ഭോപ്പാല്‍: ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി കോടതി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് അവഗ ണിച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
2010 ല്‍ ആരംഭിച്ച, മൂന്ന് ദിവസത്തെ വാര്‍ഷിക ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ നടത്താന്‍ ഖാര്‍ഗോണ്‍ ജില്ലാ ഭരണകൂടം തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഒരു സ്വതന്ത്ര സഭയെ നയിക്കുന്ന പാസ്റ്റര്‍ കമേഷ് സോളങ്കി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മെയ് 16 മുതല്‍ 18 വരെ തീരുമാനിച്ചിരുന്ന കണ്‍വന്‍ഷന്‍ നടത്താന്‍ കഴിയാത്തതിനാല്‍, പുതുക്കിയ തീയതിവച്ച് ജില്ലാ ഭരണകൂടത്തിന് പുതിയ അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ആ അപേക്ഷ ജില്ലാ ഭരണകൂടം അനുവദിക്കണമെന്നും മതിയായ സുരക്ഷ ഒരുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാഭരണകൂടം കണ്‍വന്‍ഷന് അനുമതി നിഷേധിച്ചത്. കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തുനിന്ന് അതിര്‍ത്തിയിലേക്ക് കുറഞ്ഞത് 1,000 കിലോമീറ്റര്‍ ദൂരമുണ്ട്. നിസാരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരം അനുമതികള്‍ നിഷേധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ രാജ്യത്തെ 11 സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ആ നിയമത്തിലെ വകുപ്പുകള്‍ വളച്ചൊടിച്ച് ക്രൈസ്തവര്‍ക്ക് കണ്‍വന്‍ഷനുകളോ പൊതുപരിപാടികളോ നടത്താന്‍ കഴിയാത്ത വിധത്തിലേക്ക് എത്തിയിരിക്കുകയാണ്. പൊതുപരിപാടികള്‍ നടത്തിയാല്‍ അതു അലങ്കോലമാക്കുകയും ബലമായി മതപരിവര്‍ത്തനം നടത്തിയെന്ന് വ്യാജ പരാതി നല്‍കി സംഘാടകരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കള്ളക്കേസ് എടുക്കുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവാണ്.
അത്തരമൊരു സാഹചര്യത്തിലാണ് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കണ്‍വന്‍ഷനുകള്‍ക്ക് അനുമതി നിഷേധിക്കരുതെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നുമുള്ള കോടതി ഉത്തരവിന് പ്രസക്തി ഏറുന്നത്. രാഷ്ട്രീയ നേതൃത്വം ഏതുവിധത്തില്‍ ഇതിനോടു പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
Leave a Comment
Your email address will not be published. Required fields are marked with *