Follow Us On

05

July

2025

Saturday

ഞങ്ങളുടെ തൊട്ടപ്പുറത്തെ മൈക്കിളച്ചന്‍

കാര്‍ യാത്രക്കിടെ ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്നലെ അന്തരിച്ച കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശിയായ ഫാ. മൈക്കിള്‍ കരീക്കുന്നേല്‍ വി.സിയെ ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ സിഎംഎഫ് അനുസ്മരിക്കുന്നു.

ഞങ്ങളുടെ തൊട്ടപ്പുറത്തെ മൈക്കിളച്ചന്‍
നിരവധി വാക്കുകള്‍ ആദ്ധ്യാത്മിക പാതയില്‍ ഉണ്ട്. സ്പിരിച്ച്വല്‍ ഗൈഡന്‍സ്, സ്പിരിച്ച്വല്‍  കൗണ്‍സലിങ്ങ് എന്നതൊക്കെ അവയില്‍ ചിലതാണ്. എന്നാല്‍ സ്പിരിച്ച്വല്‍ കെയറിങ്ങ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കി കടന്നുപോയ ഒരാളാണ് ഫാ. മൈക്കിള്‍ കരീക്കുന്നേല്‍ വി.സി (77).
വെളുത്ത പാന്റ്‌സും ജുബയും വെള്ളത്താടിയുമായി ഒരു സ്വര്‍ഗീയ അപ്പച്ചനെപ്പോലെ അദ്ദേഹം കടന്നുവരുമായിരുന്നു. ചുണ്ടില്‍ പുഞ്ചിരി എപ്പോഴും ഉണ്ടായിരുന്നു. ആതിഥ്യത്തിന്റെ ഒരു കസേര അദ്ദേഹം എപ്പോഴും ഒഴിച്ചിട്ട് നമ്മളെ കേള്‍ക്കും. സാധാരണ പ്രായം മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ കൂടുതല്‍ സംസാരിക്കും. എന്നാല്‍ മൈക്കിളച്ചന്‍ നമ്മളെ കേള്‍ക്കാന്‍ കൊതിച്ചിരുന്നു.
 ഭാവം
മൈക്കിള്‍ അച്ചന്‍ അച്ചന്റെ  മിഷനറി ജീവിത റിലേയുടെ അവസാന റൗണ്ട് ഓടാനായിട്ടാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്‌നയിലെ വിന്‍സെഷ്യന്‍ സ്റ്റഡിഹൗസിലെത്തിയത്. അദ്ദേഹം അനേകം വര്‍ഷങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്തു. ജനറല്‍ കൗണ്‍സിലറായി. ആ അനുഭവ സമ്പത്ത് മുഴുവന്‍ ആവാഹിച്ച് അദ്ദേഹം കഴിഞ്ഞ 2 വര്‍ഷം നടത്തിയ ശുശ്രൂഷ നമ്മുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ട ഒന്നാണ്. മിഷനറിയ്ക്ക് പ്രായമാകുന്നില്ല എന്ന് അദ്ദേഹം പഠിപ്പിച്ചു.
 രംഗവേദി
കുമ്പസാരം എന്ന കൂദാശ നമ്മള്‍ അര്‍ഹിക്കുന്ന ഗൗരവം കൊടുത്ത് പരികര്‍മ്മം ചെയ്യുമ്പോള്‍ അത് സ്പിരിച്ചല്‍ കെയറിങ്ങ് ആകുന്നു. ഒരുങ്ങാത്ത വിശ്വാസിയും സമയമില്ലാത്ത വൈദികനും അത് ചെയ്യുന്നതുകൊണ്ടാണ് ആ കൂദാശയുടെ ശക്തി അനുഭവിക്കാന്‍ അനേകര്‍ക്ക് സാധിക്കാതെ പോകുന്നത്. എന്നാല്‍ മൈക്കിളച്ചന്റെ ശുശ്രൂഷ അനുപമമായിരുന്നു. പാപസങ്കീര്‍ത്തനത്തിനായി വരുന്നയാള്‍ക്ക് വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു ഒരുങ്ങുന്നു. നമ്മുടെ പാപങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നു. അന്നത്തെ പരി കുര്‍ബാനയിലെ വചന ഭാഗത്തെ അടിസ്ഥാനമാക്കി അച്ചന്‍ സന്ദേശം തരുന്നു.  സുകൃത ജപങ്ങള്‍ പ്രായശ്ചിത്തമായി തരുന്നു. എന്റെ ഹൃദയം അങ്ങയുടെ ഹൃദയം പോലെയാക്കണേ എന്ന പ്രാര്‍ത്ഥനയായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഏറ്റവും പ്രധാനമായി അച്ചന്‍ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
കുമ്പസാര ശേഷം അച്ചന്‍ പറയും , ‘ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് ട്ടോ!’
ആ വാചകം നമ്മള്‍ അനേകം തവണ കേട്ടിട്ടുണ്ടായിരിക്കും. പക്ഷേ മൈക്കിള്‍ അച്ചന്‍ പ്രാര്‍ത്ഥിക്കും എന്നു പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. കുമ്പസാരം കഴിഞ്ഞുള്ള കുറെ ദിനങ്ങള്‍ വിശുദ്ധിയുടെ പരവതാനിയില്‍ യാത്ര ചെയ്യാന്‍ ആ വിശുദ്ധ വൈദികന്റെ  കുമ്പസാരത്തിലൂടെ ഈശോ കൃപ നല്‍ കുമായിരുന്നു.
 സാഹോദര്യം
സാഹോദര്യത്തിന്റെ സുവിശേഷമായിരുന്നു അച്ചന്‍ വായിച്ച സുവിശേഷം. അച്ചന്‍ കാപ്പി കുടിക്കാന്‍ വിളിക്കുന്നു. തേനില്‍ പുരട്ടിയ നെല്ലിക്ക അച്ചന്‍ സ്പൂണില്‍ കോരി പാത്രത്തില്‍ വയ്ക്കുമ്പോള്‍ നെല്ലിക്കയുടെ മധുരത്തെക്കാള്‍ അച്ചന്റെ മുഖത്തെ സന്തോഷമാണ് എന്നും എന്നെ ആകര്‍ഷിച്ചത്. സ്‌നേഹം ഉള്ളിലുള്ള ആള്‍ക്ക് എല്ലാം ശുശ്രൂഷയാണല്ലോ. നമ്മുടെ ദൗത്യങ്ങള്‍ ഓര്‍മ്മിപ്പിച്ച്, വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് നമ്മളെ തീരത്തണിയിക്കാന്‍ വന്ന ഒരു മാലാഖയായിരുന്നു ആ മൈക്കിളച്ചന്‍.
 മിഷനറി
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 56-ല്‍ വിരമിക്കുന്ന നാടാണ് നമ്മുടേത്. അതിന്റെ കൂടെ 30 വയസ് കൂട്ടിയാല്‍?  അവസാനം കണ്ടുമുട്ടിയ ഏപ്രില്‍ 25ന് വൈകുന്നേരം മൈക്കിള്‍ അച്ചന്‍ പറഞ്ഞു.
