പഴയകാല ക്രിസ്ത്യൻ ധീരന്മാരിൽ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്‌നേഷ്യസിനുള്ളത്. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്റെ അവസാന യാത്ര ഒരു കുരിശിന്റെ വഴിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു. ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്‌നേഹവും ക്രിസ്തുവിനോട് കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹവും ഈ കത്തിൽ പ്രകടമാണ്. അപ്പോസ്‌തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങൾ നൽകുന്ന ഏഴ് അമൂല്യ രത്‌നങ്ങളാണ് ഈ കത്തുകൾ. വിശുദ്ധ ഇഗ്‌നേഷ്യസ് ഏത് വർഷമാണ് മരിച്ചതെന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. വിശുദ്ധന്റെ അവസാന വാക്കുകളായി കരുതപ്പെടുന്നത്- ”കാണപ്പെട്ട വസ്തുക്കൾ ഒന്നും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ക്രിസ്തുവിനെ കണ്ടെത്തണം. തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞു നുറുങ്ങിയ എല്ലുകളും, പൂർണ്ണമായും കീറിമുറിക്കപ്പെട്ട ശരീരം, സാത്താന്റെ പീഡനവും, എനിക്ക് ക്രിസ്തുവിലെത്താൻ കഴിയുമെങ്കിൽ ഇവയെല്ലാം എന്നെ കീഴ്‌പ്പെടുത്തിക്കൊട്ടെ.”
Leave a Comment
Your email address will not be published. Required fields are marked with *