ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
2025 ഏപ്രില്‍ 22-ന് ജമ്മു-കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം എന്ന സ്ഥലത്തുവച്ച് ഭീകരര്‍ ടൂറിസ്റ്റുകളെ വെടിവച്ചു. 26 പേര്‍ മരിച്ചു. ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കുപറ്റി. ഈയവസരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും തീവ്രവാദത്തെ അപലപിക്കുകയും ഇന്ത്യയുടെ ആത്മാവോടു ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും പല നടപടികളും എടുത്തു. അതില്‍ രണ്ട് നടപടികളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഒന്ന്, ഇന്ത്യ പാക്കിസ്ഥാനുമായി ഉണ്ടാക്കിയ സിന്ധുനദീജലകരാര്‍ റദ്ദാക്കി. രണ്ട്, പ്രതികാര നടപടിയെന്നവണ്ണം പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഉണ്ടാക്കിയ സിംല കരാര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ രണ്ട് കരാറുകളുടെ ചരിത്രം, അവയുടെ പ്രാധാന്യം, അവ റദ്ദാക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്നിവയാണ് ഇനി പരിശോധിക്കുന്നത്.
സിന്ധു നദീജലകരാര്‍: കരാര്‍ ഒപ്പിട്ടത് 1960, സെപ്റ്റംബര്‍ 19-ന് ഇന്ത്യക്കുവേണ്ടി കരാറില്‍ ഒപ്പിട്ടത് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. പാക്കിസ്ഥാനുവേണ്ടി ഒപ്പിട്ടത് പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ്ഖാന്‍. ലോകബാങ്കാണ് ഈ കരാര്‍ ഉണ്ടാക്കാന്‍ മധ്യസ്ഥത വഹിച്ചത്. സിന്ധുസമതലത്തില്‍ പ്രധാനമായും ആറ് നദികളാണ് ഉള്ളത്. അതില്‍ രവി, ബിയാസ് സത്‌ലജ് എന്നീ നദികളുടെ പൂര്‍ണ നിയന്ത്രണം കരാര്‍പ്രകാരം ഇന്ത്യയ്ക്ക് ലഭിച്ചു. സിന്ധു, ഝലം, ചെനാബ് നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും കിട്ടി. ഈ മൂന്നു നദികളുടെമേല്‍ ഇന്ത്യയ്ക്ക് ഭാഗികമായ അവകാശങ്ങളും കിട്ടി.
കരാര്‍ റദ്ദാക്കപ്പെടുമ്പോള്‍ രണ്ട് രാജ്യങ്ങള്‍ക്കും സംഭവിക്കുന്ന കാര്യങ്ങള്‍: ഇന്ത്യയ്ക്ക് ഒരു നഷ്ടവും ഇല്ല. സിന്ധു, ഝലം, ചെനാബ് നദികളുടെമേല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ നിയന്ത്രണം കിട്ടും. പക്ഷേ പാക്കിസ്ഥാന് ഇത് കനത്ത നഷ്ടങ്ങള്‍ ഉണ്ടാക്കും. പ്രധാന നഷ്ടങ്ങള്‍ ഇവയാണ്:
ഒന്ന്, ജലക്ഷാമം, കൃഷിനാശം, വരള്‍ച്ച, ഭക്ഷ്യക്ഷാമം തുടങ്ങിയവ. പാക്കിസ്ഥാന്‍ അധീനതയില്‍ ഉള്ള പഞ്ചാബ്, സിന്‍ധ് പ്രദേശങ്ങളിലെ കൃഷി ഈ നദികളില്‍നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഭക്ഷ്യഉത്പാദനം കുറയുമ്പോള്‍ ഭക്ഷ്യക്ഷാമം, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
രണ്ട്, വൈദ്യുതിക്ഷാമം. ജലലഭ്യത കുറയുമ്പോള്‍ ജലവൈദ്യുതി നിലയങ്ങള്‍ക്ക് വെള്ളം കിട്ടാതാകും; വൈദ്യുതി ഉത്പാദനം കുറയും, വൈദ്യുതിക്ഷാമം ഉണ്ടാകും. മൂന്ന്, ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയും. നാല്, ജലലഭ്യത കുറയുകയും വരള്‍ച്ച വ്യാപിക്കുകയും ചെയ്യുമ്പോള്‍ അത് ആ പ്രദേശത്തിന്റെ ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കും. ഇതിലൂടെ പാക്കിസ്ഥാനിലെ ജനങ്ങള്‍ സര്‍ക്കാരിന് എതിരെ തിരിയും. പാക്കിസ്ഥാന് ഈ വിഷയം അന്താരാഷ്ട്ര കോടതികളില്‍ എത്തിക്കാനും ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനുവേണ്ടി വാദിക്കാനും അങ്ങനെ ഇന്ത്യയെ കോടതി കയറ്റാനും ഒരുപക്ഷേ കഴിയുമായിരിക്കും.ഏതായാലും രക്തച്ചൊരിച്ചില്‍ ഉണ്ടാകാത്ത ഒരു യുദ്ധമാണ് സിന്ധുനദീജലകരാര്‍ റദ്ദാക്കുന്നതിലൂടെ ഇന്ത്യ നടത്തുവാന്‍ പോകുന്നത്. ഈ യുദ്ധം പാക്കിസ്ഥാന്റെ നടുവ് ഒടിക്കും.
