Follow Us On

03

December

2025

Wednesday

പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്ക് നിയമസഹായം ഉറപ്പാക്കും: നാഷണല്‍ പ്രീസ്റ്റ് റിലീജിയസ് ഫോറം ഓഫ് ലോയേഴ്‌സ്

പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്ക് നിയമസഹായം ഉറപ്പാക്കും: നാഷണല്‍ പ്രീസ്റ്റ് റിലീജിയസ് ഫോറം ഓഫ് ലോയേഴ്‌സ്
ജയ്പൂര്‍ (രാജസ്ഥാന്‍): പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് പ്രീസ്റ്റ് റിലീജിയസ് (വൈദി കരുടെയും സന്യസ്തരുടെയും) ഫോറം ഓഫ് ലോയേഴ്‌സ്. നീതിയിലും സുവിശേഷ മൂല്യങ്ങളിലും അധിഷ്ഠിതമായ സേവനത്തിലൂടെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ ജയ്പൂരില്‍ നടന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷന്‍ പുതുക്കി.
മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ബിഷപ്പുമാര്‍, മുന്‍ ജഡ്ജിമാര്‍, നിയമ വിദഗ്ധര്‍, സാമൂഹിക നേതാക്കള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം വൈദിക-സന്യസ്ത അഭിഭാഷകര്‍, അല്മായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളി കളെക്കുറിച്ചുള്ള ചര്‍ച്ചകളും ക്ലാസുകളും നടന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി നേരിടാനും നീതിരഹിതമായ നിയമങ്ങളെ വെല്ലുവിളിക്കാനും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് ആര്‍ച്ചുബിഷപ് റാഫി മഞ്ചാലി ആഹ്വാനം ചെയ്തു. ഭരണഘടനാപരമായ ധാര്‍മ്മികത, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നടപടിക്രമങ്ങളിലെ നീതി എന്നിവ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജസ്റ്റിസ് സുനില്‍ അംബ്വാനി സംസാരിച്ചു.
പാവപ്പെട്ടവര്‍ക്കുവേണ്ടി വാദിക്കുന്നതിനും, അന്യായമായ നിയമനടപടികളെ ചെറുക്കുന്നതിനും ക്രൈസ്തവ നിയമ പ്രവര്‍ത്തകര്‍ നല്‍കി വരുന്ന സംഭാവനകളെക്കുറിച്ച് മുതിര്‍ന്ന അഭിഭാഷകരായ ഫാ. പി.ഡി മാത്യു എസ്.ജെ, ഫാ. കെ.എം ജോസഫ് എസ്.ജെ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫോറത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുക, റാപ്പിഡ് റെസ്പോണ്‍സ് – മീഡിയ കമ്മിറ്റികള്‍ രൂപീകരിക്കുക, 2026 ഫെബ്രുവരി 20-നകം സംസ്ഥാനതല തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ തീരുമാനങ്ങള്‍ കണ്‍വെന്‍ഷന്‍ കൈക്കൊണ്ടു. അടുത്ത ദേശീയ കണ്‍വന്‍ഷന് പഞ്ചാബ് വേദിയാകും.
ഫോറത്തിന്റെ പുതിയ ദേശീയ ഭാരവാഹികളെ തിര  ഞ്ഞെടുത്തു. സിസ്റ്റര്‍ ജൂലി ജോര്‍ജ് എസ്എസ്പിഎസ് (പ്രസിഡന്റ്), ഫാ. ബെഞ്ചമിന്‍ ഡിസൂസ (വൈസ് പ്രസിഡന്റ്), സിസ്റ്റര്‍ ഷീബ പോള്‍ എസ്എച്ച്എസ്പി (സെക്രട്ടറി), സിസ്റ്റര്‍ ഹെലന്‍ ട്രീസ സിഎച്ച്എഫ് (ട്രഷറര്‍), ഫാ. സെബാസ്റ്റ്യന്‍ (ജോയിന്റ് ട്രഷറര്‍), സിസ്റ്റര്‍ ജ്യോതി മേരി (ജോയിന്റ് സെക്രട്ടറി).
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?