ചിക്ലായോ/പെറു: എട്ട് വര്‍ഷത്തിലേറെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്ന റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പയുടെ നാട്ടിലെ ബസിലിക്കയും കത്തീഡ്രലുമായ സാന്ത മരിയയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത് 10,000-ത്തിലധികം വിശ്വാസികള്‍.
‘ലിയോണ്‍, പ്രിയ സുഹൃത്തേ, ചിക്ലായോ നിങ്ങളോടൊപ്പമുണ്ട്!’, ‘ചിക്ലായോയില്‍ നിന്നുള്ള പാപ്പ!’ തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ ചിക്ലായോ നഗരം ആഹ്ലാദാവരവത്തിലാണ്. അമേരിക്കയിലാണ് ജനിച്ചതെങ്കിലും കര്‍മം കൊണ്ടും പൗരത്വം സ്വീകരിച്ചതിലൂടെയും പെറുവീയനായി മാറിയ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് മാര്‍ട്ടിനെസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത് അറിഞ്ഞ നിമിഷം നഗരത്തിലെങ്ങും ആഹ്ലാദത്തിന്റെ അലയടികള്‍ നിറഞ്ഞു. ചിക്ലായോ ബിഷപ് എഡിന്‍സണ്‍ ഫാര്‍ഫാനും നിരവധി വൈദികരും ചേര്‍ന്ന് കൃതജ്ഞതാബലിക്ക് കാര്‍മികത്വം വഹിച്ചു. ദിവ്യബലി ആരംഭിക്കുന്നതിന് മുമ്പുതന്നെ, പ്ലാസ ഡി അര്‍മാസ് വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ദൈവാലയ അങ്കണത്തില്‍ വിവിധ സംഗീത ബാന്‍ഡുകള്‍ കൊണ്ട് ചുറ്റപ്പെട്ട ഒരു ഗംഭീര വേദിയും പ്രത്യേകം സജ്ജീകരിച്ച ഒരു ബലിപീഠവും, മാര്‍പാപ്പയുടെ ചിത്രവും അദ്ദേഹത്തിന്റെ ആദ്യ പ്രസംഗത്തിലെ വാക്യങ്ങളും ഉള്‍ക്കൊള്ളുന്ന ഭീമാകാരമായ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു.
” തന്റെ ആദ്യ പ്രസംഗത്തില്‍ വിളിച്ചതുപോലെ, പാപ്പയുടെ പ്രിയപ്പെട്ട ചിക്ലായോ രൂപത അദ്ദേഹത്തിന് വിശ്വാസത്തിന്റെയും അടുപ്പത്തിന്റെയും മനുഷ്യത്വത്തിന്റെയും ഒരു വിദ്യാലയമായിരുന്നു,” ബിഷപ് എഡിന്‍സണ്‍ ഫാര്‍ഫാന്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു. വടക്കന്‍ പെറുവിലെ ഈ നഗരം അദ്ദേഹം ആഴത്തില്‍ സ്‌നേഹിച്ചതും അദ്ദേഹം ഇപ്പോഴും ഹൃദയത്തില്‍ വഹിക്കുന്നതുമായ ഒരു ലളിതമായ പട്ടണമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവ്യബലിക്ക് ശേഷം വിവിധ പ്രദേശങ്ങളില്‍ വെടിക്കെട്ടുകളും നാടോടി നൃത്തങ്ങളും അരങ്ങേറി.
Leave a Comment
Your email address will not be published. Required fields are marked with *