കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി.
ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്ക്കാന് തയാറാണ്. ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍ കൃഷി നിര്‍ത്തി ജയിലിലേക്ക് പോകാന്‍ പ്രലോഭിക്കപ്പെടുകയാണ്. രാപകലില്ലാതെ കഷ്ട്ടപ്പെടുന്ന കര്ഷകന് ഇവിടെ എങ്ങനെ ജീവിക്കുവെന്ന് ആരും ചിന്തിക്കുന്നില്ല; മാര്‍ പാംപ്ലാനി പറഞ്ഞു.
റിസര്‍വ് ഭൂമി കണ്ടിട്ടില്ലാത്ത പന്നികളെ കാട്ടുപന്നി എന്ന് വിളിക്കാന്‍ കഴിയില്ല. കര്‍ഷകന്റെ ഭൂമിയിലെ പന്നികള്‍ കര്‍ഷകന്റേതാണ്. ജനസംഖ്യ നിയന്ത്രിക്കാന്‍ വിവിധ പദ്ധതികള്‍ ഉണ്ട്. എന്നാല്‍ വന്യജീവികളുടെ എണ്ണം നിയന്ത്രി ക്കാന്‍ നടപടിയില്ല. റബറിന് 300 രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ റബര്‍ കര്‍ഷകര്‍ കൃഷി നിര്‍ത്തേണ്ടി വരുമെന്ന് മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍, കത്തീഡ്രല്‍ വികാരി ഫാ. കുര്യന് താമരശേരി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, ഇന്‍ഫാം കേരള നോര്‍ത്തേണ്‍ റീജിയന് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഇന്‍ഫാം സംസ്ഥാന ട്രഷറര്‍ ഫാ. തോമസ് തുപ്പലഞ്ഞിയില്‍, ഇന്‍ഫാം മഹിളാസമാജ് സെക്രട്ടറി പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍ഫാമിന്റെ ദേശീയ, സംസ്ഥാന, കാര്‍ഷികജില്ല, കാര്‍ഷിക താലൂക്ക്, കാര്‍ഷിക ഗ്രാമം, കാര്‍ഷിക യൂണിറ്റ്, മഹിളാസമാജ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ ലീഡേഴ്സ് മീറ്റില്‍ പങ്കെടുത്തു.
















Leave a Comment
Your email address will not be published. Required fields are marked with *