Follow Us On

12

January

2026

Monday

‘സ്‌നേഹത്തിന്റെ പ്രവൃത്തികളെ മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ദുര്‍ബലമാക്കും’ സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലര്‍

‘സ്‌നേഹത്തിന്റെ പ്രവൃത്തികളെ മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ദുര്‍ബലമാക്കും’ സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലര്‍

കൊച്ചി: ക്രൈസ്തവരുടെ സ്‌നേഹത്തിന്റെ പ്രവൃത്തികളെ മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കുന്ന വിദ്വേഷത്തിന്റെ സംസ്‌കാരം വളരാന്‍ അനുവദിക്കുന്നത് രാജ്യത്തിന്റെ  മതേതര സ്വഭാവത്തെ ദുര്‍ബലമാക്കുമെന്ന മുന്നറിയിപ്പുമായി സീറോമലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലര്‍. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചുകൊണ്ട്  ക്രിസ്മസ് കാലത്ത് ക്രൈസ്തവ ദൈവാലയങ്ങള്‍ക്കും പ്രാര്‍ത്ഥന കൂട്ടായ്മകള്‍ക്കും നേരെ നടന്ന അതിക്രമങ്ങളില്‍, സഭയുടെ 34-ാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിന് ശേഷം മേജര്‍ ആര്‍ച്ചുബിഷ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍, വേദന പ്രകടിപ്പിച്ചു. എതിര്‍പ്പുകളും പീഡനങ്ങളുമുണ്ടാകുമ്പോഴും ധൈര്യപൂര്‍വം സുവിശേഷത്തിന്റെ സന്തോഷം ജീവിക്കുന്നവരെ ആര്‍ച്ചുബിഷപ് പ്രോത്സാഹിപ്പിച്ചു.

2026 ജനുവരി 6 മുതല്‍ 10 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡ് സമ്മേളനത്തില്‍ ‘സമുദായ ശക്തീകരണ വര്‍ഷത്തിന്’ തുടക്കം കുറിച്ചു. കേവലം ഒരു ആചരണത്തിനപ്പുറം, ആധുനിക ലോകത്തെ വെല്ലുവിളികള്‍ നേരിടാന്‍ യുവജനങ്ങളെയും കുടുംബങ്ങളെയും സജ്ജരാക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

സിവില്‍ സര്‍വീസ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ സജീവമാകണമെന്നും ജനാധിപത്യം നിലനിര്‍ത്താന്‍ പൗരബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നു. വിദേശരാജ്യങ്ങളിലേക്കുള്ള അനാവശ്യ കുടിയേറ്റം ചിലരുടെ കാര്യത്തിലെങ്കിലും വിശ്വാസശോഷണത്തിനും കടബാധ്യതയ്ക്കും കാരണമാകുന്നുണ്ട്. ജോലി തേടുന്നവര്‍ക്ക് പകരം ജോലി നല്‍കുന്നവരായി സമുദായാംഗങ്ങള്‍ വളരണമെന്നും ശാസ്ത്രീയ കൃഷിയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളിലെ സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷകള്‍ക്കായി പരിശുദ്ധ സിംഹാസനം  അപ്പസ്‌തോലിക് വിസിറ്ററെ നിയമിച്ചത്  സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക ചുവടുവയ്പ്പാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. അപ്പസ്‌തോലിക്ക് വിസിറ്ററായി നിയമിതനായി ഫാ. ജോളി വടക്കന് എല്ലാവരുടെയും പിന്തുണ മേജര്‍ ആര്‍ച്ചുബിഷപ് അഭ്യര്‍ത്ഥിച്ചു. കൂടാതെ, അല്മായര്‍ക്കായി ‘ജീവന്‍ ജ്യോതി സീറോമലബാര്‍ മിഷനറി മൂവ്‌മെന്റ്’ എന്ന പേരില്‍ പുതിയൊരു പ്രേഷിത മുന്നേറ്റത്തിന് സിനഡ് തുടക്കം കുറിച്ചു.

വിശുദ്ധ കുര്‍ബാന അര്‍പ്പണരീതിയില്‍ സഭ മുഴുവന്‍ ഏകീകരണം കൊണ്ടുവരാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവിടെ ഘട്ടം ഘട്ടമായി ഏകീകൃത രീതി നടപ്പിലാക്കാനുള്ള ശ്രമങ്ങളെ സിനഡ് അനുഭാവപൂര്‍വ്വം പരിഗണിച്ചതായും ആര്‍ച്ചുബിഷപ് വ്യക്തമാക്കി. വൈദിക പരിശീലന രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ആദ്യഘട്ടമായി  മൈനര്‍ സെമിനാരി പരിശീലനകാലഘട്ടത്തില്‍ കാതലായ നവീകരണങ്ങള്‍ക്കും സിനഡ് അംഗീകാരം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?