Follow Us On

05

May

2025

Monday

തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ച തീവ്രവാദിയായ കൗമാരക്കാരനെ കോടതിയില്‍ ആശ്ലേഷിച്ച് കത്തോലിക്ക പുരോഹിതന്‍

തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ച  തീവ്രവാദിയായ കൗമാരക്കാരനെ  കോടതിയില്‍ ആശ്ലേഷിച്ച്  കത്തോലിക്ക പുരോഹിതന്‍

ക്രിസ്തീയ ക്ഷമയുടെയും കാരുണ്യത്തിന്റെയും അസാധാരണമായ നടപടിയിലൂടെ ലോകത്തെ അമ്പരിപ്പിക്കുകയാണ് ഐറിഷ് ആര്‍മി ചാപ്ലിന്‍ ഫാ. പോള്‍ മര്‍ഫി. 2024-ല്‍ തന്നെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത തീവ്രവാദിയായ കൗമാരക്കാരനോട് പരസ്യമായി ക്ഷമിക്കുകയും കോടതിയില്‍ ആ യുവാവിനെ ആലിംഗനം ചെയ്യുകയും ചെയ്തുകൊണ്ടാണ് ഫാ. പോള്‍ മര്‍ഫി ക്രിസ്തുവിന്റെ മുഖമായി മാറിയത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഇസ്ലാമിക്ക് തീവ്രവാദത്തിലേക്ക് കടന്നുവന്ന 19 വയസുള്ള കൗമാരാക്കാരനാണ് 2024-ല്‍ അയര്‍ലണ്ടിലെ ഗാല്‍വേയിലെ ഒരു സൈനിക ബാരക്കിന് പുറത്ത് ചാപ്ലിനായ ഫാ. മര്‍ഫിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്.
2025 ഏപ്രില്‍ മാസത്തില്‍ ഒരു കോടതി വിചാരണയ്ക്കിടെയാണ് അദ്ദേഹം  തന്നെ അക്രമിച്ച യുവാവിനെ പിന്നീട് കാണുന്നത്. ഒരുപക്ഷേ ഒരു ക്രൈസ്തവ പുരോഹിതന് മാത്രം  പറയുവാന്‍ കഴിയുന്ന വാക്കുകളാണ് തുടര്‍ന്ന് അദ്ദേഹം ആ കോടതിമുറിയില്‍ പറഞ്ഞത്.’ഐ ആം ഇന്‍ ദി ബിസിനസ് ഓഫ് ഫൊര്‍ഗീവ്‌നെസ്’ (ക്ഷമ നല്‍കുന്ന വ്യവസായത്തില്‍ ആണ് ഞാന്‍ ഏര്‍പ്പെട്ടിരിക്കുന്നത്) എന്ന്  പറഞ്ഞുകൊണ്ട് ഡബ്ലിനിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ വച്ച് ഫാ. പോള്‍ തന്റെ അക്രമിക്ക്് നിരുപാധികം മാപ്പ് നല്‍കി. അവിടെ ഉണ്ടായിരുന്ന അനേകമാളുകളുടെ ഹൃദയം കവര്‍ന്നതിനൊപ്പം തീവ്രവാദിയായ ആ യുവാവിന്റെ മനസിലും മാനസാന്തരത്തിന്റെ വിത്തുകള്‍ മുളപ്പിക്കുവാന്‍ ആ വാക്കുകള്‍ പര്യാപ്തമായിരുന്നു.  വിചാരണയുടെ ഒടുവില്‍, അദ്ദേഹത്തെ അക്രമിച്ച കൗമാരക്കാരന്‍ കണ്ണീരോടെ ഫാ. മര്‍ഫിയോട് ക്ഷമാപണം നടത്തി. തുടര്‍ന്ന് യുവാവുമായി ഹസ്തദാനം ചെയ്ത ഫാ. മര്‍ഫി അദ്ദേഹത്തെ ആലിംഗനം ചെയ്തപ്പോള്‍ അനുരഞ്ജനത്തിന്റെ ശക്തമായ സന്ദേശം നല്‍കുന്ന നിമിഷങ്ങള്‍ പിറവിയെടുക്കുകയായിരുന്നു.

യുവാവിനോട് ക്ഷമിച്ചുകൊണ്ട് കോടതിക്ക് നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ ഫാ. പോള്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, ‘ തെറ്റുകള്‍ മനസിലാക്കുമെന്നും, സമയം വരുമ്പോള്‍, സമഗ്രതയും സന്തുഷ്ടിയും സ്‌നേഹവും നിറഞ്ഞ വ്യക്തിയായി സമൂഹത്തിലേക്ക് മടങ്ങി ലോകത്തിന് ക്രിയാത്മകമായ സംഭാവന നല്‍കാന്‍  നിങ്ങള്‍ക്ക് സാധിക്കട്ടെ എന്നുമാണ് എന്റെ ഏക ആഗ്രഹം.’

ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ യുവാവ്  ആളറിയാതെയാണ് ആര്‍മിയിലെ ചാപ്ലൈനായ ഫാ. പോള്‍ മര്‍ഫിയെ ആക്രമിച്ചത്. തന്റെ കൂട്ടത്തിലുള്ള സൈനികരില്‍ ഒരാളല്ല ആക്രമത്തിനിരയായത് എന്നതില്‍ ദൈവത്തിന് ഫാ. പോള്‍ മര്‍ഫി നന്ദി പ്രകടിപ്പിച്ചു. ‘തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തല്ല’, മറിച്ച് ‘ശരിയായ സമയത്ത് ശരിയായ സ്ഥലത്ത്’ ആയിരുന്നു താനുള്ളതെന്നും ആ രാത്രിയുടെ മുറിവുകള്‍ വഹിക്കാന്‍ കഴിഞ്ഞത് ‘ഒരു ബഹുമതിയും പദവിയും’ ആണെന്നും ആ അഗ്‌നിപരീക്ഷയെ ‘അനുഗ്രഹങ്ങള്‍ നിറഞ്ഞത്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫാ. പോള്‍ പറഞ്ഞു.

തന്റെ പരിക്കുകള്‍ മറ്റാരെുടെയെങ്കിലും ജീവന്‍ രക്ഷിക്കാനിടയായിട്ടുണ്ടാകാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഏതായാലും ആര്‍മി ചാപ്ലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിന് കോടതി എട്ട് വര്‍ഷം തടവുശിക്ഷ വിധിച്ചു. കരുണ വെറുപ്പിനെക്കാള്‍ ശക്തമാണ്, സ്‌നേഹം മരണത്തേക്കാളും എന്ന ക്രിസ്തുസന്ദേശം ഫാ. പോള്‍ മര്‍ഫിയുടെ മാതൃകയിലൂടെ    ദീപസ്തംഭമായി പ്രകാശിക്കട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?