ഷിംല കരാര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 1972 ജൂലൈ രണ്ടിനാണ് ഈ കരാര്‍ ഒപ്പിട്ടത്. ഈ കരാറിന്റെ ലക്ഷ്യങ്ങള്‍ ഇവയാണ്: ഒന്ന്, ഇന്ത്യ-പാക്കിസ്ഥാന്‍ ഭാവി ബന്ധങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക. രണ്ട്, പരസ്പര ചര്‍ച്ചയിലൂടെ സമാധാനപരമായി തര്‍ക്കങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക. മൂന്ന്, യുദ്ധകാലത്ത് മുറിഞ്ഞുപോയ നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുക. നാല്, പരസ്പരം പരമാധികാരം, അതിര്‍ത്തി സമഗ്രത, സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ലൈന്‍ ഓഫ് കണ്‍ട്രോള്‍ പാലിക്കല്‍, പരസ്പര ധാരണ കൂടാതെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ മാറ്റാതിരിക്കല്‍, യുദ്ധത്തിനുമുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് സേനാബലം കുറക്കല്‍ എന്നിവയൊക്കെയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍.
പാക്കിസ്ഥാന്‍ സ്വമേധയാ ഈ കരാര്‍ റദ്ദാക്കുമ്പോള്‍ പിന്നെ ഈ കരാര്‍ ഇന്ത്യയ്ക്കും ബാധകമല്ല. ഇന്ത്യയ്ക്ക് പല അവസരങ്ങള്‍ തുറന്നുകിട്ടുകയാണ്. ചര്‍ച്ചകള്‍ കൂടാതെ പട്ടാള നടപടിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. ലൈന്‍ ഓഫ് കണ്‍ട്രോള്‍ ഇല്ലാതാകും. ലോകരാജ്യങ്ങളുടെമുമ്പില്‍ പാക്കിസ്ഥാന്റെ വിശ്വാസ്യത കുറയും. പാക്കിസ്ഥാന്റെമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം കൂടും. അതിര്‍ത്തികള്‍ പരസ്പരം മാനിക്കുന്നില്ലെങ്കില്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് കയറാം. ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലേക്കും കയറാം. സമാധാനപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ലാതാകുമ്പോള്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാന്‍ അധീന കാഷ്മീര്‍ യുദ്ധത്തിലൂടെ പിടിച്ചെടുക്കാം.
ചുരുക്കിപ്പറഞ്ഞാല്‍ ഈ രണ്ട് കരാറുകള്‍ റദ്ദാക്കപ്പെട്ടാല്‍ ഗുണം ഇന്ത്യയ്ക്കും നഷ്ടം പാക്കിസ്ഥാനുമാണ്. അതിനാല്‍ പാക്കിസ്ഥാന്‍ മറ്റ് രാജ്യങ്ങളെയോ ലോകബാങ്കുപോലുള്ള പ്രസ്ഥാനങ്ങളെയോ ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ച് ഇതിനെ അന്താരാഷ്ട്ര വിഷയമാക്കി കുളമാക്കി മാറ്റാന്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ ഇന്ത്യന്‍ ഭരണകൂടം ഇതെല്ലാം മുന്‍കൂട്ടി കാണുന്നുണ്ടല്ലോ. ഈ ഭീകര-തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ലഭ്യമായ പണവും വിഭവശേഷിയും പാക്കിസ്ഥാനിലെ പാവങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ആ രാജ്യത്തിന് ഉപയോഗിച്ചുകൂടേ? അതല്ലേ വേണ്ടത്?
Leave a Comment
Your email address will not be published. Required fields are marked with *