1850 ൽ ഇറ്റലിയിലെ ലൊംബാർഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനി ജനിച്ചത്. പതിനെട്ട് വയസായപ്പോൾ കന്യാസ്ത്രീ ആകുവാൻ അവൾ ആഗ്രഹിച്ചെങ്കിലും, അനാരോഗ്യം അവളുടെ ആഗ്രഹ സാഫല്യത്തിന് വിഘാതമായി. തന്റെ മാതാപിതാക്കളുടെ മരണം വരെ അവൾ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരീ-സഹോദരൻമാർക്കൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്തു. ഒരു ദിവസം ഒരു പുരോഹിതൻ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സ്‌കൂളിൽ പഠിപ്പിക്കാമോ എന്ന് അവളോടു ചോദിച്ചു. അത് സ്വീകരിച്ച വിശുദ്ധ അവിടെ 6 വർഷത്തോളം പഠിപ്പിച്ചു. പിന്നീട് അവളുടെ മെത്രാന്റെ നിർദ്ദേശപ്രകാരം, സ്‌കൂളുകളിലേയും, ആശുപത്രികളിലേയും പാവപ്പെട്ട കുട്ടികളെ പരിചരിക്കുവാനായി ‘മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട്’ സന്യാസിനീ സഭ സ്ഥാപിച്ചു. ലിയോ പതിമൂന്നാമന്റെ അപേക്ഷപ്രകാരം വിശുദ്ധയും 6 കന്യാസ്ത്രീകളും ഇറ്റലിയിൽ നിന്നുമുള്ള കുടിയേറ്റകാർക്കിടയിൽ പ്രവർത്തിക്കുവാനായി അമേരിക്കയിലെത്തി.
ദൈവത്തിലുള്ള അഗാധമായ വിശ്വാസവും, അപാരമായ കാര്യശേഷിയുമുള്ള ഈ വിശുദ്ധ വനിത ആ അപരിചിത നാട്ടിൽ ധാരാളം സ്‌കൂളുകളും, ആശുപത്രികളും, അനാഥാലയങ്ങളും സ്ഥാപിച്ചു. 1917 ഡിസംബർ 22ന് ഇല്ലിനോയിസിലെ ഷിക്കാഗോയിൽ വച്ച് വിശുദ്ധ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1946-ൽ പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പാ ഫ്രാൻസെസ് സേവ്യർ കബ്രീനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കുടിയേറ്റക്കാരുടെ മധ്യസ്ഥയായി വിശുദ്ധ ആദരിക്കപ്പെടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *