ലിയോ 14 ാമന്‍ മാര്‍പാപ്പ മെത്രാനായിരുന്ന പെറുവിലെ ചിക്ലായോ രൂപതയിലെ ദരിദ്ര പ്രദേശത്ത് സ്വന്തം കൈകൊണ്ട് ഒരു ദൈവാലയം തന്നെ നിര്‍മിക്കുന്ന തിരക്കിലാണ് ഫാ. ജാവിയര്‍ കാജുസോള്‍ വില്ലെഗാസ്. സ്പാനിഷ് മിഷനറിമാര്‍ അമേരിക്കയിലേക്ക് വന്നപ്പോള്‍, അവര്‍ വാസ്തുശില്പികളും എഞ്ചിനീയര്‍മാരുമായ വൈദികരെ കൊണ്ടുവന്നതിന്റെയും അവര്‍ സ്വന്തം കൈകൊണ്ട് ദൈവാലയങ്ങള്‍ നിര്‍മിച്ചതിന്റെയും ചരിത്രം പഠിച്ചതാണ് ഈ ദൈവാലയ നിര്‍മിതിക്ക് അദ്ദേഹത്തിന് പ്രേരണയായത്.
ഒരു റെക്ടറി ഇല്ലാത്ത ഒരു ഇടവകയില്‍ റെക്ടറി പണിതുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആരംഭം. ഒരു നിര്‍മാണ തൊഴിലാളിയില്‍നിന്ന് നിര്‍മാണത്തിന്റെ പാഠങ്ങള്‍ പഠിച്ച അദ്ദേഹം രൂപത മെത്രാന്റെ അനുമതിയോടെ അഡ്വേനിയറ്റ് പ്രോജക്റ്റിന്റെ ധനസഹായത്തോടെയാണ് വൈദികമന്ദിരം നിര്‍മിച്ചത്.
ആദ്യം, ഇത് ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോള്‍ സിമന്റ് മിക്‌സ് ചെയ്യാനും ഇഷ്ടികകള്‍ കെട്ടാനുമെല്ലാം പഠിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായി പൗരോഹിത്യ ശുശ്രൂഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഫാ. ജാവിയര്‍ കാജുസോള്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 24-ന് 58 വയസ് തികയുന്ന ഫാ. ജാവിയര്‍ പള്ളിയുടെ നിര്‍മ്മാണത്തിന് നാലോ അഞ്ചോ വര്‍ഷം എടുക്കുമെന്നാണ് കണക്കാക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ കഠിനാധ്വാനം ചെയ്യുന്നു. ഇനി 143000 ഡോളര്‍ കൂടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായി വരുമെന്നും സഹായത്തിനായി പരിശുദ്ധ പിതാവിനെ കാണാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാ. ജാവിയര്‍ പറഞ്ഞു.
അദ്ദേഹം ഇപ്പോള്‍ പള്ളി പണിയുന്ന സ്ഥലത്ത് തന്നെയാണ് ഞായറാഴ്ചകളില്‍ കുര്‍ബാന അര്‍പ്പിക്കുന്നത്. ദാരിദ്ര്യവും കുറ്റകൃത്യങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് വൈദികര്‍ ഏറെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *