മുംബൈ: മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടു പുറത്തുവരുമ്പോള്‍ ക്രൈസ്തവരില്‍ ആശങ്ക നിറയുകയാണ്. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. ‘സംസ്ഥാനത്ത് മതപരിവര്‍ത്തനം തടയുന്നതിന് കര്‍ശനമായ നിയമം നടപ്പി ലാക്കും’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ വ്യാപകമായ വിധത്തില്‍ ആ നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവര്‍ക്കെതിരെ ഉപയോഗിക്കുകയാണ്. കണ്‍വന്‍ഷനുകളോ സ്വന്തം വീട്ടില്‍പ്പോലും പ്രാര്‍ത്ഥനാ യോഗങ്ങളോ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് പല സംസ്ഥാനങ്ങളിലും.
ക്രൈസ്തവര്‍ നടത്തുന്ന പൊതുപരിപാടികള്‍ അലങ്കോലമാക്കുകയും പങ്കെടുക്കുന്നവരെ കായികമായി ആക്രമിക്കുകയും ചെയ്യുന്നതും പതിവാണ്. പോലീസ് എത്തിക്കഴിയുമ്പോള്‍ ബലമായി മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതി നല്‍കി ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുന്നതും ഇപ്പോള്‍ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. ഈ നിയമപ്രകാരം അനേകര്‍ ജയിലില്‍ അടക്കപ്പെട്ടിട്ടുണ്ട്.
‘മതസ്വാതന്ത്ര്യം തടയുന്നതിനായി പുതിയ നിയമങ്ങള്‍’ കൊണ്ടുവരുന്നതിനുപകരം, രാജ്യത്തെ ഓരോ പൗരന്റെയും മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് നാഗ്പൂര്‍ ആര്‍ച്ചുബിഷപ് ഏലിയാസ് ജോസഫ് ഗോണ്‍സാല്‍വസ് പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടയുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ ഈ നിയമം ആയുധമാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നിലവിലുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *