Follow Us On

10

September

2025

Wednesday

ജൂലൈ 01: വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ്

1625 നവംബര്‍ ഒന്നിന്‌ അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയിലുള്ള ഓള്‍ഡ്‌ കാസ്സില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു ആംഗ്ലോ-നോര്‍മന്‍ കുടുംബത്തില്‍ വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ജനിച്ചത്. 1647ല്‍ വിശുദ്ധന്‍ പൗരോഹിത്യ പഠനത്തിനായി റോമിലെ ഐറിഷ് കോളേജില്‍ ചേരുകയും, 1654ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. 1649ല്‍ ഒലിവര്‍ ക്രോംവെല്‍ അയര്‍ലന്‍ഡ് ആക്രമിച്ചതോടെ അയര്‍ലന്‍ഡില്‍ കത്തോലിക്കര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും, കൂട്ടക്കൊലകള്‍ക്കും ആരംഭമായി. 1650-ല്‍ ക്രോംവെല്‍ ആയര്‍ലന്‍ഡ്‌ വിട്ടെങ്കിലും അദ്ദേഹത്തിന്റെ ആക്രമണം കത്തോലിക്കര്‍ക്കെതിരായി നിരവധി നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതിനിടയാക്കി.

1650-കളില്‍ കത്തോലിക്കര്‍ ഡബ്ലിനില്‍ നിന്നും പുറത്താക്കപ്പെടുകയും, കത്തോലിക്കരായ ഭൂവുടമകളുടെ ഭൂമികള്‍ പിടിച്ചടക്കപ്പെടുകയും ചെയ്തു. മതമര്‍ദ്ധകര്‍ കത്തോലിക്കാ പുരോഹിതരെ നിയമവിരുദ്ധരാക്കുകയും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നവരെ തൂക്കികൊല്ലുകയോ, വെസ്റ്റ്‌ ഇന്‍ഡീസിലേക്ക് നാടുകടത്തുകയോ ചെയ്തു. മതപീഡനത്തില്‍ പ്പെടാതിരിക്കുവാന്‍ പ്ലങ്കെറ്റ് റോമില്‍ തന്നെ തുടരുവാന്‍ തീരുമാനിച്ചു, 1657-ല്‍ വിശുദ്ധന്‍ ദൈവശാസ്ത്രത്തില്‍ പ്രൊഫസ്സര്‍ ആവുകയും ചെയ്തു.

അയര്‍ലന്‍ഡില്‍ കത്തോലിക്കാ വിശ്വാസത്തിനെതിരായുള്ള പീഡനങ്ങള്‍ കുറഞ്ഞപ്പോള്‍ വിശുദ്ധന്‍ തിരിച്ച് അയര്‍ലന്‍ഡിലെത്തി, പിന്നീട് 1657-ല്‍ അര്‍മാഗിലെ മെത്രാനായി അഭിഷിക്തനായി. തുടര്‍ന്ന് തരിശാക്കപ്പെട്ട സഭയെ പുനസ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധന്‍ ഏര്‍പ്പെടുകയും, ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ അജ്ഞരായ യുവാക്കളേയും, പുരോഹിതരേയും പഠിപ്പിക്കുന്നതിനായി നിരവധി സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു. പുരോഹിത വൃന്ദത്തില്‍ നിലനിന്നിരുന്ന മദ്യപാനത്തെ വിശുദ്ധന്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ‘ഒരു ഐറിഷ് പുരോഹിതന്‍ ഈ വിപത്തിനെ ഒഴിവാക്കിയാല്‍, അവന്‍ വിശുദ്ധനായി തീരും’ എന്നാണ് ഇതിനെകുറിച്ച് വിശുദ്ധന്‍ എഴുതിയിരിക്കുന്നത്.

1670-ല്‍ ഡബ്ലിനില്‍ വിശുദ്ധന്‍ ഒരു സഭാ-സമ്മേളനം വിളിച്ചു കൂട്ടുകയും, പിന്നീട് തന്റെ അതിരൂപതയില്‍ നിരവധി സുനഹദോസുകള്‍ വിളിച്ചുകൂട്ടുകയും ചെയ്തു. എന്നിരുന്നാലും വിശുദ്ധനും, ഡബ്ലിനിലെ മെത്രാപ്പോലീത്തയായിരുന്ന പീറ്റര്‍ ടാല്‍ബോള്‍ട്ടുമായി അയര്‍ലന്‍ഡിലെ ഉന്നത സഭാപദവിയെ സംബന്ധിച്ചൊരു തര്‍ക്കം നീണ്ടകാലമായി നിലവിലുണ്ടായിരുന്നു. കൂടാതെ ഒരു ഭൂമിയിടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ വിശുദ്ധന്‍ ഡൊമിനിക്കന്‍ സന്യാസിമാരെ പിന്തുണച്ചു കൊണ്ട് ഫ്രാന്‍സിസ്കന്‍ സന്യാസിമാരുടെ ശത്രുതക്ക് പാത്രമാവുകയും ചെയ്തു. 1673-ല്‍ കത്തോലിക്കര്‍ക്കെതിരായ മതപീഡനം വീണ്ടും ആരംഭിച്ചപ്പോള്‍ വിശുദ്ധന്‍ ഒളിവില്‍ പോയി, നാടുകടത്തപ്പെടുവാനായി ഒരു തുറമുഖത്ത് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ നിരാകരിച്ചുകൊണ്ടാണ് വിശുദ്ധന്‍ ഒളിവില്‍ പോയത്.

1678-ല്‍ ടൈറ്റസ് ഓട്ടെസിനാല്‍ ഇംഗ്ലണ്ടില്‍ കെട്ടിച്ചമക്കപ്പെട്ട ‘പോപിഷ് പ്ലോട്ട്’ എന്നറിയപ്പെട്ട കത്തോലിക്കര്‍ക്കെതിരായ ഗൂഡാലോചന കത്തോലിക്കര്‍ക്കെതിരായ നീക്കങ്ങളെ ഒന്നുകൂടി ഉത്തേജിപ്പിച്ചു. അതേതുടര്‍ന്ന്‍ മെത്രാപ്പോലീത്ത അറസ്റ്റിലാവുകയും, ഒലിവര്‍ പ്ലങ്കെറ്റ് വീണ്ടും ഒളിവില്‍ പോവുകയും ചെയ്തു. വിശുദ്ധന്‍ ഫ്രഞ്ച്കാര്‍ക്ക് ആക്രമിക്കുവാന്‍ വേണ്ട പദ്ധതിയൊരുക്കിയെന്നാണ് ലണ്ടനിലെ പ്രിവി കൗണ്‍സില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്നത്.

1679 ഡിസംബറില്‍ പ്ലങ്കെറ്റിനെ ഡബ്ലിന്‍ കൊട്ടാരത്തില്‍ തടവിലാക്കി, അവിടെ വെച്ച് വിശുദ്ധന്‍ മരണാസന്നനായ ടാല്‍ബോള്‍ട്ടിന് വേണ്ട അന്ത്യകൂദാശ നല്‍കുകയുണ്ടായി. തുടര്‍ന്ന് വിശുദ്ധനെ ലണ്ടനിലേക്ക് കൊണ്ട് വരികയും, 1681 ജൂണില്‍ വിശുദ്ധനെ കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തു. വിശുദ്ധനോട് വിദ്വോഷമുണ്ടായിരുന്ന സന്യാസിമാരാണ് വിശുദ്ധനെതിരെയുള്ള രാജ്യദ്രോഹ കുറ്റത്തിന് വേണ്ട കള്ളസാക്ഷ്യം നല്‍കിയത്.

1681 ജൂലൈ 1ന് ടൈബേണില്‍ വെച്ച് വിശുദ്ധനെ തൂക്കിലേറ്റി കൊലപ്പെടുത്തിയതോടെ വിശുദ്ധ പ്ലങ്കെറ്റ് ഇംഗ്ലണ്ടിലെ അവസാനത്തെ കത്തോലിക്കാ രക്തസാക്ഷി എന്ന പദവിക്കര്‍ഹനായി. 1920-ല്‍ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനാക്കുകയും, 1975-ല്‍ ഒലിവര്‍ പ്ലങ്കെറ്റിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?