Follow Us On

08

March

2025

Saturday

ഓഗസ്റ്റ് 08: വിശുദ്ധ ഡൊമിനിക്ക്

1175ല്‍ സ്പെയിനിലെ കാസ്റ്റിലേയിലെ പ്രസിദ്ധമായ ഗുസ്മാന്‍ കുടുംബത്തിലാണ് ഡൊമിനിക്ക് ജനിച്ചത്. ഒസ്മായിലെ ഒരു കാനോന്‍ റെഗുലര്‍ ആയിരുന്ന ഡൊമിനിക്ക് പിന്നീട് ഡൊമിനിക്കൻ സന്ന്യാസഭ സ്ഥാപിക്കുകയുണ്ടായി. 1216-ലാണ് ലോക പ്രശസ്തമായ ഈ സഭക്ക് അംഗീകാരം ലഭിക്കുന്നത്. ഫ്രാന്‍സിസ്കന്‍ സഭക്കൊപ്പം മധ്യകാലഘട്ടങ്ങളിലെ അതിശക്തമായ ഒരു സഭയായി വളര്‍ന്ന ഈ സഭ വിശുദ്ധ വിന്‍സെന്റ് ഫെറെര്‍ അടക്കമുള്ള നിരവധി മഹാരഥന്‍മാരായ സുവിശേഷകരെ തിരുസഭക്ക് സംഭാവന ചെയ്തിട്ടുണ്ട്.

സന്യാസപരമായ ദാരിദ്ര്യത്തിലൂടെയും, ദൈവവചനത്തിന്റെ പ്രബോധനം വഴിയും ഈ സുവിശേഷകര്‍ നിരവധി ആളുകളെ ക്രിസ്തുവുമായി അടുപ്പിച്ചു. സമകാലികരായ വിശുദ്ധ ഡൊമിനിക്കും, വിശുദ്ധ ഫ്രാന്‍സിസും തങ്ങളുടെ ആത്മീയമായ വ്യക്തിത്വങ്ങളാലും, തങ്ങളുടെ ആത്മീയ സ്ഥാപനങ്ങള്‍ വഴിയും മതപരമായ ഒരു ഒരു നവചൈതന്യം കൈവരുത്തി. വിശുദ്ധ ഡൊമിനിക്കിന്റെ എളിമയും, ചിന്തയുടെ വ്യക്തതയും, കത്തിജ്വലിക്കുന്ന ആവേശവും ഡൊമിനിക്കന്‍ സഭയുടെ പൈതൃകമായി തീര്‍ന്നു. 1214 ൽ പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്ക് വഴിയാണ് ജപമാല നമുക്ക് നൽകിയത്.

വിശുദ്ധനെ പറ്റി ഐതീഹ്യപരമായിട്ടുള്ള കഥ നിലവിലുണ്ട്: “ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡൊമിനിക്കിന്റെ മാതാവ് ഒരു സ്വപ്നം കണ്ടു: തന്റെ പല്ലുകള്‍ക്കിടയില്‍ കത്തികൊണ്ടിരിക്കുന്ന ഒരു പന്തം കടിച്ചുപിടിച്ചിരിക്കുന്ന ഒരു നായ്ക്കുട്ടിയേയാണ് താന്‍ ഉദരത്തില്‍ വഹിക്കുന്നതെന്നും, അതിനു ജന്മം നല്‍കിയപ്പോള്‍ അത് ഈ ലോകം മുഴുവനും അഗ്നിക്കിരയാക്കി എന്നുമായിരുന്നു അവള്‍ കണ്ട സ്വപ്നത്തിന്റെ സാരം”. തന്റെ പ്രഘോഷണങ്ങള്‍ വഴിയും, തന്റെ വിശുദ്ധമായ മാതൃക വഴിയും നിരവധി രാഷ്ട്രങ്ങളെ ക്രിസ്തീയ നന്മയുടെ പ്രകാശത്തില്‍ ജ്വലിപ്പിക്കുവാനിരിക്കുന്ന ഡൊമിനിക്കിനെയാണ് ഈ സ്വപ്നം മുന്‍കൂട്ടി വെളിപ്പെടുത്തിയത്.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി ഫ്രാന്‍സിലെ കത്തോലിക്കാ സഭയെ പിടിച്ചുലച്ച സാമൂഹ്യ തിന്മയും, ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിന്ന അല്‍ബിജന്‍സിയന്‍ മതവിരുദ്ധ വാദത്തെ ശക്തമായി പ്രതിരോധിക്കുകയും, പാശ്ചാത്യ ക്രിസ്തീയതയുടെ പുനരുദ്ധാരണത്തിനു നേതൃത്വം കൊടുക്കുകയും ചെയ്ത സ്പാനിഷ് വൈദികനും താപസനുമായിരുന്നു വിശുദ്ധ ഡൊമിനിക്ക് ഗുസ്മാന്‍. ഏതാണ്ട് 1215-ല്‍ വിശുദ്ധ ഡൊമിനിക്കാണ് ‘ദി ഓര്‍ഡര്‍ ഓഫ് ഫ്രിയാര്‍സ് പ്രീച്ചേഴ്സ്’ എന്ന സന്യാസീ സഭ സ്ഥാപിച്ചത്. സിസ്റ്റെഴ്സ്യന്‍ സന്യാസിമാരില്‍ നിന്നും വിഭിന്നമായി ശാരീരികമായ പ്രയത്നങ്ങള്‍ക്ക് പകരം വചന പ്രഘോഷണവും, അദ്ധ്യാപനവുമായി കഴിയുവാനാണ് തന്റെ സന്യാസിമാരെ വിശുദ്ധന്‍ ഉപദേശിച്ചത്.

രക്തസാക്ഷി പട്ടികയിലെ വിവരണമനുസരിച്ച്, ബൊളോണയിലെ ദിവ്യനായ കുമ്പസാരകനും, ഒരു പണ്ഡിതനും പ്രീച്ചേഴ്സ് സഭയുടെ സ്ഥാപകനുമായിരുന്നു ഡൊമിനിക്ക്. തന്റെ വിശുദ്ധി ഒട്ടും തന്നെ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും മരിച്ചു പോയ മൂന്ന്‍ പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുവാനുമുള്ള ദൈവാനുഗ്രഹം ലഭിച്ചവനെന്നും വിശുദ്ധനെ വിശേഷിപ്പിക്കുന്നു. തന്റെ വാക്കുകള്‍ കൊണ്ട് മതവിരുദ്ധതയെ അതിന്റെ മുളയിലേ തന്നെ നശിപ്പിക്കുവാനും നിരവധിപേരെ ഭക്തിയിലേക്കും, ആത്മീയ ജീവിതത്തിലേക്കും തിരികെ കൊണ്ട് വരാന്‍ വിശുദ്ധന് സാധിക്കുകയും ചെയ്തു.

1221 ഓഗസ്റ്റ് 6-ന് ബൊളോണയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധന്റെ സുഹൃത്ത് കൂടിയായിരുന്ന ഗ്രിഗറി ഒമ്പതാമനാണ് ഡൊമിനിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?