1580-ൽ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോൾഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ് കുൺസെവിക്‌സ് ജനിച്ചത്. ജോൺ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹനങ്ങളെ കുറിച്ച് ചെറുപ്പത്തിൽ തന്നെ അറിവ് നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിത രൂപത്തിന്റെ വിശുദ്ധ ഭാഗത്ത് നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു.
1064-ൽ യുക്രേനിയയിൽ വിശുദ്ധ ബേസിൽ സ്ഥാപിച്ച ബാസിലിയൻസ് സഭയിൽ ചേരുകയും ഒരു സന്യാസിയായി അദ്ദേഹം ആത്മീയമായ ജീവിതം നയിക്കുകയും ചെയ്തു. ശൈത്യകാലങ്ങളിൽ പോലും വിശുദ്ധൻ നഗ്‌നപാദനായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. വീഞ്ഞും മാംസവും ഇദ്ദേഹം പൂർണ്ണമായും വർജ്ജിച്ചിരുന്നു. സഭയുടെ ഏകീകരണത്തിനായി വിശുദ്ധൻ അശ്രാന്തം പരിശ്രമിച്ചു. പാവപ്പെട്ടവരുടെ ഒരു വലിയ സുഹൃത്തായിരുന്നു വിശുദ്ധൻ.
ഒരു ആരാധനക്കിടക്ക് വിശുദ്ധൻ തന്നെ തന്റെ ആസന്നമായ മരണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. റഷ്യയിലുള്ള വിറ്റെബ്‌സ്‌ക് സന്ദർശിക്കുന്നതിനിടക്ക് ശത്രുക്കൾ വിശുദ്ധൻ താമസിക്കുന്ന വസതി ആക്രമിക്കുകയും അദ്ദേഹത്തിന്റെ സഹചാരികളെ വധിക്കുകയും ചെയ്തു. അതിവിനയത്തോടെ ഈ ദൈവീക മനുഷ്യൻ അവരോട് വിളിച്ചു പറഞ്ഞു ”എന്റെ മക്കളെ, നിങ്ങൾ എന്താണ് ചെയ്യുന്നത്? എന്നോടെന്തെങ്കിലും വിരോധമുണ്ടെങ്കിൽ, ഇതാ ഞാൻ ഇവിടെ നിൽക്കുന്നു.” ഉടൻതന്നെ ശത്രുക്കൾ ”ഈ കത്തോലിക്കനെ കൊല്ലുക” എന്നാക്രോശിച്ചുകൊണ്ട് വാളും തോക്കുകളുമായി വിശുദ്ധനെ ആക്രമിച്ചു വധിച്ചു.
അദ്ദേഹത്തിന്റെ ശരീരം അവർ നദിയിലേക്കെറിഞ്ഞെങ്കിലും, പ്രകാശരശ്മികളാൽ വലയം ചെയ്ത രീതിയിൽ വെള്ളത്തിന് മീതെ പൊങ്ങിവരികയും തിരിച്ചെടുക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഘാതകരെ മരണശിക്ഷക്ക് വിധിച്ചപ്പോൾ അവർ തങ്ങളുടെ തെറ്റിൽ പശ്ചാത്തപിക്കുകയും കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *