Follow Us On

28

December

2024

Saturday

ഓഗസ്റ്റ് ഒന്ന്‌: വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി

1696-ല്‍ ഇറ്റലിയിലെ കുലീനമായ ഒരു പ്രഭുകുടുംബത്തിലായിരിന്നു വിശുദ്ധ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരിയുടെ ജനനം. രാജകീയ നാവിക സേനയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു വിശുദ്ധന്റെ പിതാവ്. പഠനത്തിൽ സമര്‍ത്ഥനായിരുന്ന അൽഫോൻസ് തന്റെ പതിനാറാമത്തെ വയസ്സില്‍ സഭാനിയമത്തിലും പൊതു നിയമത്തിലും ബിരുദധാരിയായതിനു ശേഷം പത്ത് വര്‍ഷത്തോളം കോടതിയിൽ പരിശീലനം ചെയ്തു. ഒരിക്കല്‍ താന്‍ വാദിക്കുന്ന ഒരു കേസില്‍ നീതിയുടെ ഒരംശം പോലുമില്ലെന്നും വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും അറിയുവാനിടയായ വിശുദ്ധന്‍ പുതിയ വഴി തിരഞ്ഞെടുക്കുകയായിരിന്നു. അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു തന്റെ ജീവിതം മുഴുവനും ദൈവസേവനത്തിനായി സമര്‍പ്പിച്ചു. തുടര്‍ന്നു 1726-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച അല്‍ഫോന്‍സസ്, പ്രേഷിത പ്രവര്‍ത്തനം നടത്തുന്ന ഒരു കൂട്ടം പുരോഹിതന്‍മാര്‍ക്കൊപ്പം ചേര്‍ന്നു. വിവിധങ്ങളായ അജപാലന പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധന്‍ മുഴുകി. നിരവധി പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവക്ക് വേണ്ടി ആളുകളെ കണ്ടെത്തുകയും ചെയ്ത വിശുദ്ധന്, ‘അനുതാപത്തിന്റെ സഹോദരി’മാരുടെ സന്യാസിനീ സഭാ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട പങ്കാണുള്ളത്.

1732-ല്‍ അല്‍ഫോന്‍സസ് ‘രക്ഷകന്റെ സഭ’ (Redemptorists) എന്ന സന്യാസീ സഭ സ്ഥാപിച്ചു. ആത്മീയവും, മതപരവുമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കപ്പെടാത്ത ഇറ്റലിയിലെ നാട്ടിന്‍ പുറങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സഭയുടെ സ്ഥാപനം. ഇതിനിടെ അദ്ദേഹത്തിന്റെ ആദ്യത്തെ സഹചാരി വിശുദ്ധനെ ഉപേക്ഷിച്ചു പോയി; എന്നാല്‍ അല്‍ഫോന്‍സസ് ഉറച്ചു തന്നെ നിന്നു, അധികം താമസിയാതെ തന്നെ നിരവധി ആളുകള്‍ അദ്ദേഹത്തോടൊപ്പം ചേരുകയും വിശുദ്ധന്റെ സഭ വികസിക്കുകയും ചെയ്തു.1749-ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പായാണ് ‘രക്ഷകന്റെ സഭക്ക്’ അംഗീകാരം നല്‍കുന്നത്. അല്‍ഫോന്‍സസ് ലിഗോരിയായിരുന്നു സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജെനറല്‍. 1762-ല്‍ അല്‍ഫോന്‍സസ് നേപ്പിള്‍സിന് സമീപമുള്ള ‘സാന്റ് അഗത ഡി ഗോടിലെ’ലെ മെത്രാനായി അഭിഷിക്തനായി. ഒരു മെത്രാനെന്ന നിലയില്‍ വിശുദ്ധന്‍ തന്റെ രൂപതയിലെ അനാചാരങ്ങളെ തിരുത്തുകയും, ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും, സെമിനാരികളെ നവീകരിക്കുകയും, തന്റെ രൂപതയില്‍ മുഴുവനും സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു.

1763-64ലെ ക്ഷാമകാലത്ത് വിശുദ്ധന്‍ കാണിച്ച കാരുണ്യവും, ഉദാരമനസ്കതയും അതിരുകളില്ലാത്തതാണ്. ആത്മീയ രചനകള്‍ക്കായി ഒരു വന്‍ പ്രചാരണം തന്നെയാണ് വിശുദ്ധന്‍ നടത്തിയത്. 1768-ല്‍ വിശുദ്ധന് വളരെ വേദനാജനകമായ രോഗം പിടിപ്പെടുകയും, അദ്ദേഹം തന്റെ മെത്രാന്‍ പദവി ഒഴിയുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ സഭയിലെ ഭിന്നതകള്‍ കാരണം വിശുദ്ധന്‍ അതീവ ദുഃഖിതനായിരുന്നു. 1787 ഓഗസ്റ്റ്‌ 1-ന് സലേണോക്ക് സമീപമുള്ള പഗനിയില്‍ വെച്ച് ഇഗ്നേഷ്യസ് മരണമടയുമ്പോള്‍ അദ്ദേഹം സ്ഥാപിച്ച സഭ ഒരു വിഭജിക്കപ്പെട്ട സഭയായിരുന്നു. പാവങ്ങളുടെ സുവിശേഷകനായിരുന്നു അല്‍ഫോന്‍സസ് ലിഗോരിയെ 1816-ലാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1839-ല്‍ അല്‍ഫോന്‍സസ് ലിഗോരിയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ധാര്‍മ്മിക ദൈവശാസ്ത്രത്തിനു വേണ്ടിയുള്ള വിശുദ്ധന്റെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ കാരണം 1871-ല്‍ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കുകയുണ്ടായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?