Follow Us On

24

April

2024

Wednesday

ഫെബ്രുവരി 23: സ്മിർണായിലെ വിശുദ്ധ പോളികാർപ്പ്

ഫെബ്രുവരി 23: സ്മിർണായിലെ വിശുദ്ധ പോളികാർപ്പ്

എ.ഡി 80-ലാണ് അപ്പസ്‌തോലനായ വിശുദ്ധ യോഹന്നാൻ, വിശുദ്ധ പോളികാർപ്പിനെ ക്രിസ്തുവിലേക്ക് ആനയിച്ചത്. ജെറുസലേമിന് സമീപമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അപ്പസ്‌തോലിക കാലഘട്ടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചില ചരിത്ര വിവരണങ്ങളിൽ നിന്നും വിശുദ്ധ പോളികാർപ്പ് സ്മിർണായിലെ മെത്രാനായിരുന്നുവെന്നും, ഏറ്റവും പ്രസിദ്ധിയാർജിച്ച ആദ്യകാല ക്രിസ്തീയ രക്തസാക്ഷികളിൽ ഒരാളായിരുന്നുവെന്നും മനസ്സിലാക്കാവുന്നതാണ്. വിശുദ്ധന്റെ ജീവിതത്തേയും, മരണത്തേയും കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെകുറിച്ചുള്ള ആദ്യകാല ആധികാരിക വിവരണങ്ങളാലും സമകാലീന രചനകളാലും സാക്ഷ്യപ്പെടുത്തുന്നു.

അപ്പസ്‌തോലനായ യോഹന്നാനിൽ നിന്നും താൻ പഠിച്ച കാര്യങ്ങൾ വിശുദ്ധൻ തന്നേയും പഠിപ്പിച്ചിട്ടുണ്ടെന്ന് വിശുദ്ധന്റെ സ്വന്തം ശിഷ്യനായിരുന്ന ല്യോൺസിലെ ഇറേന്യൂസ് പറഞ്ഞിട്ടുണ്ട്. ചെറുപ്പകാലം മുതലേ വിശുദ്ധനെ അറിയാമായിരുന്ന ഇറേന്യൂസ് തന്റെ ഗുരുവിന്റെ താഴ്മയേയും, വിശുദ്ധിയേയും വളരെയേറെ പ്രശംസിച്ചിട്ടുണ്ട്.

വളരെ ചെറുപ്പത്തിൽ തന്നെ പോളികാർപ്പ് സ്മിർണായിലെ മെത്രാനായി വാഴിക്കപ്പെട്ടു. വിശുദ്ധ യോഹന്നാനാണ് ഇദ്ദേഹത്തെ ആ നഗരത്തിലെ മെത്രാനാക്കി വാഴിച്ചത്. അവിടെ ഏഷ്യാ മൈനറിന്റേ പ്രധാനാചാര്യനും തലവനുമായി പ്രവർത്തിച്ചിരിന്നുവെന്ന് പറയപ്പെടുന്നു. ഏതാണ്ട് 70 വർഷത്തോളം അദ്ദേഹം തന്റെ പരിശുദ്ധ സഭയെ നയിച്ചു. അദ്ദേഹമൊരു ഉറച്ച വിശ്വാസിയായിരുന്നു. അക്കാലത്ത് ഉയർന്നു വന്നിരിന്ന പാഷണ്ഡതകളായ മാർസിയോണിസം, വലെന്റീനിയാനിസം തുടങ്ങിയവയുടെ ശക്തനായ ഒരു എതിരാളിയായിരുന്നു വിശുദ്ധൻ.

വിശുദ്ധൻ തൻറെ അവസാന കാലഘട്ടത്തിൽ അദ്ദേഹം റോമിൽ പോയി വിശുദ്ധ അനിസേറ്റൂസ് പാപ്പായെ സന്ദർശിച്ചു. ഉയിർപ്പ് തിരുനാളിന്റെ തിയതിയെ കുറിച്ച് ഇവർ തമ്മിൽ ഒരു യോജിപ്പില്ലാതിരുന്നതിനെ തുടർന്ന് രണ്ടുപേരും അവർ പറയുന്ന തിയതികളിൽ ഉയിർപ്പ് തിരുനാൾ കൊണ്ടാടുവാൻ തീരുമാനിച്ചു. വിശുദ്ധനോടുള്ള തന്റെ ബഹുമാനവും ആദരവും പ്രകടമാക്കുവാൻ വേണ്ടിയും, തങ്ങളുടെ കാരുണ്യ പ്രവർത്തനങ്ങളിൽ ഒരു ഇളക്കംതട്ടാതിരിക്കുന്നതിനും വേണ്ടി അനിസേറ്റൂസ് പാപ്പാ വിശുദ്ധനെ പാപ്പയുടെ സ്വന്തം ചാപ്പലിൽ തിരുകർമ്മങ്ങൾക്കായി ക്ഷണിക്കുമായിരുന്നു.

പോളികാർപ്പിന്റെ ശിഷ്യനായ വിശുദ്ധ ഇറേന്യൂസ്, വിശുദ്ധനെ കുറിച്ച് അനുസ്മരിക്കുന്ന വാക്യത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് ‘ഞാനൊരു യുവാവായിരുന്നപ്പോൾ ഏഷ്യാമൈനറിൽ വെച്ച് പോളികാർപ്പുമായി ചിലവഴിച്ച കാലത്തേ കുറിച്ചുള്ള ഓർമ്മകൾ ഇന്നും എന്റെ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു, അന്ന് ഞങ്ങൾ ഇരിക്കുകയും പഠിക്കുകയും ചെയ്ത സ്ഥലങ്ങൾ ഇന്നും എനിക്കു ചൂണ്ടികാണിക്കുവാൻ സാധിക്കും, വിശുദ്ധന്റെ വരവും പോക്കും, അദ്ദേഹത്തിന്റെ പെരുമാറ്റ രൂപഭാവങ്ങൾ, ജനങ്ങളുമായി അദ്ദേഹം സംവദിക്കുന്ന രീതി എന്നിവയെല്ലാം എനിക്കിപ്പോഴും വിവരിക്കുവാൻ സാധിക്കും.’

റോമൻ രക്തസാക്ഷിസൂചിക പ്രകാരം വിശുദ്ധൻ രക്തസാക്ഷിത്വം വരിച്ച തിയതി ഫെബ്രുവരി 23 ആണെന്ന് പറയപ്പെടുന്നു. തടവിലായിരിന്ന സമയത്ത് മാർക്കസ് അന്റോണിനൂസ്, ലൂസിയസ് ഒരേലിയൂസ് കൊമ്മോഡൂസ് എന്നിവരുടെ കീഴിൽ ഇദ്ദേഹത്തെ പ്രൊകോൺസുൽ ന്യായാസനത്തിനു മുൻപിൽ കൊണ്ടുവരികയും രംഗവേദിയിൽ കൂടിയിരുന്ന ജനങ്ങൾ മുഴുവനും അദ്ദേഹത്തിനെതിരായി അലമുറയിടുകയും ചെയ്തതോടെ അദ്ദേഹത്തെ ചുട്ടെരിച്ചു കൊല്ലുന്നതിനായി ന്യായാധിപൻ വിട്ടുകൊടുത്തു. എന്നാൽ അഗ്‌നിക്ക് അദ്ദേഹത്തെ കീഴ്‌പ്പെടുത്താൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹത്തെ വാളിനിരയാക്കി. ഇപ്രകാരം അദ്ദേഹം രക്തസാക്ഷിത്വകിരീടമണിഞ്ഞു. അദ്ദേഹത്തിനൊപ്പം ഫിലാഡെൽഫിയയിൽ നിന്നും വന്ന 12 ക്രിസ്ത്യാനികൾ കൂടി ആ നഗരത്തിൽ വെച്ച് രക്തസാക്ഷിത്വം വരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?