കൊച്ചി: വന്യജീവി ആക്രമണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്മാരായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
2023 – 24 കാലഘട്ടത്തില്‍ 2630 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായതെന്ന ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നടുക്കം ഉളവാക്കുന്നതാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടെ 103 പേര്‍ കാട്ടാനകളുടെയും 341 പേര്‍ മറ്റു വന്യജീവികളുടെയും അക്രമണങ്ങളാല്‍ കൊല്ലപ്പെടുകയുണ്ടായി. വന്യജീവികളാല്‍ സംഭവിച്ച കൃഷി – സ്വത്ത് നഷ്ടങ്ങള്‍ കണക്കുകൂട്ടലുകള്‍ക്കും അതീതമാണ്.
ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള മരണങ്ങളില്‍ 24 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം എന്ന അമിക്കസ് ക്യൂറിയുടെ വിലയിരുത്തല്‍ സ്വാഗതാര്‍ഹമാണ്.
എന്നാല്‍, കുറഞ്ഞ നഷ്ടപരിഹാര തുകപോലും ഇരകള്‍ക്ക് യഥാസമയം ലഭ്യമാകാതെ വരുന്ന ഇന്നത്തെ സാഹചര്യത്തിന് മാറ്റംവരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും മരണപ്പെട്ടവരുടെ ഉറ്റവര്‍ക്കും പരിക്കേറ്റവര്‍ക്കും സ്വത്ത് നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കുന്നു എന്നത് ഉറപ്പുവരുത്തുകയും വേണമെന്ന് ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ വന്യജീവി ആക്രമണം ഭയന്ന് ജീവിക്കുന്ന സാഹചര്യത്തിലും ജനപക്ഷത്ത് നില്‍ക്കാതെ ജനദ്രോഹപരമായ നിലപാടുകള്‍ നിരന്തരം സ്വീകരിക്കുന്ന വനം വകുപ്പിന്റെ നീക്കങ്ങളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.
ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലും മറ്റു മലയോര വന പരിസര മേഖലകളിലും പതിറ്റാണ്ടുകളായി നിയമാനുസൃതമായി ജനങ്ങള്‍ കൈവശം വച്ചിട്ടുള്ള കൃഷി – ജനവാസ ഭൂമിയില്‍ അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ജനങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന വനംവകുപ്പിന്റെ നീക്കങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ക്ക് പോലും വിലകല്‍പ്പിക്കാതെയുള്ള ചില ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *