Follow Us On

21

April

2025

Monday

മേയ് 23: കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ

കാര്‍ത്തേജിലെ ഒരു കുലീനയായ കന്യകയായിരുന്നു വിശുദ്ധ ജൂലിയ. 489-ല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രാജാവായിരുന്ന ജെന്‍സെറിക്ക് ആ നഗരം കീഴടക്കിയപ്പോള്‍ വിശുദ്ധയെ പിടികൂടുകയും, യൂസേബിയൂസ് എന്ന് പേരായ വിജാതീയനായ ഒരു കച്ചവടക്കാരന് അവളെ അടിമയായി വില്‍ക്കുകയും ചെയ്തു. അവിടത്തെ ക്ലേശകരമായ ജോലികള്‍ വിശുദ്ധ സന്തോഷത്തോടും, ക്ഷമയോടും കൂടി ചെയ്യുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു.

ജോലി ചെയ്യേണ്ടാത്ത അവസരങ്ങളില്‍ വിശുദ്ധ പ്രാര്‍ത്ഥനക്കും, ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുമായി വിനിയോഗിച്ചു. അവളുടെ സമയനിഷ്ഠയിലും, ആത്മാര്‍ത്ഥതയിലും ആകൃഷ്ടനായ വിശുദ്ധയുടെ ഉടമസ്ഥന്‍ ഒരിക്കല്‍ ഗൌളിലേക്ക് യാത്രപോയപ്പോള്‍ വിശുദ്ധയേയും കൂടെ കൂട്ടി. കോര്‍സിക്കായുടെ വടക്കന്‍ ഭാഗത്തെത്തിയപ്പോള്‍ അദ്ദേഹം തന്റെ കപ്പലിന് നങ്കൂരമിടുകയും, വിഗ്രഹാരാധകരുടെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി തീരത്തേക്ക്‌ പോവുകയും ചെയ്തു.താന്‍ പരസ്യമായി വെറുക്കുന്ന വിഗ്രഹാരാധകരുടെ അന്ധവിശ്വാസപരമായ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ജൂലിയ കുറച്ച്‌ ദൂരെ മാറിനിന്നു.

കടുത്ത വിഗ്രഹാരാധകനും, ആ ദ്വീപിലെ ഗവര്‍ണറുമായിരുന്ന ഫെലിക്സ് തങ്ങളുടെ ദൈവത്തെ പരസ്യമായി അധിഷേപിക്കുന്ന ഈ സ്ത്രീ ആരാണെന്ന് ചോദിച്ചപ്പോള്‍, അവള്‍ ഒരു ക്രിസ്ത്യാനിയാണെന്ന് യൂസേബിയൂസ് വെളിപ്പെടുത്തി. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അവളുടെ മതത്തെ വിശ്വാസത്തെ ഉന്മൂലനം ചെയ്യാൻ തനിക്ക്‌ കഴിഞ്ഞില്ലയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അവള്‍ വളരെ കഠിനമായി ജോലിചെയ്യുന്നവളും, വിശ്വസ്തയുമാണെന്നും അതിനാല്‍ തനിക്ക്‌ അവളെ വിട്ടുപിരിയുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുകേട്ട ഗവര്‍ണര്‍ തന്റെ അടിമകളില്‍ ഏറ്റവും നല്ല നാല് സ്ത്രീകളെ അദ്ദേഹത്തിന് വിശുദ്ധക്ക് പകരമായി വാഗ്ദാനം ചെയ്തു. എന്നാല്‍ “നിങ്ങളുടെ മുഴുവന്‍ സമ്പത്തിനും അവളെ വാങ്ങുവാന്‍ കഴിയുകയില്ല, ഈ ലോകത്ത്‌ എനിക്കുള്ള ഏറ്റവും അമൂല്യമായ വസ്തുപോലും ഞാന്‍ ഇവള്‍ക്കായി ഉപേക്ഷിക്കുവാന്‍ തയ്യാറാണ്” എന്നായിരുന്നു യൂസേബിയൂസിന്റെ മറുപടി. എന്നാല്‍ യൂസേബിയൂസ് മദ്യപിച്ചു ഉറങ്ങുന്ന അവസരത്തില്‍ ഗവര്‍ണര്‍ വിശുദ്ധയോട് തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുകയാണെങ്കില്‍ താന്‍ അവളെ മോചിപ്പിക്കാമെന്ന്‌ വാഗ്ദാനം ചെയ്തു.

എന്നാല്‍ തനിക്ക്‌ തന്റെ യേശുവിനെ സേവിക്കുവാന്‍ കഴിയുന്നിടത്തോളം കാലം താന്‍ സ്വതന്ത്രയാണെന്നായിരുന്നു വിശുദ്ധയുടെ മറുപടി. വിശുദ്ധയുടെ മറുപടി കേട്ടപ്പോള്‍ താന്‍ അപമാനിക്കപ്പെട്ടതായി ഫെലിക്സിന് തോന്നി. പെട്ടെന്നുള്ള ദേഷ്യത്തിന് ഫെലിക്സ് വിശുദ്ധയുടെ മുഖത്ത് ശക്തിയായി അടിക്കുകയും, അവളുടെ തലയില്‍ നിന്നും ഒരു ഭാഗം മുടി വലിച്ചു പറിക്കുകയും ചെയ്തു. അവസാനം വിശുദ്ധയെ മരിക്കുന്നത് വരെ കുരിശില്‍ തൂക്കുവാന്‍ അദ്ദേഹം ഉത്തരവിട്ടു. ഗോര്‍ഗോണ്‍ ദ്വീപിലെ കുറച്ച് സന്യാസിമാര്‍ വിശുദ്ധയുടെ മൃതദേഹം തങ്ങളുടെ കൂടെ കൊണ്ടുപോയി.

പക്ഷേ 768-ല്‍ ലൊംബാര്‍ഡിയിലെ രാജാവായിരുന്ന ഡെസിഡെരിയൂസ് വിശുദ്ധയുടെ ഭൗതീകശരീരം അവിടെ നിന്നും ബ്രെസിയായിലേക്ക്‌ മാറ്റി. അവിടെ വിശുദ്ധയുടെ ഓര്‍മ്മദിനം വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചുവരുന്നു. വിശുദ്ധ ജൂലിയ, സ്വതന്ത്രയോ അടിമയോ ആയികൊള്ളട്ടെ, സമ്പന്നതയിലോ ദാരിദ്ര്യത്തിലോ ആയിരിക്കട്ടെ: തീക്ഷണമായ ഭക്തിയും വിശ്വാസവും മുറുകെ പിടിച്ചവളായിരുന്നു ജൂലിയ. ദൈവീക പരിപാലനത്തിന്റെ എല്ലാ പദ്ധതികളേയും യാതൊരു പരാതിയും കൂടാതെ അവള്‍ ആദരിച്ചു. അവള്‍ക്ക് നേരിടേണ്ടി വന്നിരുന്ന എല്ലാ ദൈവീക നിയോഗങ്ങളേയും നന്മക്കും, വിശുദ്ധിക്കും വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാക്കി കൊണ്ട്‌ ദൈവത്തോടു നന്ദി പറയുവാനും, ദൈവത്തെ സ്തുതിക്കുവാനും അവള്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?