കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും ഭാരതത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപകയുമായ മദര്‍ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ലിയോ പാപ്പ അനുമതി നല്‍കി. കേരള സഭയുടെ ചരിത്രത്തില്‍ സുവര്‍ണ്ണശോഭ പരത്തിയ മദര്‍ ഏലിശ്വ 1866 ഫെബ്രുവരി പതിമൂന്നാം തീയതി കൂനമ്മാവില്‍ സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിക്കുകയും കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് സ്‌കൂളും ബോര്‍ഡിംഗ് ഭവനവും അനാഥമന്ദിരവും ആരംഭിക്കുക വഴി സ്ത്രീശാക്തീകരണത്തിന് തുടക്കംകുറിക്കുകയും ചെയ്തു.
24 വര്‍ഷങ്ങള്‍ക്ക് ശേഷം 1890 സെപ്റ്റംബര്‍ 17 ന് ടിഒസി ഡി സന്യാസിനി സഭ റീത്ത് അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട് കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്‌സ് (സിടിസി ) കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി ) എന്നീ രണ്ട് സന്യാസിനി സഭകള്‍ രൂപംകൊള്ളുകയും ചെയ്തു.
മദര്‍ എലീശ്വ അനന്തതയിലേക്ക് പ്രവേശിച്ചിട്ട് 112 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നവംബര്‍ എട്ടാം തീയതി വൈകുന്നേരം 4.30ന് പരിശുദ്ധ അമ്മയുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ വച്ച് മലേഷ്യയിലെ പെനാങ് രൂപതയുടെ മെത്രാനായ കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ സമൂഹബലി മധ്യേ മദര്‍ ഏലിശ്വായെ വാഴ്ത്തപ്പെട്ടവള്‍ എന്ന് പ്രഖ്യാപനം ചെയ്യും.
ഇന്ത്യയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോ പോള്‍ഡ് ജിറേല്ലി, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ആഗോള കര്‍മ്മലീത്ത സഭയുടെ ജനറല്‍ ഫാ. മിഗ്വല്‍ മാര്‍ക്ക്‌സ് കാലേ ഒസിഡി, പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. മാര്‍ക്കോ ചിയേസ ഒസിഡി തുടങ്ങി ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്തുനിന്നുമുള്ള നിരവധി കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ഈ പുണ്യകര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികത്വം വഹിക്കും.
പുണ്യപൂര്‍ണ്ണമായ ജീവിതത്തിലൂടെ ആഗോള ക്രൈസ്തവ സഭയ്ക്ക് മുഴുവന്‍ മാതൃകയായ ടിഒസിഡി-സിടിസി സന്യാസിനി സഭ സ്ഥാപക മദര്‍ എലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ ഷാഹില സിടിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *