റായ്പുര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ സംഘടിതമായ അക്രമണം. ഇന്നലെ (ജൂലൈ 13) ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലെ പഞ്ച്‌പേഡി ബഖാര, ഗോപാല്‍പുരി, ഹട്‌കേശ്വര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലെ പള്ളികള്‍ക്കുനേരെയായിരുന്നു അക്രമങ്ങള്‍ നടന്നത്.
50 ഓളം ആളുകള്‍ അടങ്ങിയ സംഘം ഒരു പള്ളിയില്‍ അക്രമം നടത്തിയതിനുശേഷം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലി പോലെ അടുത്ത സ്ഥലത്തേക്കു പോകുകയായിരുന്നു. ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകള്‍ വഴി ഇക്കാര്യം പുറത്തുവന്നിട്ടും അക്രമം തടയാന്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
പഞ്ച്‌പേഡി ബഖാരയിലെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കു ശേഷം വിശ്വാസികള്‍ പിരിഞ്ഞുപോയതിനുശേഷമായിരുന്നു അക്രമി സംഘത്തിന്റെ വരവ്. അവരെ കണ്ട് പാസ്റ്റര്‍ പള്ളി പൂട്ടി അവിടെനിന്നും മാറി. അവര്‍ പള്ളി വളഞ്ഞ് ഭീഷണി മുഴക്കി നാശനഷ്ടങ്ങള്‍ വരുത്തിയതിനുശേഷം തിരിച്ചുപോകുകയായിരുന്നു.
ഗോപാല്‍പുരിയില്‍ പള്ളിയിലേക്ക് 40-50 ഓളം വരുന്ന അക്രമി സംഘം അതിക്രമിച്ചു കയറി, പാസ്റ്ററെ അക്രമിക്കുകയും പ്രസംഗപീഠവും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ പാസ്റ്റര്‍ ആശുപത്രിയിലാണ്. ഈ സ്ഥലത്ത് പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നെങ്കിലും അക്രമം തടയാന്‍ അവര്‍ ശ്രമിച്ചില്ല.

ഒരു മാസം മുമ്പ് ഇതേ പള്ളി ബജ്‌റംഗദളിന്റെ നേതൃത്വത്തില്‍ അക്രമിച്ചിരുന്നു. പള്ളിയുടെ ആസ്ബറ്റോസ് മേല്‍ക്കൂര തകര്‍ത്ത സംഘം വാട്ടര്‍ ടാങ്ക്, മൈക്ക് സെറ്റ് എന്നിവയും നശിപ്പിച്ചിരുന്നു. അന്ന് പരാതി നല്‍കിയിരുന്നെങ്കിലും എഫ്ഐആര്‍പോലും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഹട്‌കേശ്വര്‍ പള്ളിയില്‍ അക്രമങ്ങള്‍ നടത്തുമ്പോഴും പോലീസ് സ്ഥലത്തുണ്ടായിരുന്നു. പക്ഷേ, ഒരു വിധത്തിലും അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സോഷ്യല്‍ മീഡിയകള്‍ വഴി മുന്‍കൂട്ടി അറിയിച്ചിട്ട് അക്രമങ്ങള്‍ നടത്തുമ്പോഴും പോലീസ് നിഷ്‌ക്രിയരായി നോക്കിനില്ക്കുന്നു എന്നതാണ് ഏറ്റവും അപകടകരം. ഗോപാല്‍ പുരിയിലെ പള്ളിയില്‍ കഴിഞ്ഞ മാസം അക്രമങ്ങള്‍ നടത്തിയവര്‍ക്കുനേരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചേനെ.
അക്രമങ്ങള്‍ക്ക് എതിരെയും പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകള്‍കൊണ്ടാണ് പോലീസ് പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
Leave a Comment
Your email address will not be published. Required fields are marked with *