ബെയ്ജിംഗ്/ചൈന: പ്രാര്‍ത്ഥനയും ആരാധനയും ഓണ്‍ലൈനായി സ്ട്രീം ചെയ്യുന്നതിനും കുട്ടികള്‍ക്ക് ഓണ്‍ലൈനായി മതബോധനം നല്‍കുന്നതിനും കര്‍ശന നിയന്ത്രണങ്ങളുമായി ചൈന. ചൈനീസ് സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ച മാര്‍ഗരേഖയില്‍ ദൈവാലയങ്ങളുടെ നിര്‍മാണത്തിനുള്‍പ്പടെ മതപരമായ ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഫണ്ട്‌ശേഖരണം നടത്തുന്നതും നിരോധിച്ചു. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റിലീജിയസ് അഫയേഴ്‌സ് പുറപ്പെടുവിച്ച മത അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ 15 നാണ് ചൈനീസ് സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടത്.
ചൈനയില്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹോങ്കോംഗ്, മക്കാവു, തായ്വാന്‍, തുടങ്ങിയ രാജ്യങ്ങളിലെ മതനേതാക്കള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ബാധകമാവും. ഇമെയില്‍ ഉള്‍പ്പടെയുള്ള എല്ലാ ഓണ്‍ലൈന്‍ ആശയവിനിമയങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. എല്ലാ മത അധ്യാപകരും ഉദ്യോഗസ്ഥരും മാതൃരാജ്യത്തെ സ്‌നേഹിക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നേതൃത്വത്തെ പിന്തുണയ്ക്കുക, സോഷ്യലിസ്റ്റ് വ്യവസ്ഥയെ പിന്തുണയ്ക്കുക, ദേശീയ നിയമങ്ങളും ചട്ടങ്ങളും പാലിക്കുക എന്നിവ പ്രകടമാക്കുന്ന ഓണ്‍ലൈന്‍ പെരുമാറ്റ മാതൃകകള്‍ പിന്തുടരണമെന്നും പുതിയ പെരുമാറ്റച്ചട്ടം ആവശ്യപ്പെടുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് സര്‍ക്കാര്‍ വളരെക്കാലമായി വിലക്കിയിട്ടുണ്ടെങ്കിലും, ഈ ആഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ മതപരമായ ആവശ്യങ്ങള്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കുന്നതുപോലും തടയുന്നു. മതപരമായ ഓണ്‍ലൈന്‍ തത്സമയ സംപ്രേക്ഷണങ്ങള്‍, ഹ്രസ്വ വീഡിയോകള്‍, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ എന്നിവ നിരോധിക്കുക കൂടെ ചെയ്യുന്നതിലൂടെ മത ഓണ്‍ലൈന്‍ പ്രാര്‍ത്ഥന ആരാധന, കുര്‍ബാന എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം വിശ്വാസികള്‍ക്ക് ചൈനയില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. കൂടാതെ ഇന്റര്‍നെറ്റ് വഴി മതപരമായ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യാനോ അയയ്ക്കാനോ കഴിയാത്ത സാഹചര്യത്തില്‍ കടുത്ത മതനിരാസ നയത്തിലേക്കാണ് ചൈന നീങ്ങുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *