Follow Us On

25

April

2025

Friday

ഫ്രാന്‍സിസ് പാപ്പയുടെ ആ ആശീര്‍വാദം നല്‍കിയത് സംസാരശേഷി

ഫ്രാന്‍സിസ് പാപ്പയുടെ ആ ആശീര്‍വാദം നല്‍കിയത് സംസാരശേഷി
സിസ്റ്റര്‍ സോണിയ തെരേസ് ഡി. എസ്. ജെ
ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. കുട്ടികള്‍ സംസാരിച്ചു തുടങ്ങേണ്ട പ്രായമായിട്ടും അവള്‍ ഒരു വാക്കുപോലും പറയാന്‍ തുടങ്ങില്ല, കരയുകമാത്രമേയുള്ളൂ. ഇത് അവളുടെ അമ്മ സോളിയില്‍ ആശങ്ക സൃഷ്ടിച്ചു.. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലുമായിരുന്നു.. ഒന്നര മണിക്കൂര്‍ ഫ്‌ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ 2019 മെയ് മാസത്തില്‍ ഞാന്‍ റോമിന് ചെല്ലാമെന്നും അവിടെ വച്ച് എല്ലാവരും കൂടി കണ്ടുമുട്ടാമെന്നും റോം മൊത്തം കാണാമെന്നും നേരത്തേ പ്ലാന്‍ ചെയ്തിരുന്നു.
സോളിയുടെയും ഭര്‍ത്താവ് ബൈജുവിന്റെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റോമില്‍ വരുമ്പോള്‍ ഫ്രാന്‍സിസ് പാപ്പയില്‍നിന്ന് ക്യാരയ്ക്ക് ഒരു ആശീര്‍വാദം വാങ്ങിക്കണം എന്ന്… അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാല്‍ ഞാന്‍ ആ സ്വപ്‌നം മുളയിലേതന്നെ നുള്ളാന്‍ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല. അവസാനം, ”ഞാന്‍ മാക്‌സിമം പരിശ്രമിക്കാം, പക്ഷേ നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി വേണം വരാന്‍” എന്ന നിര്‍ദേശം നല്‍കി. പാപ്പ മോളുടെ തലയില്‍ കൈവച്ച് ഒന്ന് ആശീര്‍വദിച്ചാല്‍ അവള്‍ സംസാരിച്ച് തുടങ്ങുമെന്ന ഉറച്ച വിശ്വസമായിരുന്നവര്‍ക്ക്.
വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ മാര്‍പാപ്പ നടത്താറുള്ള പൊതു കൂടികാഴ്ചയ്ക്കുള്ള അവസരം സംഘടിപ്പിച്ച് എങ്ങനെയെങ്കിലും പാപ്പയുടെ അനുഗ്രഹം ക്യാരയ്ക്കു വാങ്ങിച്ചു കൊടുക്കാന്‍വേണ്ടി ഞാന്‍ യൂട്യൂബില്‍ വത്തിക്കാന്‍ ന്യൂസിന്റെ വീഡിയോകള്‍ എടുത്ത് സസൂക്ഷ്മം പരിശോധിച്ചു. പൊതുകൂടിക്കാഴ്ചയ്ക്ക് മുമ്പ് മാര്‍പാപ്പ വിശ്വാസികളുടെ ഇടയില്‍ കൂടി ആശീര്‍വാദം നല്‍കാനായി കടന്നുപോകാറുണ്ട്. ആ വഴികള്‍ ഒക്കെ മനസിലാക്കി ബുധനാഴ്ച അതിരാവിലെ സോളിയുടെ കുടുംബത്തോടൊപ്പം വത്തിക്കാനിലേക്ക് തിരിച്ചു. കഠിനമായ തണുപ്പത്ത് മൂന്ന് മണിക്കൂര്‍ ക്യൂ നിന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനുള്ളില്‍ കയറാനുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി. എയര്‍പോര്‍ട്ടില്‍ നടത്തുന്ന ശൈലിയിലുള്ള പരിശോധനകളാണ് അവിടെയും.
ക്യാരമോളെ സോളി വെള്ളവസ്ത്രം ധരിപ്പിച്ച് തലയില്‍ ഒരു റിബണൊക്കെ കെട്ടിയാണ് കൊണ്ടുവന്നത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ അവസരം കിട്ടിയിട്ടും അവിടെ പോകാതെ അല്പം പിന്നിലായി നാല് വഴികള്‍ ഒന്നിക്കുന്ന ഒരു മൂലയില്‍ ഞങ്ങള്‍ സ്ഥാനംപിടിച്ചു. ഏകദേശം 8.45 ആയപ്പോള്‍ ഫ്രാന്‍സിസ് പാപ്പ വിശ്വാസികളുടെ ഇടയില്‍ കൂടി കടന്നുവന്നു. ചെറിയ ചാറ്റല്‍ മഴ ഉണ്ടായിട്ടും സോളിയെ ധിക്കരിച്ച് ഞാനും ബൈജുവും കൂടി ക്യാരമോളുടെ ജാക്കറ്റ് ഊരി. ‘കൊച്ചിന് തണുപ്പടിക്കും’ എന്ന മാതൃഹൃദയത്തിന്റെ നൊമ്പരം, ഞാനും ‘കൊച്ചിന്റെ അപ്പനും’ അത്ര കാര്യമായി പരിഗണിച്ചില്ല. ”ഉടുപ്പിന് മുകളില്‍ സ്വെറ്റര്‍ ഉണ്ട്, അതിനാല്‍ 5 മിനിറ്റ് തണുപ്പടിച്ചാലും സാരമില്ല” എന്നായിരുന്നു ഞങ്ങളുടെ എതിര്‍വാദം. കാരണം മറ്റൊന്നുമായിരുന്നില്ല, ചെറിയ കുട്ടികളുടെ വെള്ള വസ്ത്രം പെട്ടെന്ന് മാര്‍പാപ്പയുടെ ശ്രദ്ധ പിടിച്ചുപറ്റും.
അല്പം കഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പ സഞ്ചരിക്കുന്ന പാപ്പാമൊബൈല്‍ അടുത്ത് എത്തി. ക്യാരയെ കൈകളില്‍ എടുത്ത് മാര്‍പാപ്പയുടെ ബോഡി ഗാര്‍ഡിനുനേരെ നീട്ടി. ദൈവാനുഗ്രഹത്താല്‍ പാപ്പാമൊബൈലിന്റെ സ്പീഡ് കുറഞ്ഞു. ഒരു ബോഡി ഗാര്‍ഡ് ക്യാരമോളെ വാങ്ങി ഫ്രാന്‍സിസ് പാപ്പായുടെ നേരെ നീട്ടി. മാര്‍പാപ്പ ക്യാരയെ ഒന്ന് തലോടി നെറുകയില്‍ ഒരു ചുംബനം നില്‍കി. കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ ക്യാരമോളും കൗതുകത്തോടെ ഫ്രാന്‍സിസ് പാപ്പായെ നോക്കി. ഒരു മിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞു, വിശ്വസിക്കാന്‍ പറ്റിയില്ല, അപ്രതീക്ഷിതമായിരുന്നു വലിയ ആ ആശീര്‍വാദം.
സോളിയുടെ മൂത്ത മകന്‍ അലനും അവന്റെ ഒരു കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നു. പക്ഷേ ആറും നാലും വയസ് പ്രായമുള്ള അവരെ തിരക്കിനിടയില്‍ എടുത്തുയര്‍ത്താന്‍ പറ്റിയില്ല. വീണ്ടും പാപ്പ ആ വഴി കടന്നുപോയപ്പോള്‍ ഒരു ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്തായാലും ഒരാള്‍ക്ക് എങ്കിലും പാപ്പയുടെ ആശീര്‍വാദം കിട്ടിയതുകൊണ്ട് സംതൃപ്തരായി.
ഇനിയാണ് ക്ലൈമാക്‌സ്! ക്യാരയെ മാര്‍പാപ്പ ആശീര്‍വദിച്ച സന്തോഷത്തില്‍ കോണ്‍വെന്റില്‍ തിരിച്ചെത്തി. സോളി ക്യാരയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ക്യാരയുടെ വിളി, ‘അമ്മേ!!’ എല്ലാവരും അത്ഭുതംകൂറി. അന്നുവരെ ‘കമാ’ന്ന് ഒരക്ഷരം മിണ്ടാത്ത ക്യാര ‘അമ്മേ… അപ്പാ’ എന്നൊക്കെ പറയാന്‍ തുടങ്ങി. ഫ്രാന്‍സിസ് പാപ്പയുടെ ആ സ്‌നേഹസ്പര്‍ശം സ്വര്‍ഗത്തിന്റെ ആശീര്‍വാദമായിരുന്നു എന്ന് തീര്‍ച്ച. അന്നുമുതല്‍ ക്യാരമോളുടെ വായ് അടപ്പിക്കാന്‍ പാടുപെടുകയാണ് അവളുടെ അമ്മ സോളി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?