ജോസഫ് മൈക്കിള്‍
ഇന്ത്യാ ടുഡേ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍, വരാന്‍ പോകുന്ന കാലത്ത് ഏറ്റവും ജോലി സാധ്യതയുള്ള കോഴ്‌സ് ഏതാണെന്നൊരു ചോദ്യത്തിന് നല്‍കിയിരുന്ന ഉത്തരം പ്ലംബര്‍ എന്നായിരുന്നു. മികച്ച വരുമാനം ലഭിക്കാന്‍ പ്ലംബര്‍ എവിടെ ജോലി ചെയ്യണമെന്നതായിരുന്നു അടുത്ത ചോദ്യം. സര്‍വ്വേയില്‍ കണ്ടെത്തിയ സ്ഥലം കേരളമായിരുന്നു (അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഞാനതില്‍ കക്ഷിയല്ല, ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടാണ്). മികച്ച വരുമാനം ലഭിക്കുന്നത് ഇപ്പോള്‍ കേരളത്തില്‍ എവിടെയാണെന്നൊരു റിപ്പോര്‍ട്ട് തയാറാക്കുകയാണെങ്കില്‍ ബെവ്‌കോ എന്നു കണ്ണുമടച്ച് പറയാന്‍ സാധിക്കും.
മനഃസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കണക്ക്
ഓണക്കാലത്ത് കേരള സ്റ്റേറ്റ് ബിവ്‌റേജസ് കോര്‍പറേഷന്‍ എന്ന ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് പ്രഖ്യാപിച്ച വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് (1,02,500) ബോണസ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഗവണ്‍മെന്റ് സ്ഥാപനം ഇത്രയും ഉയര്‍ന്ന ബോണസ് നല്‍കുന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു.
ബെവ്‌കോയുടെ കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 19,700 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 670 കോടിയുടെ വര്‍ധനവ്. നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന കമ്പനി എന്നാണ് സ്വഭാവികമായും പറയേണ്ടത്. പക്ഷേ, ഈ വിറ്റുവരവ് ഓര്‍ത്ത് മലയാളികള്‍ ലജ്ജിച്ച് തലതാഴ്ത്തണം. കാരണം, കേരളത്തില്‍ വിദേശമദ്യ വ്യാപാരം നടത്തുന്ന സ്ഥാപനമാണ് ബെവ്‌കോ. അവിടെ കച്ചവടം വര്‍ധിക്കുമ്പോള്‍ മനഃസാക്ഷിയുള്ളവര്‍ ആഹ്ലാദിക്കുകയല്ല ദുഃഖിക്കുകയാണ്.
കേരളത്തിലെ അനേകം കുടുംബങ്ങളുടെ തകര്‍ച്ചയുടെ പുറത്തുനിന്നുള്ള വളര്‍ച്ചയാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരില്‍ കുതിര്‍ന്ന പണമാണത്. വീടുകളില്‍ ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും വേണ്ടി ഉപയോഗിക്കേണ്ട പണമാണ് ബെവ്‌കോയില്‍ കൊടുത്തിരിക്കുന്നത്. ഇതുമൂലം സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്നത് വളര്‍ച്ചക്കു പകരം തളര്‍ച്ചയായിരിക്കും. കുടുംബനാഥന്‍ മദ്യപാനിയാണെങ്കില്‍ പലപ്പോഴും മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍പോലും കഴിയില്ല. പല കുടുംബ തകര്‍ച്ചകളുടെ പിന്നിലെ വില്ലന്‍ മദ്യമാണ്. ബിവ്‌റേജസില്‍നിന്നും വാങ്ങുന്ന കുപ്പികളില്‍ ഉള്ളതൊന്നും വിറ്റാമിനുകള്‍ അല്ലല്ലോ. അതുപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഏതൊക്കെ വിധത്തിലുള്ള രോഗങ്ങളായിരിക്കും?
ന്യൂജന്‍ ലഹരിക്കുമാത്രമേ വീര്യമുള്ളോ?
മദ്യപിച്ച് വാഹനമോടിച്ചതിലൂടെ നമ്മുടെ പൊതുനിരത്തുകളില്‍ ഒരു വര്‍ഷം സംഭവിച്ച അപകട മരണങ്ങളുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കണക്കു നോക്കുക. മദ്യപിച്ച് വാഹനമോടിച്ചവര്‍ റോഡുകളില്‍ ഇടിച്ചുതെറിപ്പിച്ചു ജീവനെടുത്തവരുടെ എണ്ണവും പരിശോധിക്കണം. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കിലും ജീവച്ഛവം ആയവര്‍ എത്രയധികമാണ്.
മദ്യവര്‍ജ്ജനത്തിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമെന്നു പറയുന്ന ഗവണ്‍മെന്റിന് ഈ വര്‍ധനവില്‍ എങ്ങനെയാണ് അഭിമാനിക്കാന്‍ സാധിക്കുന്നത്? മദ്യവര്‍ജ്ജനമെന്നൊക്കെ പറയുന്നത് ഒരുതരം കബളിപ്പിക്കലുകളാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണത്.
എംഡിഎംഎ പോലുള്ള ന്യൂജന്‍ ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നതില്‍ മാത്രം ഭരണനേതൃത്വം ആശങ്കപ്പെട്ടാല്‍ പോരാ. ലഹരിയുടെ പുതിയ വഴികള്‍ തേടിപോകുന്നവര്‍ മദ്യം ഉപയോഗിക്കാത്തവരൊന്നുമല്ല. മദ്യത്തിനൊപ്പമായിരിക്കും പുതിയ ലഹരികളും പരീക്ഷിക്കുന്നത്.
ആത്മാര്‍ത്ഥത ഇല്ലാത്ത പ്രചാരണങ്ങള്‍
മദ്യത്തിന്റെ ലഭ്യത കുറഞ്ഞാല്‍ രാസലഹരികളുടെ ഉപയോഗം വര്‍ധിക്കുമെന്നു പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. അല്ലെങ്കില്‍ രാസലഹരികള്‍ നിയന്ത്രിക്കാന്‍ ബിവ്‌റേജസ് കോര്‍പ്പറേഷന്റെ വില്പന ശാലകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മതിയല്ലോ. അടുത്ത വര്‍ഷത്തെ ബോണസ് ഇതിലും കൂടുമായിരിക്കും. കാരണം, കച്ചവടം വര്‍ധിപ്പിക്കാന്‍ ബെവ്‌കോ ഓണ്‍ലൈന്‍ അടക്കമുള്ള പുതുവഴികള്‍ തേടിക്കൊണ്ടിരിക്കുകയാണല്ലോ.
വയോജനപെന്‍ഷന്‍ 1600 രൂപമാത്രം ഉള്ള നാട്ടിലാണ് 1,02,500 രൂപ ബോണസ് നല്‍കുന്നതെന്നതും കാണാതിരിക്കരുത്. ലഹരിക്കെതിരെ ഗവണ്‍മെന്റു നടത്തുന്ന പ്രചാരണങ്ങളില്‍ യാതൊരു ആത്മാര്‍ത്ഥയുമില്ലെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. മനുഷ്യരുടെ കണ്ണീരിനു മുകളില്‍ കെട്ടിപൊക്കുന്ന നേട്ടങ്ങള്‍ക്ക് ആയുസ് കുറവായിരിക്കും. മദ്യത്തെ വരുമാനമാര്‍ഗമായി കാണുന്നതും അതിന്റെ വിറ്റുവരവ് വര്‍ധിപ്പിക്കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതും ധാര്‍മികമായി എത്രമാത്രം ശരിയാണെന്നതും ചര്‍ച്ചചെയ്യപ്പെടണം.
Leave a Comment
Your email address will not be published. Required fields are marked with *