ബുധനാഴ്ച രാവിലെ മുതല്‍, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ തുറന്ന പേടകത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ മൃതദേഹത്തിന് സമീപം ആയിരങ്ങള്‍ തങ്ങളുടെ ആദരങ്ങള്‍ അര്‍പ്പിക്കാന്‍ ക്യൂ നിന്നിരുന്നു. എന്നാല്‍ സ്വിസ് ഗാര്‍ഡുകളുടെ ഇടയിലൂടെ ഒരു സിസ്റ്റര്‍ പാപ്പായുടെ അരികിലേക്ക് ഓടിയെത്തി. സിസ്റ്റര്‍ ജനെവീവ് ജീനിംഗ്രോസ്! പേടകത്തിനരികെ ചെന്ന് ദീര്‍ഘനേരം നിശബ്ദമായി കണ്ണീര്‍പൊഴിച്ച ആ വൃദ്ധ സന്ന്യാസിനി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
81 വയസ്സുള്ള ഈ സന്യാസിനി പോപ്പിന്റെ അടുത്ത സുഹൃത്തായി പ്രശസ്തയാണ്. അവരുടെ സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നുതാല്‍, ആരും അവരെ തടഞ്ഞില്ല.
സിസ്റ്റര്‍ ജനെവീവ് ജീനിംഗ്രോസ്, റോമിലെ പരിത്യക്തരായ ജനങ്ങള്‍ക്ക് വേണ്ടി തന്റെ ജീവിതം മാറ്റി വച്ച ഒരു കന്യാസ്ത്രിയാണ്. ‘ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ഓര്‍ഡറിന്റെ അംഗമായ സിസ്റ്റര്‍ ജനെവീവ്, 56 വര്‍ഷത്തോളമായി അശരണര്‍ക്കായി, പ്രത്യേകിച്ചും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കും ഓസ്റ്റിയയിലെ അമൂസെമെന്റ് പാര്‍ക്കിനടുത്തുള്ള ഫെയര്‍ ഗ്രൌണ്ട് തൊഴിലാളികള്‍ക്കും LGBTQ+ വിഭാഗക്കാര്‍ക്കും വേണ്ടി ശുശ്രൂഷ ചെയ്തു ജീവിക്കുകയാണ്. മറ്റൊരു സന്യാസിനിയായ ആയ അമീലിയ ജിയാക്‌ചെറ്റോയോടൊപ്പം അമ്യൂസ്‌മെന്റ് പാര്‍ക്കിനടുത്തു തന്നെ കാരവനില്‍ താമസിച്ചുകൊണ്ടാണ് സിസ്റ്റര്‍ ശുശ്രുഷ ചെയ്യുന്നത്.
1977ലെ അര്‍ജന്റീനയിലെ സൈനിക ഏകധിപത്യ കാലത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തപ്പെട്ട ഫ്രഞ്ച് സന്യാസിനിയായ ലിയോണി ഡ്യൂക്കെറ്റിന്റെ സഹോദരിയുടെ മകളാണ് സിസ്റ്റര്‍ ജെനവീവ് . അതിനാല്‍ തന്നെ ഈ ഫ്രഞ്ച്അര്‍ജന്റീന സന്യാസിനിയെ പോപ്പ് ഫ്രാന്‍സിസ് ‘ല’എന്‍ഫാന്റ് ടെറിബിള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നു.
ബ്യുനസ് ഐറീസിന്റെ ആര്‍ച്ച്ബിഷപ്പ് ആയിരുന്ന കാലം മുതലുള്ള സൗഹൃദമാണ് പാപ്പയോടുള്ളത്. ബുധനാഴ്ചകളില്‍ വത്തിക്കാനിലെ പാപ്പയുടെ സന്ദര്‍ശന സമയത്ത് നിരാലംബരായ ഒരു കൂട്ടം ആളുകളെയും കൊണ്ട് സിസ്റ്റര്‍ ജെനിവീവ് ആഴ്ചതോറും മുടങ്ങാതെ എത്തിയിരുന്നു. പ്രത്യേകിച്ചും, സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍, ഗേ വിഭാഗക്കാരെയും അശരണരായ സ്ത്രീകളെയുമാണ് സിസ്റ്റര്‍ തന്റെ ഒപ്പം കൊണ്ടുവന്നിരുന്നത്. ഫ്രാന്‍സിസ് പാപ്പ അവരെ സ്വാഗതം ചെയ്യുക മാത്രമല്ല, ഭക്ഷണത്തിനായി ക്ഷണിക്കുകയും ആവശ്യമായ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു.
സിസ്റ്റര്‍ ജനെവീവ് വത്തിക്കാന്‍ ന്യൂസിനോട് മുന്‍പ് പറഞ്ഞു; ഒരു ചങ്ങാതിയോടുള്ള സ്‌നേഹമാണ് പോപ്പിനോട് ഈ സമൂഹത്തിനുള്ളത്. കാരണം ട്രാന്‍സ്‌ജെന്‍ഡര്‍, ഗേ വിഭാഗത്തില്‍പ്പെടുന്നവരെ ദൈവസ്‌നേഹത്തിലേക്ക് തിരികെ ചേര്‍ത്ത് സ്വീകരിക്കുന്ന പാപ്പയെ ജനങ്ങള്‍ കാണുന്നത് ആദ്യമായാണ്.
ഏല്ലാവരെയും തന്നോടു ചേര്‍ത്തു നിര്‍ത്തുന്ന ക്രിസ്തുവിന്റെ സ്വഭാവം അതേപടി തന്റെ ജീവിതത്തില്‍ പകര്‍ത്തിയ പാപ്പയുടെ അളവറ്റ കരുണയുടെയും സ്‌നേഹത്തിന്റെയും മാതൃകയാണ് സിസ്റ്ററിലൂടെ ഇന്ന് ലോകം മുഴുവന്‍ അറിയുക.
Leave a Comment
Your email address will not be published. Required fields are marked with *