Follow Us On

21

April

2025

Monday

ഓഗസ്റ്റ് 26: വിശുദ്ധ സെഫിരിനൂസ്

റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഖനിയിലെ അടിമജോലിയില്‍ നിന്നും മോചിതനായതിനു ശേഷം സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച കാലിക്സ്റ്റസില്‍ സെഫിരിനൂസ് ആശ്രയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്രമേണ അദ്ദേഹം കാലിക്സ്റ്റസിനെ ആര്‍ച്ച്‌ ഡീക്കണാക്കുകയും, സഭയുടെ അധികാരത്തിലുള്ള അപ്പിയന്‍ മാര്‍ഗ്ഗത്തിലെ സെമിത്തേരിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു. എന്നാല്‍ സെഫിരിനൂസാകട്ടെ അപ്പസ്തോലന്‍മാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പ്രബോധനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സഭയെ സംരക്ഷിക്കുകയും ചെയ്തു. സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തിയോഡോട്ടസ് എന്നയാള്‍ യേശു ദൈവത്തിന്റെ യഥാര്‍ത്ഥ മകനല്ല എന്ന തന്റെ വാദം പ്രചരിപ്പിക്കുകയും, കൂടാതെ സ്വന്തം സഭ സ്ഥാപിക്കുകയും, ശമ്പളത്തില്‍ ഒരു മെത്രാനെ നിയമിക്കുകയും ചെയ്തു. നതാലിയൂസ് എന്നായിരുന്നു ആ മെത്രാന്റെ നാമം. അതിനു മുന്‍പായി സത്യ ദൈവത്തിലുള്ള തന്റെ വിശ്വാസം തുറന്ന് പറഞ്ഞതിന് ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ള ആളായിരുന്നു നതാലിയൂസ്.ഐതീഹ്യമനുസരിച്ച്, തനിക്ക്‌ വേണ്ടി സഹനമനുഭവിച്ച ആരും സഭയില്‍ നിന്നും പുറത്താക്കപ്പെടുന്നത് യേശു ആഗ്രഹിക്കാത്തതിനാല്‍, നതാലിയൂസിനുണ്ടായ ഒരു ദര്‍ശനത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടുകയും തിയോഡോട്ടസിനൊപ്പം ചേര്‍ന്നതില്‍ അദ്ദേഹത്തെ ഗുണദോഷിക്കുകയും ചെയ്തു. സത്യപ്രകാശം കണ്ട നതാലിയൂസ് വിശുദ്ധ സെഫേരിയൂസിനോട് മാപ്പപേക്ഷിച്ചു. ആഴമായ അനുതാപം പ്രകടിപ്പിച്ച നതാലിയൂസിനെ മെത്രാന്‍ സഭയില്‍ തിരിച്ചെടുത്തു.

ഇതിനിടെ പ്രാക്സീസ്‌, നോയിറ്റസ്, സബേല്ലിയൂസ് എന്നിവര്‍ മൊഡാലിസമെന്ന മതവിരുദ്ധ വാദവുമായി രംഗത്ത്‌ വരികയും അക്കാര്യം സെഫിരിനൂസിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ സെഫെരിനൂസ്‌ അപ്പസ്തോലന്‍മാരുടെ പ്രബോധനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആ മതവിരുദ്ധ വാദത്തെ നിശിതമായി വിമര്‍ശിക്കുകയും അതിന്റെ കെടുതിയില്‍ വീഴാതെ കത്തോലിക്കാ സഭയെ പ്രതിരോധിക്കുകയും ചെയ്തു. പിന്നീട് വിശുദ്ധ സെഫെരിനൂസ്‌ രക്തസാക്ഷിത്വം വരിച്ചതായും, അദ്ദേഹത്തിന്റെ ഭൗതീക ശരീരം അപ്പിയന്‍ മാര്‍ഗ്ഗത്തിലുള്ള സെമിത്തേരിയില്‍ അടക്കം ചെയ്തതായും പറയപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?