‘എനിക്ക് സമ്മറില്‍ നാട്ടില്‍ പോയി പെട്ടെന്ന് സത്‌നയ്ക്ക് തിരിച്ചു വരണം. ഒത്തിരി ഫോര്‍മേഷന്‍ ഹൗസുകളിലെ സ്പിരിച്ചല്‍ ഡയറക്ഷന്‍ ഉണ്ട്. പിന്നെ നിരവധി പേര്‍ വരുന്നുമുണ്ട്. ‘ The most sought after missionary’ എന്ന വിശേഷണമാണ് മൈക്കിള്‍ അച്ചനെ വ്യത്യസ്തനാക്കുന്നത്. അതിനെ അദ്ദേഹത്തെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതം തന്നെയായിരുന്നു. വൈദികര്‍ക്കും സിസ്റ്റേഴ്‌സിനും അദ്ദേഹം പ്രിയപ്പെട്ട വല്യപ്പച്ചനായിരുന്നു. പ്രശ്‌നങ്ങളിലും ബുദ്ധിമു ട്ടുകളിലും ആശ്വസിപ്പിക്കാന്‍ ആദ്യം വന്നെത്തുന്ന ഒരാള്‍. സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും  നോവീസസിനും മിഷണറി മാര്‍ക്കും പഠിക്കാന്‍ പറ്റിയ ഏറ്റവും മികച്ച contextualised syllabus ജീവിച്ചു കാണിച്ചു മൈക്കിളച്ചന്‍ മടങ്ങുന്നു. എന്റെ എഴുത്തിനെ, സത്‌നായിലെ മിഷന്‍ പ്രവര്‍ത്തനത്തെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചത് ആര് എന്ന ചോദ്യത്തിന് എന്റെ ഉത്തരം ഒന്നേയുള്ളൂ: മൈക്കിള്‍ അച്ചനും അച്ചന്റെ പ്രാര്‍ത്ഥനയും! എന്നെപ്പോലെ എത്രയോ പേരെ ആ പുണ്യാത്മാവ് വളര്‍ത്തി!
 ഒരു ഓര്‍ഡിനേഷന്‍ വാര്‍ഷികം
വിന്‍സെഷ്യന്‍ സെമിനാരിയുടെ റെക്ടര്‍ ഫ്രാന്‍സിസ് കോലഞ്ചേരി അച്ചനും ബ്രദേഴ്‌സും ചേര്‍ന്ന്  കഴിഞ്ഞ ഏപ്രില്‍ മാസം മൈക്കിള്‍ അച്ചന്റെ ഓര്‍ഡിനേഷന്‍ വാര്‍ഷികം ആഘോഷിച്ചു. സമീപത്തെ സമര്‍പ്പിതരെല്ലാം പങ്കു ചേര്‍ന്ന ചടങ്ങ്. മൈക്കിള്‍ അച്ചന്റെ പേരില്‍ നടന്ന അവസാന ചടങ്ങായിരുന്നത്. നിരവധി പേര്‍ അച്ചന് ആശംസ അറിയിച്ചു. എനിക്കും സംസാരിക്കാന്‍ ഉള്ളില്‍ നിന്ന് പ്രചോദനം ഉണ്ടായി. പക്ഷേ ഞാന്‍ മിണ്ടിയില്ല. അത് ഒരു ദുഃഖമായി എന്നില്‍ അവശേഷിക്കുന്നു.
 പൂന്തോട്ടം
പൂക്കള്‍ മൈക്കിള്‍ അച്ചന്റെ പ്രാണനായിരുന്നു. അച്ചന്റെ താരാട്ടു പാട്ടു കേട്ട് എത്ര പൂക്കളാണ് വിന്‍സെഷ്യന്‍ ആരാമത്തില്‍ വിടര്‍ന്നത്. ആത്മാക്കളുടെയും പൂക്കളുടെയും ചികില്‍സ അദ്ദേഹത്തിന് അറിയാമായിരുന്നു. ഇന്ന് ഒത്തിരി പൂക്കള്‍ അദ്ദേഹത്തെ മൂടും. എന്നാല്‍ ഈ കാലയളവില്‍ എത്രയോ ചെടികള്‍ക്ക് അദ്ദേഹം ശുശ്രൂഷ ചെയ്തു. ആ ചെടികളും ഇന്നു കരയും.
 ഓട്ടത്തിന് ശേഷം
മൈക്കിള്‍ അച്ചനെ ഈശോ ഇന്നലെ സ്വര്‍ഗീയ ആരാമത്തിലേക്ക് ഹൃദ്രോഗത്തിലൂടെ കൂട്ടികൊണ്ടുപോയി. എന്നാല്‍ മൈക്കിള്‍ അച്ചന്‍ കാട്ടിത്തന്ന സക്രാരിയിലെ ഈശോയുടെ ജ്വലനം തുടരുകയാണ്. ആ ഈശോയിലാണ് നമ്മുടെ പ്രത്യാശ. തന്റെ ഓട്ടം എനിക്കും കൂടി വേണ്ടി ഓടിയ മൈക്കിള്‍ അച്ചന്‍ ഇനി കൂടുതല്‍ ശക്തിയോടെ ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?