Follow Us On

04

June

2023

Sunday

ഓഗസ്റ്റ് 14: വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ

ഓഗസ്റ്റ് 14: വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ

രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു വൈദികനായിരുന്നു വിശുദ്ധ മാക്സിമില്യൻ കോൾബെ. 1894 ജനുവരി 8-ന് പോളണ്ടിലെ ഒരു കൊച്ചുഗ്രാമത്തിലാണ് റെയ്മണ്ട് കോള്‍ബെ എന്ന മാക്സിമില്യന്‍ മേരി കോള്‍ബെ ജനിച്ചത്‌. 1910-ല്‍, തന്നെ തന്നെ ദൈവത്തിനു അടിയറവെച്ച് കൊണ്ട്, ദൈവസേവനത്തിനായി വിശുദ്ധന്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. പിന്നീട് റോമിലേക്ക് അയക്കപ്പെട്ട വിശുദ്ധന്‍ അവിടെ വെച്ച് 1918-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1919-ല്‍ പോളണ്ടില്‍ തിരിച്ചെത്തിയ ഫാദര്‍ മാക്സിമില്യന്‍ പരിശുദ്ധ കന്യകയോടുള്ള അഗാധമായ സ്നേഹത്താല്‍, കന്യകാമാതാവിനു വേണ്ടി 1917 ഒക്ടോബര്‍ 16-ന് സ്ഥാപിതമായ “അമലോത്ഭവ സൈന്യം” എന്ന സംഘടനയുടെ പ്രചാരത്തില്‍ മുഴുകി.

1927-ല്‍ വാഴ്സോക്ക് സമീപമുള്ള നീപോകാലനോവ് എന്ന സ്ഥലത്ത് ‘അമലോത്ഭവ നഗരം’ എന്ന ആത്മീയ കേന്ദ്രം വിശുദ്ധന്‍ സ്ഥാപിച്ചു. ആരംഭ കാലഘട്ടങ്ങളില്‍ ‘അമലോത്ഭവ നഗര’ത്തില്‍ പതിനെട്ട് സന്യാസികള്‍ ഉണ്ടായിരുന്നിടത്ത് 1939 ആയപ്പോഴേക്കും ഏതാണ്ട് 650-ഓളം സന്യാസികളുമായി വികസിക്കുകയും ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ആത്മീയ ഭവനമായി തീരുകയും ചെയ്തു. തന്റെ ഉത്സാഹപൂര്‍ണ്ണമായ പ്രഘോഷണങ്ങളും, എഴുത്തുകളും വഴി വിശുദ്ധന്‍ യൂറോപ്പിലും ഏഷ്യയിലും നിരവധി പ്രേഷിത ദൗത്യങ്ങള്‍ നിറവേറ്റി.

മരിയന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ ഒരുപാധിയെന്ന നിലയില്‍ അവിടുത്തെ സന്യസ്ഥര്‍ ആധുനിക അച്ചടി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു. അത് മൂലം അവര്‍ക്ക് നിരവധി മതപ്രബോധന കഥകളും, ആത്മീയ ലേഖനങ്ങളും പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു. ഏതാണ്ട് 2,30,000 ത്തോളം വരിക്കാരുള്ള ഒരു ദിനപത്രം, പത്ത് ലക്ഷത്തിലധികം വരിക്കാരുള്ള ഒരു മാസ വാരിക തുടങ്ങിയവ ഇവിടെ നിന്നും പ്രസിദ്ധീകരിച്ചു. ഒരു ചെറിയ റേഡിയോ നിലയവും വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ അവിടെ സ്ഥാപിച്ചിരുന്നു. കൂടാതെ ഒരു ചലച്ചിത്ര സ്റ്റുഡിയോ ആരംഭിക്കുവാനുള്ള പദ്ധതിയും വിശുദ്ധന്‍ തയാറാക്കിയിരിന്നു. ശരിക്കും ആധുനിക ബഹുജന മാധ്യമങ്ങളുടെ ഒരു അപ്പസ്തോലന്‍ തന്നെയായിരുന്നു വിശുദ്ധന്‍. 1930-ല്‍ ജപ്പാനിലെ നാഗസാക്കിയിലും വിശുദ്ധന്‍ ഇത്തരമൊരു അമലോത്ഭവ നഗരം സ്ഥാപിച്ചിരുന്നു.

നൂതനമായ ആശയങ്ങള്‍ ഉണ്ടായിരുന്ന ഒരു ദൈവശാസ്ത്രജ്ഞന്‍ ആയിരുന്നു വിശുദ്ധന്‍. മാതാവിന്റെ അമലോത്ഭവ ഗര്‍ഭധാരണത്തെ ക്കുറിച്ചുള്ള വിശുദ്ധന്റെ ഉള്‍ക്കാഴ്ചകള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മരിയന്‍ ദൈവശാസ്ത്രത്തെ മുന്‍കൂട്ടി കണ്ടിരുന്നു. കൂടാതെ പരിശുദ്ധ മാതാവ്, ത്രിത്വൈക ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളുടേയും മദ്ധ്യസ്ഥയാണെന്നും, ദൈവജനത്തിന്റെ വക്താവാണെന്നുമുള്ള സഭയുടെ ബോധ്യം വിശുദ്ധന്റെ ഉള്‍ക്കാഴ്ചകളില്‍ നിന്നും വികാസം പ്രാപിച്ചിട്ടുള്ളതാണ്.

1941-ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ നാസികള്‍ വിശുദ്ധനെ ഓഷ്വിറ്റ്‌സ് തടങ്കല്‍ പാളയത്തില്‍ തടവിലാക്കി. ഒരു വലിയ കുടുംബത്തിന്റെ നെടുംതൂണും പട്ടിണിക്കിട്ട് കൊല്ലുവാന്‍ വിധിക്കപ്പെട്ടവനുമായ ഒരു കുടുംബനാഥന്റെ ജീവന് പകരമായി തന്റെ സ്വന്തം ജീവന്‍ നല്‍കുവാന്‍ അവിടെവെച്ച് വിശുദ്ധന്‍ സന്നദ്ധനായി. അതേതുടര്‍ന്ന്‍ നാസികള്‍ വിശുദ്ധനെ പട്ടിണിക്കിട്ടെങ്കിലും പട്ടിണിമൂലം വിശുദ്ധന്‍ മരിക്കാത്തതിനെ തുടര്‍ന്ന് 1941 ഓഗസ്റ്റ് 14-ന് മാരകമായ വിഷം കുത്തിവെച്ചാണ് വിശുദ്ധനെ കൊലപ്പെടുത്തിയത്.

1982 ഒക്ടോബർ 10-ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ മാക്സിമില്യന്‍ കോള്‍ബെയെ ‘കാരുണ്യത്തിന്റെ രക്തസാക്ഷി’ എന്ന നിലയില്‍ വിശുദ്ധനായി പ്രഖ്യാപിച്ചു. പത്രപ്രവര്‍ത്തകര്‍, കുടുംബം, തടവറയില്‍ കഴിയുന്നവര്‍, സത്യത്തിനു വേണ്ടി പോരാടുന്നവര്‍, ലഹരിക്ക്‌ അടിമയായവര്‍ തുടങ്ങിയവരുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?