വത്തിക്കാന്‍ സിറ്റി: ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ് ഫിലിപ്പോ ഇയാനോണിനെ ലിയോ 14 ാമന്‍ പാപ്പ നിയമിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് വഹിച്ചിരുന്ന പദവിയാണിത്. ലിയോ 14 ാമന്‍ പാപ്പ ഒരു പ്രധാന വത്തിക്കാന്‍ ഓഫീസിന്റെ തലപ്പത്ത് നടത്തുന്ന ആദ്യ നിയമനമെന്ന പ്രത്യേകതയുമുണ്ട്.
67 കാരനായ ഇയാനോണ്‍ ഒക്ടോബര്‍ 15 ന് ഔദ്യോഗികമായി തന്റെ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനെന്ന നിലയില്‍ ആര്‍ച്ചുബിഷപ് ഫിലിപ്പോ, രൂപത ബിഷപ്പുമാരുടെ തിരഞ്ഞെടുപ്പിലും ബിഷപ്പുമാര്‍ക്കെതിരായ ആരോപണങ്ങളുടെ വിലയിരുത്തലിലും പ്രധാന പങ്ക് വഹിക്കും.
ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ ചുമതലയ്‌ക്കൊപ്പം ലാറ്റിന്‍ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റായും ഇയാനോണ്‍ ചുമതലയേല്‍ക്കും. കര്‍മലീത്ത സന്യാസിയും പരിചയസമ്പന്നനായ കാനോന്‍ അഭിഭാഷകനുമായ ഇയാനോണ്‍ വത്തിക്കാന്റെ ഡിക്കാസ്റ്ററി ഫോര്‍ ലെജിസ്ലേറ്റീവ് ടെക്സ്റ്റിന്റെ പ്രിഫെക്റ്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. 1957 ഡിസംബര്‍ 13 ന് നേപ്പിള്‍സില്‍ ജനിച്ച ഇയാനോണ്‍ 1976 ല്‍ കര്‍മലീത്ത സഭയില്‍ ചേരുകയും 1982 ല്‍ വൈദികനായി പട്ടം സ്വീകരിക്കുകയും ചെയ്തു. 2001 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ നേപ്പിള്‍സ് അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ നിയമിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *