Follow Us On

24

April

2025

Thursday

നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

അനാരോഗ്യംമൂലം കുറച്ചുനാളുകളായി ക്ലേശമനുഭവിച്ചിരുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ  സ്വര്‍ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായിരിക്കുന്നു. 88 വര്‍ഷം നീണ്ട ഇഹലോകതീര്‍ത്ഥാടനത്തിനു സമാപ്തി കുറിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ആഹ്വാനം ചെയ്ത് ജൂബിലി വര്‍ഷത്തില്‍ നാമോരോരുത്തരുടേയും സ്വര്‍ഗ്ഗപ്രാപ്തിക്ക് മുന്നോടിയായി അദ്ദേഹം കര്‍ത്താവില്‍ വിലയം പ്രാപിച്ചു.

ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ പതിവുള്ള ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദം അദ്ദേഹം നല്‍കുകയും, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസഗണത്തിനുമുഴുവന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സ്വര്‍ഗയാത്രയുടെ തൊട്ടുതലേന്ന് തന്റെ അവസാന പൊതുദര്‍ശനത്തിലും അദ്ദേഹം ലോകസമാധാനത്തിനും, നിരായുധീകരണത്തിനും വേണ്ടിയാണ് സംസാരിച്ചത്. ഗാസ, ലെബനന്‍, സിറിയ, യെമെന്‍, യുക്രൈന്‍, കോംഗോ, സുഡാന്‍ തുടങ്ങി യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും കൊടുമ്പിരികൊള്ളുന്ന ലോകരാജ്യങ്ങളോടും സമൂഹങ്ങളോടും സമാധാനത്തിലും സൗഹാര്‍ദത്തിലും സഹോദര്യത്തോടെ പുലരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

പരിശുദ്ധ പിതാവ് ബെനഡിക്ട് പാപ്പ സ്ഥാനത്യാഗം ചെയ്തതിനുശേഷം 2013 ല്‍ സ്ഥാനമേറ്റ ഫ്രാന്‍സിസ് പാപ്പ ദക്ഷിണ അമേരിക്കയില്‍നിന്നുള്ള ആദ്യ പാപ്പ എന്ന നിലയിലും, അവശരോടും പാവപ്പെട്ടവരോടും കുടിയേറ്റക്കാരോടും പതിതരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക പരിഗണനയുടെ പേരിലും അറിയപ്പെട്ട പാപ്പയായിരുന്നു. എന്നെപ്പോലെയുള്ള സാധാരണക്കാരെയും സമൂഹത്തിലെ നിസ്സാരരെയും തിരിച്ചറിയുകയും സ്‌നേഹിക്കുകയും പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദൈവകാരുണ്യവും അവിടുത്തെ കരുതലും നല്‍കിയ പ്രത്യാശയുടെ സൂര്യന്‍ അസ്തമിച്ചു. വേദനിക്കുന്നവരിലും, രോഗികളിലും, കാരാഗൃഹവാസിയിലും, കുടിയേറ്റക്കാരനിലും, പാവപ്പെട്ടവരിലും,ബലഹീനരിലും മറഞ്ഞിരിക്കുന്ന മിശിഹാസാന്നിധ്യത്തെ ശുശ്രൂഷിക്കുന്നത് അള്‍ത്താരയില്‍ അതിവിശുദ്ധമായി അര്‍പ്പിക്കുന്ന ബലിക്കുശേഷം ഓരോ ക്രിസ്ത്യാനിയും ജീവിതത്തില്‍ തുടരേണ്ട ബലിയെന്ന് പഠിപ്പിക്കുകയും ജീവിക്കുകയും ചെയ്ത വിശുദ്ധജീവിതം ഇനി നിത്യതയില്‍ നീതിസൂര്യനും നിത്യപ്രകാശവുമായ മിശിഹായോടൊപ്പം തിളങ്ങും.

ഓശാന ഞായറാഴ്ചയുടെ തലേദിവസം പിതാവെന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ നന്ദിയുടെയും സ്‌നേഹത്തിന്റെയും ആ സ്വരം എന്റെ ഫോണില്‍ അവസാനമായി ശ്രവിക്കുകയാണെന്നും ഓര്‍ത്തിരുന്നില്ല. അവസാനവര്‍ഷങ്ങളിലെ വിദേശയാത്രകളില്‍ അനുഗമിക്കുവാന്‍ ഭാഗ്യം ലഭിച്ച ഞാന്‍, സ്വന്തം ജന്മനാട്ടിലേക്ക് മാര്‍പാപ്പയായി ഒരിക്കലും മടങ്ങാതിരുന്ന താപസ്വിയുടെ സ്വര്‍ഗീയയാത്രയില്‍, പ്രാര്‍ത്ഥനയോടും കൃതജ്ഞതയോടും അനുഗമിക്കുന്നു.

ഭാഷയുടെയും വര്‍ണത്തിന്റേയും മതത്തിന്റെയും ദേശത്തിന്റെയും വ്യത്യാസങ്ങള്‍ക്കുമപ്പുറം സര്‍വ്വരാലും ആദരിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം സ്വര്‍ഗത്തില്‍ പുനരാരംഭിക്കുമ്പോള്‍  സ്വര്‍ഗത്തില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ ഒരു പുതിയ വിശുദ്ധനെ ലഭിച്ചതില്‍ നമുക്ക് സന്തോഷിക്കാം. നീതിമാന്മാരുടെയും വിശുദ്ധരുടെയും നിരയിലേക്ക് മാലാഖമാരോടൊപ്പം സംവഹിക്കപ്പെടാന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന് തുണയാകട്ടെ. നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ വിരാജിക്കുന്ന അദ്ദേഹത്തിന്റെ വദനപ്രഭ നമ്മുടെ ജീവിതങ്ങളെ പ്രശോഭിപ്പിക്കട്ടെ. അദ്ദേഹം പറയുകയും ജീവിക്കുകയും ചെയ്ത  കാരുണ്യത്തിന്റെയും ഉപവിയുടെയും മാതൃക നമ്മുടെ ജീവിതത്തിലൂടെ നമുക്ക് പൂര്‍ത്തിയാക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?