എഡിന്‍ബര്‍ഗ്/ സ്‌കോട്ട്‌ലാന്‍ഡ്: ചില സൗഭാഗ്യങ്ങള്‍ അങ്ങനെയാണ്. അവയുടെ മൂല്യം മനസിലാകണമെങ്കില്‍ ഒന്നുകില്‍ അവ നമുക്ക് നഷ്ടമാകണം അല്ലെങ്കില്‍ ആ സൗഭാഗ്യമില്ലാത്തവരുടെ വേദന നേരിട്ട് മനസിലാക്കണം. ഒരു അനാഥാലയം സന്ദര്‍ശിച്ച സ്‌കോട്ടിഷ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സിന് സംഭവിച്ചത് ഇതില്‍ രണ്ടാമത്തെ കാര്യമാണ്. 3 വയസുള്ള മകള്‍ നവോമിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ രാഷ്ട്രീയം തന്നെ വിടാനൊരുങ്ങുകയാണ്
സ്‌കോട്ടിഷ് രാഷ്ട്രീയത്തില്‍ ഏറെ ഭാവി കല്‍പ്പിക്കപ്പെട്ട 35 കാരിയായ കേറ്റ്.
ഒരു അനാഥാലയം സന്ദര്‍ശിച്ചപ്പോഴാണ് ഒരിക്കലും മാതാപിതാക്കളുടെ സ്‌നേഹവും പരിലാളനയും അനുഭവിക്കാത്ത കുട്ടികളുടെ വേദന കേറ്റ് തിരിച്ചറിഞ്ഞത്. ആ അനുഭവത്തെക്കുറിച്ച് കേറ്റ് പറയുന്നത് ഇപ്രകാരമാണ്, ‘അതൊരു തിരിച്ചറിവിന്റെ നിമിഷം ആയിരുന്നു … ഒരു അമ്മയാകുക എന്നത് എത്ര വലിയ പദവിയാണെന്ന് എനിക്ക് പെട്ടെന്ന് മനസിലായി. അതുപോലെ തന്നെ ഒരു ഒരു രക്ഷിതാവ് ഉണ്ടായിരിക്കുക എന്നത് എത്ര വലിയ സൗഭാഗ്യമാണെന്നും. ജീവിതത്തിന്റെ എല്ലാ തിരക്കുകള്‍ക്കുശേഷം അവശേഷിച്ച ഭാഗത്തേക്ക് തള്ളിവിടേണ്ട ഒരു ഉത്തരവാദിത്വമല്ല അത്. യഥാര്‍ത്ഥത്തില്‍ വളരെ ഉയര്‍ന്ന ഒരു വിളിയാണത്.’
ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയിലുള്ള തന്റെ പ്രതിബദ്ധതമൂലം ഏറെ ശ്രദ്ധിക്കപ്പെട്ട സ്‌കോട്ടിഷ് രാഷ്ട്രീയക്കാരിയാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിക്ക് തുല്യമായ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ പദവി അലങ്കരിക്കുന്ന കേറ്റ് ഫോര്‍ബ്‌സ്. ഒരു ഘട്ടത്തില്‍ ഗര്‍ഭഛിദ്രം പോലുള്ള തിന്മകള്‍ക്ക് എതിരായി ശക്തമായ നിലപാട് സ്വീകരിച്ച കേറ്റിനെ ഒറ്റപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ സ്‌കോട്ട്‌ലാന്‍ഡിലെ കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത് വന്നിരുന്നു. 2026 മെയ് മാസത്തില്‍ നടക്കുന്ന അടുത്ത ഇലക്ഷനില്‍ മത്സരിക്കുകയില്ലെന്നും അതോടുകൂടി രാഷ്ട്രീയം ഉപേക്ഷിച്ച് കുടുംബത്തിന് വേണ്ടി കൂടുതല്‍ സമയം നീക്കിവയ്ക്കുമെന്നും കേറ്റ് വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *