Follow Us On

29

March

2024

Friday

മാർ കാളാശേരി: കാലത്തിനു മുമ്പേ നടന്ന ആചാര്യൻ; കേട്ടിട്ടുണ്ടോ, സർ സി.പിയെ ‘പിടിച്ചുകെട്ടിയ’ ആ ചരിത്രം?

സണ്ണി തോമസ് കോയിപ്പള്ളി

മാർ കാളാശേരി: കാലത്തിനു മുമ്പേ നടന്ന ആചാര്യൻ; കേട്ടിട്ടുണ്ടോ, സർ സി.പിയെ ‘പിടിച്ചുകെട്ടിയ’ ആ ചരിത്രം?

ഒക്‌ടോബർ 27ന് ബിഷപ്പ് മാർ ജെയിംസ് കാളാശേരിയുടെ 74-ാം ഓർമദിനം ആചരിക്കുമ്പോൾ അടുത്തറിയാം, ക്രൈസ്തവരെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ച ദിവാൻ സർ സി.പിയെ ഒരു ഇടയലേഖനത്തിലൂടെ ‘പിടിച്ചുകെട്ടിയ’ സംഭവബഹുലമായ ചരിത്രം.

തിരുവിതാംകൂറിനെ ഭരിച്ച സർ സി. പി. രാമസ്വാമി അയ്യർ ക്രൈസ്തവ വിദ്യാലയങ്ങളെ ദേശസാൽക്കരിക്കുവാൻ നടത്തിയ പരിശ്രമങ്ങളെ ശക്തിപൂർവ്വം എതിർത്ത് പരാജയപ്പെടുത്തിയത് മാർ ജയിംസ് കാളാശേരി പിതാവാണെന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായിരിക്കും. 1945 ഓഗസ്റ്റ് 15 ന് അദേഹം പുറപ്പെടുവിച്ച ഇടയലേഖനം അന്ന് ‘ആറ്റം ബോംബ്’ തന്നെയായിരുന്നു.

ക്രൈസ്തവരുടെ ഐശ്യര്യത്തിലും, പുരോഗതിയിലും അസൂയപൂണ്ട സർ സി. പി അവരെ നശിപ്പിക്കാൻ കണ്ടുപിടിച്ച മാർഗമായിരുന്നു ക്രൈസ്തവരുടെ ബിസ്സിനസും വിദ്യാലയങ്ങളും പിടിച്ചെടുക്കുക എന്നത്. നല്ല നിലയിൽ നടത്തിപ്പോന്ന നാഷണൽ ആന്റ് ക്വയിലോൺ ബാങ്ക് പിടിച്ചെടുത്ത ലക്ഷ്യവും അതായിരുന്നു. രാജ്യത്ത് നല്ലനിലയിൽ പ്രവർത്തിച്ച മിക്കവാറും എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും ക്രൈസ്തവരുടെതായിരുന്നു.

ചങ്ങനാശേരി രൂപതയുടെ പ്രസിദ്ധീകരണായ മദ്ധ്യസ്ഥനിൽ പ്രസിദ്ധപ്പെടുത്തിയ കാളാശേരി പിതാവിന്റെ ഇടയലേഖനത്തെ സി.പി. ഗൗരവ്വപൂർവ്വം വീക്ഷിക്കുകയും രണ്ടാഴ്ചക്കകം പിൻവലിക്കണമെന്ന് അറിയിച്ചുകൊണ്ട് 1945 സെപ്റ്റംബർ ആറിന് ഗവൺമെന്റ് സെക്രട്ടറിയുടെ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ”രണ്ടാഴ്ചയ്ക്കകം ഇടയലേഖനം പിൻവലിക്കണമെന്നും പരസ്യമായി ക്ഷമാപണം നടത്തണമെന്നും അങ്ങനെ ചെയ്യാത്ത പക്ഷം ഗവൺമെന്റ് നടപടികൾ കൈക്കൊള്ളുമെന്നായിരുന്നു” നോട്ടീസിന്റെ ചുരുക്കം.

എന്നാൽ പിതാവ് തെല്ലും കുലുങ്ങിയില്ല. ഇടയലേഖനം വഴി തന്റെ ജനത്തെ ഉപദേശിക്കുവാനുള്ള അവകാശവും അധികാരവും തനിക്കുണ്ടെന്നും ഇടയലേഖനത്തിൽ രാജ്യദ്രോഹമായി ഒന്നുമില്ലെന്നും അതു പിൻവലിക്കുകയില്ലെന്നുമുള്ള മറുപടി ദിവാനെ പ്രകോപിച്ചു. ജനം പിതാവിന് പൂർണ്ണ പിന്തുണ നൽകി. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നടപടി എടുക്കാൻ ധൈര്യമില്ലാതെ ദിവാൻ പിൻമാറുകയാണ് ചെയ്തത്.

വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് സർ. സി.പി. പറഞ്ഞു നടന്നതല്ലാതെ ഒരു സ്‌കൂളും ഏറ്റെടുക്കുകയോ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് നിഷേധിക്കുകയോ ചെയ്തില്ല. ഇതിന് പിന്നാലെയുണ്ടായ ജനപ്രക്ഷോഭത്തിൽ മനം മടുത്ത് അദേഹം ചെന്നൈക്ക് മടങ്ങി. കാളാശ്ശേരി പിതാവ് നേതൃത്വം നൽകിയ ചെറുത്തു നിൽപ്പ് ഒരു കൊടുങ്കാറ്റായി മാറുകയുണ്ടായി. അതിവിടുത്തെ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ഒരു ഭാഗമായി മാറുവാൻ അധികനാൾ വേണ്ടിവന്നില്ല.

1892 ഏപ്രിൽ മാസം 20-ാം തിയതി കൈനകരിയിൽ ചാവറ എന്ന മാതൃകുടുംബത്തിലാണ് മാർ ജെയിംസ് കാളാശ്ശേരിയുടെ ജനനം. കാളാശ്ശേരിൽ ചാക്കോയുടെയും ചാവറ ഫിലോമിനയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. സ്വദേശത്ത് ഗവൺമെന്റ് പ്രൈമറി സ്‌കൂളിൽ ചേർന്ന ജെയിംസ് അദ്ധ്യയനം ആരംഭിച്ചു. തുടർന്ന് ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌കൂളിലും പുളിങ്കുന്ന് സെന്റ് ജോസഫ് സ്‌കൂളിലുമായി തുടർവിദ്യാഭ്യാസം. വൈദികനാകാനാണ് തന്റെ ദൈവവിളി എന്നദ്ദേഹം മനസ്സിലാക്കിയതിനെ തുടർന്ന് 1912 വൈദിക വിദ്യാഭ്യാസത്തിനായി പുത്തൻപള്ളി സെമിനാരിയിൽ ചേർന്നു.

1915 ജെയിംസ് ശെമ്മാശനെ ഉപരി പഠനാർത്ഥം റോമിലേക്കയച്ചു. 1919 ഏപ്രിൽ 19-ന് വൈദിക പട്ടം സ്വീകരിച്ചു. 1919 ൽ നാട്ടിൽ തിരിച്ചെത്തിയ ജെയിംസച്ചനെ കുര്യാളശേരി തോമാ മെത്രാൻ തന്റെ സെക്രട്ടറിയായി നിയമിച്ചു. കൂടാതെ വാഴപ്പള്ളിമഠത്തിന്റെ ചാപ്ലിൻ, മൈനർ സെമിനാരിയിലെ ലത്തീൻ പ്രഫസർ, സെന്റ് ബർക്കുമാൻസ് കോളജിലെ ലോജിക്ക് പ്രെഫസർ എന്നീ ചുമതലകൾ അദ്ദേഹത്തിനുണ്ടായിരുന്നു.

1927 ഒക്‌ടോബർ 24 ന് 11-ാം പീയൂസ് പാപ്പ ജെയിംസച്ചനെ ചങ്ങനാശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു. 1927 ഡിസംബർ 21ന് ചങ്ങനാശേരി പള്ളി അങ്കണത്തിൽ നിർമ്മിച്ച എട്ടുപടുമണ്ഡലത്തിൽ വെച്ച് ഡോ. ഫ്രാൻസിസ് വാഴപ്പള്ളി മെത്രാന്റെ പ്രധാന കാർമികത്വത്തിൽ നടന്നു. കൊല്ലം മെത്രാൻ ഡോക്ടർ ബെൻസിഗർ, കോട്ടയം മെത്രാൻ മാർ അലക്‌സാണ്ടർ ചൂളപറമ്പിൽ എന്നിവർ സഹകാർമികരുമായിരുന്നു.

തദ്ദേശീയ സന്യാസിസമൂഹങ്ങളെ വളർത്തുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധിച്ചു. കർമ്മലീത്താ, ആരാധനാ, തിരുഹൃദയം, ക്ലാരാ സന്യാസിനി സഭകളും, പ്രത്യേകിച്ച് ദിവ്യകാരുണ്യ മിഷനറി സമൂഹവും അദ്ദേഹത്തിന്റെ പരിഗണനയ്ക്കും സ്‌നേഹാദരവുകൾക്കും പാത്രീഭൂതമായി. അൽഫോൻസാമ്മയുടെ വിശുദ്ധി കണ്ടറിഞ്ഞ പിതാവാണ് മാർ കാളാശ്ശേരി. അൽഫോൻസാമ്മയുടെ മരണശേഷം അൽഫോൻസാമ്മയുടെ നാമകരണ നടപടിയുടെ തുടക്കക്കാരനായി ബഹുമാനപ്പെട്ട ജോസഫ് മാലിപറമ്പിലച്ചനെ അദേഹം ചുമതലപ്പെടുത്തി. അൽഫോൻസാമ്മയുടെ ജീവ ചരിത്രമെഴുതാൻ റോമുളൂസച്ചന് അനുവാദം നൽകിയതും കാളശേരി പിതാവാണ്.

1925 ജൂൺ രണ്ടിന് റോമിൽ കുര്യാളശ്ശേരി പിതാവ് ദിവംഗതനായ സമയത്ത് അദ്ദേഹത്തിന്റെ സെക്രട്ടറിയായ കാളശ്ശേരി പിതാവ് കൂടെയുണ്ടായിരുന്നു. റോമിലെ പ്രൊപ്പഗാന്ത സെമിത്തേരിയിൽ കബറടക്കിയ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പിൻഗാമി മാർ ജെയിംസ് കാളശ്ശേരി 10 വർഷത്തിനുശേഷം ഇറ്റാലിയൻ ഗവൺമെന്റിൽ നിന്നും വത്തിക്കാനിൽ നിന്നും അനുമതിവാങ്ങി നാട്ടിൽ കൊണ്ടുവന്നു. 1935 ജൂലൈ 25ന്ചങ്ങനാശേരി മെത്രോപ്പോലീത്തൻ ദൈവാലയത്തിൽ സംസ്‌കരിച്ചു.

തിരുവല്ലയിൽ ഇൻഫന്റ് ജീസസ് മൈനർ സെമിനാരി ആരംഭിച്ചതും അതിന് സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയതും വൈദിക വിദ്യാർത്ഥികളെയും, പ്രൊഫസർമാരെയും ഏർപ്പാടാക്കിയതുമൊക്കെ അദ്ദേഹമായിരുന്നു. ഇന്ന് നമ്മുടെ മനസ്സിൽ നിൽക്കുന്ന എസ്.ബി കോളേജിന്റെ പ്രൗഡഗംഭീരമായ കെട്ടിട സമുച്ചയം അദ്ദേഹത്തിന്റെ കാലത്ത്പ ണികഴിപ്പിച്ചതാണ്.

കാളാശ്ശേരി പിതാവിന്റെ 74-ാം ചരമ വാർഷികം ആചരിക്കുന്ന ഈ വേളയിൽ ഭാരത സഭാചരിത്രത്തിൽ ഇതിനുമുമ്പോ ശേഷമോ സഭയുടെ അവകാശസംരക്ഷണത്തിനുവേണ്ടി ഇത്ര ശക്തമായ ഇടയലേഖനം ഉണ്ടായിട്ടില്ല. ഭാരത കൈസ്ത്രവർക്ക് അത് എന്നും പ്രചോദനമായിരിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിൽ അവിഹിത സ്വാധീനം ചെലുത്താൻ രാഷ്ട്രീയക്കാർ എന്നും ശ്രമിക്കും. ഇന്നും അതാണ് സംഭവിക്കുന്നത്. നമ്മുടെ ഭരണഘടന നിർമ്മിച്ച ഭരണകർത്താക്കൾ ഈ സത്യം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കാൻ അവർ ശ്രദ്ധിച്ചത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?