Follow Us On

28

December

2024

Saturday

ഓഗസ്റ്റ് നാല്‌: വിശുദ്ധ ജോണ്‍ മരിയ വിയാന്നി

1786-ല്‍ ഫ്രാൻസിലെ ഡാര്‍ഡില്ലിയിലാണ് വിശുദ്ധ ജോൺ വിയാന്നി ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് മതപരമായ വിദ്യാലയങ്ങളും, ദേവാലയങ്ങളും അടക്കപ്പെട്ടിരുന്ന ഒരു കാലമായിരിന്നു അത്. കൂടാതെ അക്കാലത്ത് പുരോഹിതന്‍മാര്‍ക്ക് അഭയം നല്‍കുന്നവരെ തടവിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്രാന്‍സിലെ ഡാര്‍ഡില്ലിയിലെ വിയാന്നികളുടെ തോട്ടത്തില്‍ അവര്‍ പുരോഹിതര്‍ക്ക് അഭയം നല്‍കിയിരുന്നു. വിശുദ്ധനെ പ്രഥമ ദിവ്യകാരുണ്യത്തിനായി തയ്യാറാക്കിയത് അതില്‍ ഉള്‍പ്പെട്ട ഒരു പുരോഹിതനായിരുന്നു. ഒരിക്കല്‍ തന്റെ പിതാവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ ജോണ്‍ കളിമണ്ണുകൊണ്ട് മാതാവിന്റെ ഒരു പ്രതിമയുണ്ടാക്കി. അത് ഒരു പഴക്കമുള്ള വൃക്ഷത്തിന്റെ പൊത്തില്‍ ഒളിച്ചു വെച്ചുകൊണ്ടവന്‍ ഇപ്രകാരം അപേക്ഷിച്ചു: “പ്രിയപ്പെട്ട മറിയമേ, ഞാന്‍ നിന്നെ ഒത്തിരി സ്നേഹിക്കുന്നു; അങ്ങ് യേശുവിനെ അവന്റെ ആലയത്തിലേക്ക് പെട്ടെന്ന്‍ തന്നെ കൊണ്ട് വരണമേ!”

എക്കുല്ലിയിലുള്ള തന്റെ അമ്മായിയെ സന്ദര്‍ശിച്ച വേളയില്‍, തന്റെ അമ്മായി അവിടുത്തെ ഇടവക വികാരിയെ പ്രശംസിക്കുന്നത് ജോണ്‍ കേട്ടു. ഒരു പുരോഹിതനാവാനുള്ള തന്റെ ദൈവനിയോഗത്തെപ്പറ്റി ആ പുരോഹിതന്റെ ഉപദേശമാരായണമെന്ന്‍ ജോണ്‍ നിശ്ചയിച്ചു. സംസാരത്തിലും, വിദ്യാഭ്യാസത്തിലും കുറവുകളുമുണ്ടായിരുന്ന ആ യുവാവിനെ ആ പുരോഹിതന്‍ ശരിയായി തന്നെ വിലയിരുത്തി. പക്ഷേ ആ പുരോഹിതന്‍ ചോദിച്ച ശാസ്ത്രപരമായ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കുവാന്‍ ജോണിന് കഴിഞ്ഞില്ല.

എന്നാല്‍ വേദോപദേശപരമായ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ജോണിന്റെ മുഖം ദീപ്തമായി. മതപരമായ എല്ലാ ചോദ്യങ്ങള്‍ക്കും തന്റെ പ്രായത്തിലും കവിഞ്ഞ രീതിയില്‍ അവന്‍ ശരിയായ ഉത്തരങ്ങള്‍ നല്‍കി. സന്തോഷവാനായ ആ പുരോഹിതന്‍ ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ഒരു അടയാളമായി കണക്കിലെടുത്തു. “നീ ഒരു പുരോഹിതനായി തീരും!” എന്ന് പ്രവചിക്കുകയും ചെയ്തു. കഴിവുകളുടേയും, വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ അപര്യാപ്തതകള്‍ ഉണ്ടായിരുന്നുവെങ്കിലും 1815-ല്‍ ജോണിന് പൗരോഹിത്യ പട്ടം ലഭിച്ചു. മൂന്ന്‍ വര്‍ഷത്തോളം എക്കുല്ലിയില്‍ ചിലവഴിച്ചതിന് ശേഷം വിശുദ്ധന്‍ ആര്‍സിലെ ഇടവക വികാരിയായി നിയമിതനായി.

തന്റെ ജീവിതത്തിലെ നാല്‍പ്പത്തി രണ്ട് വര്‍ഷങ്ങളോളം പ്രാര്‍ത്ഥനയും, സഹനങ്ങളും, പ്രേഷിതപ്രവര്‍ത്തനങ്ങളുമായി വിശുദ്ധന്‍ ഇവിടെയാണ് ചിലവഴിച്ചത്. നിരവധി ആത്മാക്കളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ വിജയം കൈവരിച്ചതിനാല്‍ ക്രിസ്തീയ ലോകത്തില്‍ പൂര്‍ണ്ണമായും വിശുദ്ധന്‍ പ്രസിദ്ധിയാര്‍ജിച്ചിരിന്നു. ഒരു നല്ല അജപാലകനായിരുന്ന ജോണ്‍ വിയാന്നിയുടെ മതപ്രബോധനങ്ങള്‍ കേള്‍ക്കുവാന്‍ നിരവധിപേര്‍ തടിച്ചുകൂടുമായിരുന്നു. തികഞ്ഞ തപോനിഷ്ഠയോടു കൂടിയ ജീവിതമാണ് വിശുദ്ധ ജോണ്‍ വിയാന്നി നയിച്ചത്. ജീവിതത്തിലെ എല്ലാ തുറയില്‍ നിന്നുമുള്ള ആളുകള്‍ വിശുദ്ധന്റെ ഉപദേശത്തിനായി അദ്ദേഹത്തെ സമീപിച്ചു.

തന്റെ സമൂഹത്തിലും ചുറ്റുപാടിലും ഉളവാക്കിയ ആത്മീയ രൂപാന്തരീകരണം അദ്ദേഹത്തിന്റെ പുരോഹിതവൃത്തിയെ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കി. പാപികള്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ വിശ്രമമില്ലാതെ സേവനം ചെയ്തുകൊണ്ട് ആര്‍സില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പയാണ് ജോണ്‍ വിയാന്നിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. പിയൂസ് പതിനൊന്നാമന്‍ പാപ്പായാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. പുരോഹിതരുടെ മദ്ധ്യസ്ഥനായി അദ്ദേഹത്തെ സഭ വണങ്ങുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?