അവള്‍ ആ തോട്ടത്തില്‍ വിട്ടുപോവാനാകാതെ തനിച്ചു നിന്നു, സ്‌നേഹത്തിന്റെ ഒരു നിര്‍മ്മലശാഠ്യം ഉള്ളിലൊതുക്കിക്കൊണ്ട്. അപ്പോഴാണ്, ആരോ പിന്നില്‍ നിന്നു അവളെ പേരു ചൊല്ലി വിളിച്ചത്: മറിയം! കരഞ്ഞുകരഞ്ഞ് കണ്ണുനീര്‍ നിറഞ്ഞ ആ കണ്ണുകള്‍ക്ക് ആളെ ആ ദ്യം തിരിച്ചറിയാനായില്ല. എന്നാല്‍ തരളിത സ്‌നേഹം തുളുമ്പി നില്‍ക്കുന്ന ആ സുന്ദര ശബ്ദം കാതിനും കരളി നും പണ്ടേ പിടിച്ചുപോയതും എന്നും തിരിച്ചറിയുന്നതുമായിരുന്നു. അതൊ ന്നു കേള്‍ക്കാന്‍ എത്രയോവട്ടം അവള്‍ വെമ്പല്‍ പൂണ്ടിരുന്നു. അവളുടെ പ്രതിസ്പന്ദനം: റബോനി’എന്റെ ഗുരോ!’ പീന്നിടുള്ള എല്ലാ പ്രഭാതങ്ങള്‍ക്കും മാറ്റുകൂട്ടിയ ഉദയക്കണി ആയിരുന്നു ആ പുണ്യദര്‍ശനം.

ചരിത്രത്തില്‍ നിന്ന് യേശുവിന്റെ നാമം ഉന്മൂലനം ചെയ്യാന്‍ സര്‍വശക്തിയുമുപയോഗിച്ച് പടപൊരുതിയ ഒരു സൈനിക ഉദ്യോഗസ്ഥനാണ് പിന്നീട് ഏറ്റവും കൂടുതല്‍ കരുത്തോടെ ക്രിസ് തുവിന്റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ചതും പ്രഘോഷിച്ചതും. ഡമാസ് കസിലേക്കുള്ള യാത്രാമധ്യേ കുതിരപ്പുറത്തുനിന്നു വീഴുകയും ആ വീഴ്ചയില്‍ ക്രിസ്തുവിനെ ദര്‍ശിക്കുകയും ചെയ്ത സാവൂള്‍ ഉത്ഥിതനായ ക്രി സ്തുവുമായി ഏറെ അടുത്തു. ആ ജീവിതവുമായി താദാത്മ്യം പ്രാപിച്ചു. ഒരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ചു: ഇ നി ഞാനല്ല, എന്നില്‍ ജീവിക്കുന്നത് ക്രിസ്തുവാണ്’ (ഗലേ. 2:20).

ആദിമ നൂറ്റാണ്ടില്‍ത്തന്നെ എത്രയോ പേര്‍ ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം ധീരതയോടെ സമൂഹമധ്യേ പ്രഖ്യാപിച്ചു. ശിഷ്യപ്രമുഖനായ പ ത്രോസ്, പ്രഥമ രക്തസാക്ഷിയായ സ്റ്റീഫന്‍, വിശ്വാസദീപവുമായി ഭാരതത്തിലെത്തി രക്തസാക്ഷിമകുടം ചൂടി യ തോമസ്, മറ്റ് അപ്പോസ്തലന്മാര്‍, ര ക്തസാക്ഷികള്‍…പിന്നീടുള്ള നൂറ്റാണ്ടുകളിലും ഈ സജീവ സാക്ഷ്യത്തിന്റെ വീരചരിത്രം തുടരുന്നു. പ്രസിദ്ധ ക ത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ തോമസ് അക്വിനാസ് എഴുതി: ഉയിര്‍ പ്പിക്കപ്പെട്ട ശിഷ്യന്മാരാണ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്റെ ഏറ്റ വും വലിയ തെളിവും സാക്ഷ്യവും (Pr oof and witne-ss).

ഫ്രാന്‍സിലെ പത്തേമാരികളില്‍ അടിമകളാക്കപ്പെട്ടവര്‍ക്ക് അത്താണിയായ വിശുദ്ധ വിന്‍സെന്റ് ഡി. പോളിനെ പോലെ, മോളോക്കൊ ദ്വീപിലെ കുഷ്ഠരോഗികളെ പരിചരിച്ച് കുഷ്ഠരോഗിയായി മരിച്ച വി. ഫാ. ഡാമിയനെ പോലെ, കൊല്‍ക്കത്താ തെരുവിലെ അനാഥകുഞ്ഞുങ്ങളെ മാറോടുചേര്‍ത്ത് പരിപാലിച്ച വി. മദര്‍ തെരേ സയെപ്പോലെ. ജീവിതത്തില്‍ കാരുണ്യവും ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഊഷ്മളതയും ത്യാഗവും നിറഞ്ഞുനില്‍ക്കുമ്പോള്‍ കാല്‍വരിയിലെ മഹാത്യാഗത്തിലൂടെ ഉത്ഥിതനായ ക്രിസ്തു ഇന്നും ജീവിക്കും. കരളിലെ ഈ ക്രിസ്തു സാക്ഷ്യമാണ് ഇന്ന് ഓരോ ക്രൈസ്തവന്റെയും മുന്നിലെ വെല്ലുവിളി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?