ന്യൂഡല്‍ഹി: ഇന്ത്യയിലെ അല്‍മായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായത്തെ പ്രഖ്യാപിച്ചു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട വത്തിക്കാന്‍ ഡിക്കാസ്റ്ററി മുഖേനയാണ് ലിയോ 14 ാമന്‍ മാര്‍പാപ്പ. ഇന്ത്യയിലെ അല്‍മായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായത്തെ അംഗീകരിച്ചത്. നേരത്തെ, ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍സമിതിയായ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) ഇതുമായി ബന്ധപ്പെട്ട നിവേദനം വത്തിക്കാന് സമര്‍പ്പിച്ചിരുന്നു
2025 ജൂലൈ 16 നാണ് വത്തിക്കാന്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം 2025 ഒക്ടോബര്‍ 15 ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ദിവ്യബലി മധ്യേ നടക്കും. എല്ലാ രൂപതകളിലും ഇടവകകളിലും ഈ ചരിത്ര നിമിഷം ആഘോഷിക്കാനും ഇന്ത്യയിലുടനീളം വിശുദ്ധ ദേവസഹായത്തോടുള്ള ഭക്തി സജീവമായി പ്രോത്സാഹിപ്പിക്കാനും ആര്‍ച്ചുബിഷപ്പുമാരെയും, ബിഷപ്പുമാരെയും, ഇടവക വൈദികരെയും, സന്യാസിമാരെയും, അല്‍മായ വിശ്വാസികളെയും ക്ഷണിച്ചുകൊണ്ട് സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഹൈന്ദവ വിശ്വാസിയായി ജനിച്ച്, പിന്നീട് ക്രിസ്തുവിനെ രക്ഷനും നാഥനുമായി സ്വീകരിച്ച വിശുദ്ധ ദേവസഹായം (1712 -1752) കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ച ഇന്ത്യയില്‍ നിന്നുള്ള ആദ്യ അല്‍മായനും രക്തസാക്ഷിയുമാണ്. തമിഴ്നാട്ടിലെ നട്ടാളത്ത് നീലകണ്ഠപിള്ള എന്ന പേരില്‍ ജനിച്ച അദ്ദേഹം തിരുവിതാംകൂറില്‍ ഒരു കോടതി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. ക്രിസ്തീയ വിശ്വാസത്തില്‍ ആകൃഷ്ടനായ അദ്ദേഹം 1745-ല്‍ ലാസര്‍ എന്ന പേര് സ്വീകരിച്ചുകൊണ്ട് മാമോദീസാ സ്വീകരിച്ചു. വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നിഷ്ഠൂരമായ പീഡനത്തിനും തടവിനും വിധേയനായ അദ്ദേഹം 1752-ലാണ് രക്തസാക്ഷിത്വം വരിച്ചത്.
2012 ഡിസംബര്‍ 2-ന് തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ നടന്ന ചടങ്ങില്‍, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള കാര്യാല പ്രീഫെക്റ്റ് കര്‍ദിനാള്‍ ആഞ്ചലോ അമറ്റോ, എസ്ഡിബി അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2022 മെയ് 15-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ദേവസഹായത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *