Follow Us On

18

May

2025

Sunday

ഫ്രാന്‍സിസ് പാപ്പാ ലിയോ പാപ്പായെ കണ്ടെത്തിയ വഴി…

ഫ്രാന്‍സിസ് പാപ്പാ  ലിയോ പാപ്പായെ  കണ്ടെത്തിയ വഴി…

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ

പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി പത്രോസിന്റെ 266-ാമത് പിന്‍ഗാമിയായി പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗികമായ ശുശ്രൂഷ ആരംഭിച്ചിരിക്കുകയാണ്. വിശുദ്ധ പത്രോസിന്റെ ഈ കാലഘട്ടത്തിലെ പിന്‍ഗാമി എന്ന നിലയില്‍, സഭയുടെ സാര്‍വ്വത്രിക ഭരണാധികാരി എന്ന നിലയിലും പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേരള സഭയയുടെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും കേരളത്തിലെ എല്ലാ സുമനസുകളുടെയും നാമത്തില്‍ പ്രാര്‍ത്ഥനാപൂര്‍വമായ അഭിനന്ദനങ്ങളും ആശംസകളും സന്തോഷത്തോടെ ഞാന്‍ നേരുന്നു. ഇക്കാലത്ത് സഭയെ നയിക്കുന്നത് എപ്രകാരം ഉള്ള ഒരു വ്യക്തിയായിരിക്കണം എന്നതിനെക്കുറിച്ചുള്ള കോണ്‍ക്ലേവിനു മുമ്പുള്ള ആലോചനകളില്‍, സഭ നേരിടുന്ന പരീക്ഷണങ്ങളില്‍ ലോകം നല്‍കുന്ന മുന്നറിയിപ്പുകളുടെ വെളിച്ചത്തിലൊക്കെ എങ്ങനെയാണ് വിശുദ്ധ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ പത്രോസിന്റെ പിന്‍ഗാമി ശുശ്രൂഷിക്കേണ്ടത് എന്ന് വിശദമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.

പരിഗണിക്കാത്ത വിഷയങ്ങള്‍
ആരായിരിക്കണം, ഏത് രാജ്യക്കാരായിരിക്കണം, എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച ഉണ്ടായില്ല. എന്നു മാത്രമല്ല എപ്രകരാമുള്ള ഒരു വ്യക്തിത്വം ആയിരിക്കണം എന്നതിനെക്കുറിച്ചാണ് ശ്രദ്ധ നല്‍കിയിരുന്നത്. അതുകൊണ്ട് ഒരു പക്ഷേ രാജ്യങ്ങളെക്കുറിച്ച്, ഭൂഖണ്ഡങ്ങളെക്കുറിച്ച്, മാധ്യമങ്ങളും ചില സമൂഹങ്ങളും മുന്നോട്ടു വച്ച ആളുകളെക്കുറിച്ചുള്ള വിശദമായ ഒരു ചര്‍ച്ച എന്നതിനപ്പുറത്ത് പത്രോസിന്റെ പിന്‍ഗാമിക്ക് ഇക്കാലത്ത് ഉണ്ടായിരിക്കേണ്ട സുകൃതങ്ങളെക്കുറിച്ച്, മൂല്യങ്ങളെക്കുറിച്ച്, വ്യക്തിവൈഭവത്തെക്കുറിച്ച് ഒക്കെ ചര്‍ച്ച ചെയ്യുകയുണ്ടായി. വടക്കേ അമേരിക്കയില്‍ നിന്ന് പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് ഒരു മാര്‍പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി ചുമതലയേല്‍ക്കുമ്പോള്‍ അദേഹം ഏത് രാജ്യക്കാരനായിരിക്കണം എന്നതല്ല അടിസ്ഥാന പ്രമേയം. അദ്ദേഹം ആരുടെ ഭാഗത്ത് നില്‍ക്കുന്നു എന്നതാണ്.

