Follow Us On

23

December

2024

Monday

ഡിസംബർ 10: വിശുദ്ധ എവുലാലിയ

സ്‌പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ എവുലാലിയയുടെ ജനനം. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും, കരുണയും നിറഞ്ഞ ഒരു മനോഭാവമായിരുന്നു അവൾ പ്രകടിപ്പിച്ചിരുന്നത്. കന്യകാത്വം എന്ന വിശുദ്ധിയോട് അവൾക്ക് അടങ്ങാത്ത ആഗ്രഹമായിരുന്നു. അവളുടെ ഗൗരവം നിറഞ്ഞ സ്വഭാവവും, ആഡംബര വസ്ത്രങ്ങളോടുള്ള വെറുപ്പും, ലൗകീക സുഖങ്ങളോടും കൂട്ടുകാരിൽ നിന്നുമുള്ള അകൽച്ചയും വഴി അവൾ തന്റെ ചെറുപ്പത്തിൽ തന്നെ ഭൂമിയിൽ സ്വർഗ്ഗീയ ജീവിതം നയിക്കുന്നതിനുള്ള സൂചനകൾ നൽകി. അവൾ അറിയുന്നതിന് മുൻപേ തന്നെ അവളുടെ ഹൃദയം ഇഹലോക ജീവിതത്തിനു മേലെ ആയികഴിഞ്ഞിരുന്നു. അതിനാൽ തന്നെ സാധാരണ യുവജനങ്ങൾക്ക് ആനന്ദം നൽകുന്ന ഒരു കാര്യവും അവളെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലായിരുന്നു. തന്റെ ജീവിതത്തിലെ ഓരോ ദിവസവും അവൾ നന്മയിൽ വളർന്നു കൊണ്ടിരുന്നു.
അവൾക്ക് 12 വയസ്സായപ്പോളാണ് പ്രായമോ, ലിംഗവ്യത്യാസമോ, തൊഴിലോ കണക്കിലെടുക്കാതെ സകലരും തന്റെ സാമ്രാജ്യത്തിലെ ദൈവങ്ങൾക്ക്ബലിയർപ്പിക്കണം എന്ന് ഡയോക്ലീഷൻ ചക്രവർത്തി ഉത്തരവിറക്കിയത്. ചെറുപ്പമാണെങ്കിലും വിശുദ്ധ എവുലാലിയ ഈ ഉത്തരവ് അനുസരിക്കാൻ കൂട്ടാക്കിയില്ല. അവൾ ഡാസിയൻ എന്ന ക്രൂരനായ ന്യായാധിപന് മുൻപിൽ ഹാജരാവുകയും യാതൊരു ബഹുമാനാവും ഭയവും കൂടാതെ ഏക ദൈവത്തെ ഉപേക്ഷിക്കുവാൻ ജനങ്ങളെ നിർബന്ധിക്കുന്നതിനെതിരെ ആക്ഷേപമുന്നയിക്കുകയും ചെയ്തു. ഗവർണർ അവളെ പിടികൂടുവാൻ ഉത്തരവിട്ടു. ആദ്യം അവളെ പറഞ്ഞു പാട്ടിലാക്കുവാനും പിന്നീട് പ്രലോഭിപ്പിക്കുവാനും ശ്രമിച്ചുവെങ്കിലും അതിൽ അവർ പരാജയപ്പെട്ടതിനേ തുടർന്ന് ക്രൂരമായ പീഡനങ്ങൾക്കുപയോഗിക്കുന്ന ഉപകരണങ്ങൾ അവളുടെ കൺമുന്നിൽ വച്ച് കൊണ്ടു പറഞ്ഞു ‘നീ കുറച്ച് ഉപ്പും, സുഗന്ധദ്രവ്യവും നിന്റെ വിരൽതുമ്പ് കൊണ്ടു സ്പർശിച്ചാൽ മാത്രം മതി നിന്നെ ഈ പീഡനങ്ങളിൽ നിന്നൊഴിവാക്കാം.’
ഇത്തരം ജൽപ്പനങ്ങളിൽ കുപിതയായ വിശുദ്ധ ആ പ്രതിമ നിലത്തെറിയുകയും ബലിവസ്തുക്കൾ ചവിട്ടിയരക്കുകയും ചെയ്തു. അവളുടെ ചെറുപ്രായത്തെ ഓർത്തും, അശ്രദ്ധമൂലമെന്നു കണ്ടും, തന്റെ മുന്നിലുള്ള ശിക്ഷകളെ കുറിച്ചുള്ള പേടി മൂലമെന്നും കരുതി ക്ഷമിക്കാവുന്ന ഒരു പ്രവർത്തി. എന്നാൽ, ന്യായാധിപന്റെ ഉത്തരവിന്മേൽ രണ്ടു ശിക്ഷനടപ്പാക്കുന്ന ആൾക്കാർ അവളുടെ ഇളം ശരീരത്തിലെ മാംസങ്ങൾ കൊളുത്തുകൾ ഉപയോഗിച്ച് പിച്ചിചീന്തി എല്ലുകൾ മാത്രം അവശേഷിപ്പിച്ചു. ഈ പീഡനങ്ങൾ ഏറ്റു വാങ്ങുമ്പോഴും അവൾ ഇതെല്ലാം യേശുവിന്റെ വിജയകിരീടങ്ങളാണെന്ന് വിളിച്ചുപറയുകയായിരുന്നു. അടുത്തതായി കത്തിച്ച പന്തങ്ങൾ ഉപയോഗിച്ചു അവർ അവളുടെ മാറിടങ്ങളും ശരീരത്തിന്റെ ഇരു വശങ്ങളും പൊള്ളിച്ചു. ഈ പീഡനത്തിനിടക്കും അവൾ ഞരങ്ങുകയോ, മൂളുകയോ ചെയ്യുന്നതിനു പകരം നന്ദി പറയൽ അല്ലാതെ ഒന്നും തന്നെ അവളുടെ വായിൽ നിന്നും കേട്ടില്ല. ക്രമേണ അഗ്‌നി അവളുടെ മുടിയെ കാർന്നു തിന്നുകയും തുടർന്ന് തലക്കും മുഖത്തിന് ചുറ്റുമായി പടരുകയും ചെയ്തു. തീ നാളങ്ങളും പുകയും നിമിത്തം അവളുടെ മുഖമോ തലയോ കാണാൻ പറ്റാതെയായി. ചരിത്രമനുസരിച്ച് ഒരു വെള്ള പ്രാവ് അവളുടെ വായിൽ നിന്നും പുറത്ത് വന്നു, വിശുദ്ധ മരിച്ചപ്പോൾ ചിറകുകൾ വീശി മുകളിലേക്ക് പറക്കുകയും ചെയ്തു. അത്ഭുതാവഹമായ ഈ കാഴ്ചകണ്ട ശിക്ഷകർ ഭയചകിതരായി വിശുദ്ധയുടെ ശരീരം അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. ഈ വിശുദ്ധയുടെ തിരുശേഷിപ്പുകൾ വളരെ ആദരപൂർവ്വം ഒവീഡോ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നു. ഈ വിശുദ്ധയെ ഒവീഡോയുടെ മാധ്യസ്ഥ വിശുദ്ധയായി കണക്കാക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?