Follow Us On

02

May

2024

Thursday

ഡിസംബർ 13: വിശുദ്ധ ലൂസി

സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസിൽ ഒരു കുലീന കുടുംബത്തിൽ ലൂസി ജനിച്ചു. ശിശുവായിരിക്കുമ്പോൾത്തന്നെ പിതാവ് മരിച്ചു. അമ്മ അവർക്കുവേണ്ട വിദ്യാഭ്യാസം നൽകി ശ്രദ്ധാപൂർവം വളർത്തിക്കൊണ്ടുപോന്നു. മകളെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു അമ്മയുടെ ഉദ്ദേശ്യം. എന്നാൽ മകൾ ഈശോയെ മണവാളനായി സ്വീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. അങ്ങനെയിരിക്കെ അമ്മ രോഗബാധിതയായി. ഒരു ദിവസം അവർ രണ്ടുപേരും വിശുദ്ധ അഗാത്തയുടെ ശവകുടീരത്തിങ്കൽ പ്രാർത്ഥിക്കാൻ പോയി അവിടെവച്ച് ലൂസിക്ക് വിശുദ്ധയുടെ ദർശനം ലഭച്ചു. ദർശനത്തിൽ അമ്മ സുഖം പ്രാപിക്കുമെന്നും നിന്റെ കന്യകാവിശുദ്ധിയാൽ നീ ദൈവത്തിനു മനോഹരമായ ഒരു ഭവനം ഒരുക്കുമെന്നും പറഞ്ഞു. . ഉടനെ തന്നെ അവളുടെ അമ്മയുടെ അസുഖം ഭേദമായി. ലൂസി താൻ കന്യകയായി തുടരുന്നതിനുള്ള അനുവാദം വാങ്ങിക്കുകയും തന്റെ സമ്പത്ത് മുഴുവനും ദരിദ്രരായ ക്രിസ്ത്യാനികൾക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു. ലൂസിയുടെ ഇഷ്ടത്തിനു വിപരീതമായി മാതാപിതാക്കൾ അവളെ വിവാഹം ചെയ്തു നൽകാമെന്ന് ഒരു യുവാവിന് വാഗ്ദാനം നൽകിയിരുന്നു. പ്രസ്തുത യുവാവ് ഇക്കാര്യങ്ങൾ അറിഞ്ഞപ്പോൾ അവളെ നഗരമുഖ്യന് മുൻപിൽ ഹാജരാക്കി. ‘മർദ്ദനങ്ങളുടെ പ്രഹര ശേഷിയിൽ നിന്റെ വാക്കുകൾ നിശബ്ദമാക്കപ്പെടും’ എന്ന് മുഖ്യൻ അവളോടു പറഞ്ഞപ്പോൾ വിശുദ്ധ ഇപ്രകാരം പ്രതിവചിച്ചു ‘ദൈവത്തിന്റെ ദാസൻമാർക്ക് ശരിയായ വാക്കുകൾക്ക് പോരായ്മ വരില്ല, പരിശുദ്ധാത്മാവ് ഞങ്ങളിലൂടെ സംസാരിക്കും.’ ‘ദൈവഭക്തിയിലും നിർമ്മലതയിലും ജീവിക്കുന്ന എല്ലാവരും പരിശുദ്ധാത്മാവിന്റെ ദേവാലയങ്ങൾ ആണ്” എന്നും വിശുദ്ധ കൂട്ടിച്ചേർത്തു.
ഇത് കേട്ട് കോപത്താൽ ജ്വലിച്ച മുഖ്യൻ താൻ ഭീഷണിപ്പെടുത്തിയത് പോലെയുള്ള ശിക്ഷാവിധിക്ക് ഉത്തരവിട്ടു. പക്ഷേ ദൈവം തന്റെ വിശ്വസ്ത കന്യകക്ക് തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതിനുള്ള ശക്തി നൽകി. ഒരു ശക്തിക്കും അവളെ അവളുടെ തീരുമാനത്തിൽ നിന്നും വ്യതിചലിപ്പിക്കുവാൻ കഴിഞ്ഞില്ല. ‘അപാരമായ ശക്തിയോടെ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ കന്യകയെ അചഞ്ചലയായി നിർത്തി.’ തുടർന്ന് അവർ ചൂടാക്കിയ ടാറും മരപ്പശയും വിശുദ്ധയുടെ മേൽ ഒഴിച്ചു. ‘ഞാൻ എന്റെ പ്രഭുവായ ക്രിസ്തുവിനോട് ഈ അഗ്‌നിക്ക് എന്റെ മേൽ യാതൊരു ശക്തിയും ഉണ്ടായിരിക്കരുത് എന്നപേക്ഷിച്ചിട്ടുണ്ട്. ഇതിനു തെളിവായി എന്റെ മരണം നീട്ടി തരുവാൻ ഞാൻ ആപേക്ഷിച്ചിരിക്കുന്നു.’ എന്നാണ് വിശുദ്ധ ഈ മർദ്ദനങ്ങൾക്കിടക്ക് പറഞ്ഞത്. ഈ മർദ്ദനങ്ങൾക്ക് ശേഷവും യാതൊരു പരിക്കും കൂടാതെ വിശുദ്ധ നിൽക്കുന്നത് കണ്ടപ്പോൾ അവർ വിശുദ്ധയുടെകണ്ഠനാളം വാളിനാൽ ചിന്നഭിന്നമാക്കി. ഇപ്രകാരം വിശുദ്ധ തന്റെ വിശ്വാസത്തിനു ചേർന്നവിധമുള്ള രക്തസാക്ഷിത്വ മകുടം ചൂടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?