മാഡ്രിഡ്/സ്‌പെയിന്‍: സ്‌പെയിനില്‍ കടന്നുപോയത് ‘കറുത്ത ഓഗസ്റ്റാണെന്ന്’ രാജ്യത്ത് കത്തോലിക്ക ദൈവാലയങ്ങള്‍ക്ക് നേരെ ഓഗസ്റ്റ് മാസത്തില്‍ നടന്ന ഏഴ് ആക്രമണങ്ങള്‍ അക്കമിട്ട് നിരത്തി സ്പാനിഷ് എന്‍ജിഒയായ ഒബ്‌സര്‍വേറ്ററി ഫോര്‍ റിലീജിയസ് ഫ്രീഡം.
തെക്കന്‍ പ്രവിശ്യയായ കൊറഡോബയിലെ സാന്താ കാറ്റലീന ഇടവകയില്‍ ഓഗസ്റ്റ് 11 ന് ആരംഭിച്ച ആക്രമണപരമ്പര മാസത്തിലുടനീളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നു. സാന്ത കാറ്റലീന ദൈവാലയത്തിന്റെ പടികളില്‍ കറുത്ത പെയിന്റ് ഒഴിക്കുകയാണ് ചെയ്തതെങ്കില്‍ ഒരു ദിവസത്തിനുശേഷം, ഓഗസ്റ്റ് 12 ന്, വാലെന്‍സിയയിലെ സാന്‍ മാര്‍ട്ടിന്‍ ഇടവകയില്‍ ദിവ്യകാരുണ്യ ആരാധനയ്ക്കിടെ തിരുവോസ്തി എഴുന്നളളിച്ച് വച്ച അരുളിക്ക നശിപ്പിച്ച ഗുരുതരമായ ആക്രമണമാണ് ഉണ്ടായത്. ഇടവക വൈദികന് പരിചിതനായ അക്രമി മാനസികരോഗിയാണെന്നും കത്തോലിക്കാ വിരുദ്ധ വിദ്വേഷം മൂലമല്ല പ്രവര്‍ത്തിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ഓഗസ്റ്റ് 14 ന്, വലന്‍സിയ കത്തീഡ്രലില്‍ ദിവ്യബലിക്കിടെ ഒരാള്‍ കപ്യാരെയും ഇടവകക്കാരെയും ആക്രമിച്ചു.
ബാഴ്സലോണയിലെ ചരിത്രപ്രസിദ്ധമായ ബസിലിക്ക ഡി ലാ സാഗ്രഡ ഫാമിലിയക്ക് നേരെ നടന്ന ആക്രമണമാണ് ഒരുപക്ഷേ ഓഗ്‌സറ്റ് മാസത്തില്‍ സ്‌പെയിനിലെ ദൈവാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രണമങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയത്. ആക്ടിവിസ്റ്റ് ഗ്രൂപ്പായ ഫ്യൂച്ചുറോ വെജിറ്റല്‍ (വെജിറ്റബിള്‍ ഫ്യൂച്ചര്‍) അംഗങ്ങള്‍ ദൈവാലയത്തിലേക്ക് നിറമുള്ള ചായം ഒഴിക്കുകയായിരുന്നു. സ്പാനിഷ് ഗ്രാമപ്രദേശങ്ങളെ ബാധിക്കുന്ന പരിസ്ഥിതി നാശത്തില്‍ സര്‍ക്കാര്‍ ‘പങ്കാളി’യാണെന്ന് ആരോപിച്ചായിരുന്നു ചരിത്രപ്രസിദ്ധമായ ദൈവാലയത്തിന് നേരെയുള്ള ആക്രമണം. അക്രമികളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 600 യൂറോ പിഴ ചുമത്തി വിട്ടയച്ചു. 1882 ല്‍ സ്പാനിഷ് വാസ്തുശില്പിയായ ഫ്രാന്‍സിസ്‌കോ ഡി പോള ഡെല്‍ വില്ലാറിന്റെ കീഴില്‍ ആരംഭിച്ച ബസിലിക്കയുടെ നിര്‍മാണം നൂറിലധികം വര്‍ഷങ്ങള്‍ പിന്നിട്ട് 2035-ല്‍ പൂര്‍ത്തീകരിക്കാനിരിക്കുന്ന ഘട്ടത്തിലാണ് ആക്രമണം. ആയിരത്തിലധികം സെമിനാരി വിദ്യാര്‍ത്ഥികള്‍ പൗരോഹിത്യ പരിശീലനം നേടുന്ന സ്‌പെയിനിലെ ജനസംഖ്യയുടെ ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ മുറിപ്പാടുകള്‍ ഇനിയും ഉണങ്ങാത്ത രാജ്യത്ത് കത്തോലിക്ക ദൈവാലയങ്ങള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ വിശ്വാസികളില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *