Follow Us On

03

May

2024

Friday

ഡിസംബർ 14: കുരിശിന്റെ വിശുദ്ധ യോഹന്നാൻ

സ്‌പെയിനിലെ കാസ്റ്റിലിയൻ എന്ന ഭൂപ്രദേശത്തുനിന്നുമുള്ള ഒരു പാവപ്പെട്ട സിൽക്ക് നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാൻ ഡി യെപെസ് എന്ന യോഹന്നാൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ അദ്ദേഹത്തെ കുടുംബത്തിൽ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു. തന്റെ ഭാര്യയേയും, മൂന്ന് മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തത് മൂലം, അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. 1563-ൽ, തന്റെ 21-മത്തെ വയസ്സിൽ അദ്ദേഹം കർമ്മലീത്താ സന്യാസസഭയിൽ പ്രവേശിച്ച് ഒരു സന്യാസാർത്ഥിയാവുകയും ‘കുരിശിന്റെ വിശുദ്ധ ജോൺ’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ സഭ അദ്ദേഹത്തിന് പൗരോഹിത്യ പട്ടം നൽകി. തുടർന്ന് ആ സഭയുടെ പ്രിയോർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ കർക്കശമായ പുതിയ സന്യാസ രീതികൾ മൂലം ചില മുതിർന്ന സന്യാസിമാർ അവർക്കെതിരായി. അവർ വിശുദ്ധനെ ഒളിച്ചോട്ടക്കാരനും തന്റെ വിശ്വാസങ്ങൾ ഉപേക്ഷിച്ചവനെന്നും മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. എന്നിരുന്നാലും ഒമ്പത് മാസത്തിനു ശേഷം തന്റെ ജീവൻ വരെ പണയപ്പെടുത്തി വിശുദ്ധൻ തടവറയിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ ഈ ക്രൂര പ്രവർത്തികളെല്ലാം തന്നെ വിശുദ്ധന്റെ മാനസിക ശാന്തി വർദ്ധിപ്പിക്കുവാനും സ്വർഗ്ഗത്തെപ്രതിയുള്ള ഭക്തി കൂട്ടുവാനുമാണ് ഉപകരിച്ചത്.
അക്കാലഘട്ടത്തിലെ മഹാനായ ആത്മീയ എഴുത്ത് കാരൻ കൂടിയായിരുന്നു കുരിശിന്റെ വിശുദ്ധ ജോൺ. 1926 ആഗസ്റ്റ് 24ന് പതിനൊന്നാം പിയൂസ് മാർപാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കുരിശിന്റെ വിശുദ്ധ ജോണിനെ ആത്മീയ ജീവിതത്തിന്റെയും, ദൈവശാസ്ത്ര രഹസ്യങ്ങളുടേയും, സ്‌പെയിനിലെ കവികളുടേയും മധ്യസ്ഥനായി പരിഗണിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?