വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് രാത്രിക്ക് മുന്‍പായി, പിണക്കത്തിലായിരിക്കുന്ന ഒരാളെ കണ്ടെത്തി അവരുമായി അനുരഞ്നപ്പെടുന്നതാണ് ഈ വര്‍ഷത്തെ ക്രിസ്മസിന് നല്കാവുന്ന ഏറ്റവും മികച്ച സമ്മാനമെന്ന് ലിയോ 14-ാമന്‍ പാപ്പ മാര്‍പാപ്പ. ഇറ്റാലിയന്‍ കാത്തലിക് ആക്ഷനിലെ യുവാക്കളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനം എന്നത് യുദ്ധമില്ലാത്ത അവസ്ഥയല്ലെന്നും, അത് നീതിയിലധിഷ്ഠിതമായ സാഹോദര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടകളില്‍ നിന്ന് പണം കൊടുത്ത് വാങ്ങുന്ന സമ്മാനങ്ങളെക്കാള്‍ മൂല്യമുള്ളതാണ് ഹൃദയത്തില്‍ നിന്ന് നല്കുന്ന സമാധാനമെന്ന് പാപ്പ വിശദീകരിച്ചു. സമാധാനം സ്ഥാപിക്കുക എന്നത് ഒരു ക്രിസ്തീയ ഉത്തരവാദിത്വമാണ്. ഇത് നമ്മെ യേശുവിന്റെ സാക്ഷികളാക്കി മാറ്റുന്നു. വീടുകളിലും സ്കൂളുകളിലും ഇടവകകളിലും നാം പുലര്‍ത്തുന്ന സ്നേഹവും ബഹുമാനവുമാണ് വലിയ സമാധാനത്തിന്റെ തുടക്കമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ 7-ന് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി, കാര്‍ലോ അക്യൂട്ടിസ് എന്നിവരുടെ ജീവിതം മാതൃകയാക്കി യുവജനങ്ങള്‍ വിശുദ്ധരാകാന്‍ പരിശ്രമിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. ഇറ്റലിയിലെ 5000-ത്തോളം ഇടവകകളിലായി രണ്ട് ലക്ഷത്തിലധികം അംഗങ്ങളുള്ള പ്രമുഖമായ ഒരു അല്മായ സംഘടനയാണ് ഇറ്റാലിയന്‍ കാത്തലിക് ആക്ഷന്‍.

















Leave a Comment
Your email address will not be published. Required fields are marked with *