യേശുക്രിസ്തുവിന്റെ വികാരിയായി പത്രോസിന്റെ പിന്‍ഗാമിയായി സഭയെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനും സുവിശേഷം പ്രസംഗിക്കുന്നതിനും ദൈവനാമത്തില്‍ അടയാളപ്പെടുത്തപ്പെട്ട സാക്ഷിയായി ലോകത്ത് എല്ലാവരെയും ധൈര്യപ്പെടുത്തി അയയ്ക്കുന്നതിനുമെല്ലാമുള്ള വലിയ നിയോഗത്തോടൊപ്പം തന്നെ കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ള, ലോകമെങ്ങും പോയി നിങ്ങള്‍ നല്ല വാര്‍ത്ത, സുവിശേഷം അറിയിക്കണം, എന്ന വലിയ ഉത്തരവാദിത്വം ഒരു ദൗത്യമായി ഏറ്റെടുത്ത് പോകേണ്ട വ്യക്തിയാണ്. പരിശുദ്ധ ലിയോ 14-ാമന്‍ മാര്‍പാപ്പ ചുമതലയേറ്റപ്പോള്‍, കര്‍ദിനാളുമാരുമൊത്തുള്ള പ്രഥമ ദിവ്യബലിയില്‍ അദേഹം മനസ് തുറന്നു സംസാരിച്ചു. പിന്നീട് കര്‍ദിനാള്‍ സംഘവുമായിട്ടുള്ള ആദ്യ കൂടിക്കാഴ്ചയില്‍ അദേഹത്തിന്റെ ശുശ്രൂഷയെക്കുറിച്ച് സൂചിപ്പിച്ചു. അങ്ങനെ, എല്ലാവരെയും കേള്‍ക്കുന്നതിനും കാണുന്നതിനും ആലോചനകള്‍ തേടുന്നതിനും ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നതിനും തീരുമാനം അതിന് ശേഷമെടുക്കുന്നതിനുമൊക്കെയുള്ള അദേഹത്തിന്റെ ഒരു വൈഭവം പത്രോസിന്റെ ശുശ്രൂഷയില്‍ പരിശുദ്ധ പിതാവിനെ സഹായിക്കും എന്നതിന് യാതൊരു സംശയവുമില്ല.

ലോകത്തിന്റെ പ്രതീക്ഷകള്‍
പറയുന്ന ഒരു വാക്കിന്റെ അടിസ്ഥാനത്തിലോ പ്രത്യേകസമയത്തെ ഒരു നടപടിക്രമത്തിന്റെ പേരിലോ ഒന്നുമല്ലല്ലോ ഒരു നാമൊരു വ്യക്തിയെ വിലയിരുത്തേണ്ടത്. ജീവിതത്തിന്റെ സമ്പൂര്‍ണ്ണമായ ഏകീകൃത ഭാവം ഏതിലാണെന്ന് അടിസ്ഥാനപ്പെടുത്തിയാണ് വ്യക്തിയെ നാം വിലയിരുത്തേണ്ടത്.
വടക്കേ അമേരിക്കയിലെ ജനനം, ചിക്കാഗോയിലെ ബാല്യം, എന്നല്‍ മിഷനറിയായി തെക്കേ അമേരിക്കയില്‍ നടത്തിയ ശുശ്രൂഷകള്‍, അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിന്റെ ചിട്ടയായ ജീവിതക്രമങ്ങള്‍, നിഷ്ഠാപരമായ ജീവിതസാക്ഷ്യം, സുപ്പീരിയര്‍ ജനറലായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടതിലെ പ്രത്യേകത, അതുപോലെ തന്നെ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കണ്ടെത്തുന്നതിലും റോമില്‍ ഉത്തരവാദിത്വപ്പെട്ട ചുമതലകള്‍ ഏല്‍പ്പിക്കുന്നതിനുമെല്ലാം കാണിച്ച ദൈവനിയോഗത്തിന്റെ അത്ഭുതകരമായ വഴികള്‍. ഇതൊക്കെയാണ് ആ വ്യക്തിത്വത്തിന്റെ സത്തയിലേക്ക് നമ്മെ കൊണ്ടുപോകുന്ന സൂചനകള്‍. രണ്ട് വര്‍ഷക്കാലമേ ആയിട്ടുള്ള പരിശുദ്ധ പിതാവ് കര്‍ദിനാള്‍ സംഘത്തില്‍ എത്തിയിട്ട്.

ശാന്തതയോടും സമചിത്തതയോടും, തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പരിശുദ്ധ പിതാവ് പ്രകടമക്കിയ പക്വത ശ്രദ്ധേയമായമാണ്. പരിശുദ്ധ പിതാവിന്റെ അടിസ്ഥാനപരമായ ഭാവം എന്തായിരിക്കുമെന്ന് ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ മനസിലാക്കുന്നിടത്തോളം അദേഹം കാര്യങ്ങളെ സമചിത്തതയോടെ കാണുകയും കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യുന്നു. അതിനുശേഷമുള്ള അദ്ദേഹത്തിന്റെ നടപടിക്രമങ്ങളും അതിനനനുസൃതമുള്ള ഫലമുളവാക്കന്നവയായിരിക്കും എന്നതാണ് എന്റെ വിശ്വാസം.
കത്തോലിക്കാ സഭയുടെ വിശ്വാസ പ്രബോധനങ്ങള്‍ അദേഹം കാത്തുസൂക്ഷിക്കും. അതുപോലെ തന്നെ സംഭാഷണങ്ങള്‍ വെറുതെ ഒരു വര്‍ത്തമാനം പറയുകയല്ല ഹൃദയം തുറന്നുള്ള അദേഹത്തിന്റെ അഭിലാഷങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതാണ്. അത് സൂചനാപരവും സാക്ഷ്യപരവുമാണ്. സൂചനാപരം എന്നത് ഒന്നിച്ച് ചെയ്യണം, ഒരുമിച്ച് വളരണം സൂചിപ്പിക്കുന്നു. സാക്ഷ്യപരം എന്നത് ഒരുമിച്ച് നിന്ന് ഒരു ദിശയിലേക്ക് നീങ്ങുമ്പോള്‍ നെമ്മ കാണുന്ന ജനങ്ങള്‍ക്ക് അതൊരു സാക്ഷ്യമാണ്. നാം ഒന്നാണെന്ന് പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം

സമാധാനവും ബന്ധങ്ങളും
സമാധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തിലും ദാരിദ്ര്യം അമര്‍ച്ചചെയ്യുന്നതിലും, പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിലും സഭയില്‍ സുതാര്യമായ ശുശ്രൂഷാ ക്രമങ്ങള്‍ നടത്തുന്ന കാര്യത്തിലുമെല്ലാം പിതാവിന്റെ ഈ സമീപനം ഏറെ സഹായകമായിരിക്കും. അതുകൊണ്ടുതന്നെ അദേഹം സമാധാനത്തെക്കുറിച്ചാണ് പറഞ്ഞു തുടങ്ങിയത്. ബന്ധങ്ങളെക്കുറിച്ച് പറഞ്ഞു. ദൈവത്തോട് ചേര്‍ന്ന് നില്‍ക്കേണ്ട ആവശ്യകതയെക്കുറിച്ച് പറഞ്ഞു. പത്രോസിന്റെ പിന്‍ഗാമിയോട് ചേര്‍ന്ന് നിന്ന് ഒരുമയോടെ ഒരു സംഘമായി, ഒരു കൂട്ടായ്മയായി നാം മുന്നേറുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിക്കുകയുണ്ടായി. പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയോടൊത്ത് നമുക്ക് സഭാശുശ്രൂഷ തുടരാം, സഭാ ജീവിതം മുന്നോട്ടു കൊണ്ടുപോകാം.

നിര്‍ണായകമായ ഒരു കാലഘട്ടത്തിലാണ് പരിശുദ്ധ പിതാവ് പത്രോസിന്റെ പിന്‍ഗാമിയായി ചുമതലയേല്‍ക്കുന്നതെന്നത് അദേഹത്തെ ഭാരപ്പെടുത്താതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥനകൊണ്ട് പിതാവിനെ സഹായിക്കാം. സ്വര്‍ഗത്തോടുള്ള നമ്മുടെ അപേക്ഷയില്‍, വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും വ്യക്തിപരമായ നമ്മുടെ അപേക്ഷകളിലുമെല്ലാം പരിശുദ്ധ പിതാവിന് പ്രത്യേക സ്ഥാനം നല്‍കാം. കേരള സഭയ്ക്കും ഭാരത സഭയ്ക്കും ആഗോളസഭയ്ക്കും പൊതു സമൂഹത്തിനും എല്ലാ മനുഷ്യര്‍ക്കും പരിശുദ്ധ പിതാവിന്റെ ശുശ്രൂഷ വെളിച്ചമായി നിലകൊള്ളട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്. നാമെല്ലാവരും സ്‌നേഹത്തില്‍ ഒന്നാണ് എന്ന പരിശുദ്ധ പിതാവിന്റെ ആപ്തവാക്യത്തിന്റെ അന്തഃസത്ത മനസിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ദൈവം നമ്മെ എല്ലാവരെയും സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ച് ഒരിക്കല്‍ക്കൂടി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കേരള സഭയുടെയം എല്ലാവിധമായ ഭാവുകങ്ങളും ആശംസകളും പ്രാര്‍ത്ഥനകളും പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഞാന്‍ പ്രത്യേകമായി നേരുന്നു.
ശാലോമിന്റെ മുഖ്യരക്ഷാധികാരി എന്ന നിലയില്‍ ശാലോം മഹാകുടുംബത്തിലെ എല്ലാവരുടെയും പേരില്‍ പരിശുദ്ധ പിതാവിന് ആശംസകളും പ്രാര്‍ത്ഥനകളും ഞങ്ങളുടെ പരിപൂര്‍ണ്ണമായ വിധേയത്വവും ഞങ്ങള്‍ നേരുന്നു. ദൈവം അങ്ങുടെ ശുശ്രൂഷ വഴി ലോകത്തെ നവീകരിക്കട്ടെയെന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?